
നടി അംബികയ്ക്കും സഹോദരൻ അർജുനുമെതിരെ കോടികളുടെ ചെക്ക് തട്ടിപ്പ് പരാതിയുമായി സഹോദരി രാധ. അഞ്ച് ചെക്കുകൾ തട്ടിയെടുത്ത് 46 കോടി രൂപ കവർന്നെന്നാണ് ചെന്നൈ പൊലീസ് കമ്മീഷണർ ഓഫീസിൽ നൽകിയിരിക്കുന്ന പ്രധാന പരാതി. കുടുംബ സ്വത്തുക്കളുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തർക്കവും കേസിന് പിന്നിലുണ്ടെന്നാണ് സൂചന.
തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് മുറിയിൽ സൂക്ഷിച്ചിരുന്ന പഴയ അഞ്ച് ചെക്കുകൾ എടുത്തതെന്നും, ഇവയിലെ വിവരങ്ങൾ സഹോദരൻ അർജുൻ ആണ് പൂരിപ്പിച്ചതെന്നും രാധ വ്യക്തമാക്കുന്നു. അടുത്തിടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് കോടികളുടെ തട്ടിപ്പ് വിവരം പുറത്തറിയുന്നത്. ചെക്കുകൾ പണം മാറാനായി ബാങ്കിൽ സമർപ്പിച്ചതായി സെപ്റ്റംബർ 17ന് ബാങ്കിൽ നിന്നും അറിയിപ്പ് ലഭിച്ചതോടെയാണ് സംഭവം പുറത്തുവരുന്നത്. വിവരം അറിഞ്ഞയുടൻ തന്നെ പണമിടപാടുകൾ തടയാൻ ബാങ്കിന് നിർദ്ദേശം നൽകിയതായും രാധ പറഞ്ഞു.
സഹോദരി എന്ന നിലയിൽ വീട്ടിൽ വന്നുപോകാനുള്ള സ്വാതന്ത്ര്യം അംബികയ്ക്ക് ഉണ്ടായിരുന്നു. കെട്ടിട സമുച്ചയത്തിന്റെ താഴത്തെ നിലയിൽ ഇരുഭാഗങ്ങളിലായിട്ടാണ് ഇരുവരും താമസിച്ചിരുന്നത്. അംബികയ്ക്ക് ഇത്രയും വലിയ തുക നൽകേണ്ട യാതൊരു സാമ്പത്തിക ഇടപാടുകളും താൻ നടത്തിയിട്ടില്ലെന്നും രാധ കൂട്ടിച്ചേർത്തു. സംഭവത്തിൽ ചെന്നൈ പൊലീസ് ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.