“മകള്‍ ജനിച്ചപ്പോള്‍ ആശുപത്രിയില്‍ എത്താനായില്ല, അതിന്നും എന്റെ കുറ്റബോധമാണ് “; അനിൽ കപൂർ

','

' ); } ?>

മകള്‍ ജനിച്ച സമയത്ത് ആശുപത്രിയില്‍ എത്താന്‍ സാധിക്കാത്തതിലും കുടുംബത്തോടൊപ്പം വേണ്ടത്ര സമയം ചെലവഴിക്കാന്‍ കഴിയാത്തതിലും കടുത്ത കുറ്റബോധമുണ്ടെന്ന് തുറന്നുപറഞ്ഞ് ബോളിവുഡ് താരം അനില്‍ കപൂര്‍. താന്‍ അവതാരകനായ ‘ഇന്ത്യാ കെ ടോപ് 1 പെര്‍സന്റ്’ എന്ന ഷോയിലാണ് താരം തന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടബോധത്തെക്കുറിച്ച് മനസ് തുറന്നത്.

രാത്രി മുഴുവന്‍ നീണ്ട ഷൂട്ടിന് ശേഷം ഉറങ്ങിപ്പോയതിനാല്‍ മകള്‍ റിയ കപൂര്‍ ജനിച്ചപ്പോള്‍ തനിക്ക് ആശുപത്രിയില്‍ സമയത്ത് എത്തിച്ചേരാന്‍ കഴിഞ്ഞിരുന്നില്ലെന്നും, ആ തെറ്റിന് താന്‍ ഇന്നും സ്വയം മാപ്പ് നല്‍കിയിട്ടില്ലെന്നും അനില്‍ കപൂര്‍ പറഞ്ഞു. കുടുംബത്തിന് വേണ്ടിയാണ് ജോലി ചെയ്യുന്നതെന്ന് പലരും പറയാറുണ്ടെങ്കിലും, കുടുംബത്തോടൊപ്പം സമയം കണ്ടെത്തേണ്ടത് എത്രത്തോളം പ്രധാനമാണെന്ന് താന്‍ വൈകിയാണ് തിരിച്ചറിഞ്ഞതെന്നും താരം കൂട്ടിച്ചേര്‍ത്തു.

മക്കള്‍ക്ക് ആവശ്യമുള്ളപ്പോഴൊക്കെ കൂടെ നില്‍ക്കാന്‍ സാധിച്ചിരുന്നില്ലെന്നും, ഭാര്യ സുനിതയാണ് ഒരു സിംഗിള്‍ പേരന്റിനെപ്പോലെ കുട്ടികളെ നോക്കിയതെന്നും അദ്ദേഹം നേരത്തെ ലില്ലി സിങിന് നല്‍കിയ അഭിമുഖത്തിലും വ്യക്തമാക്കിയിരുന്നു. മക്കളുടെ ക്ലാസുകളോ പിറന്നാളുകളോ പോലും ഓര്‍ത്തിരിക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും, സുനിതയാണ് തന്നെ പലപ്പോഴും കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും തന്റെ മക്കള്‍ മികച്ച മനുഷ്യരായി വളര്‍ന്നുവന്നതില്‍ സന്തോഷമുണ്ടെന്നും അനില്‍ കപൂര്‍ വ്യക്തമാക്കി.

അനിൽ കപൂറിന്റെ വാക്കുകൾ;

”കുടുംബത്തിന് വേണ്ടിയാണ് ജോലി ചെയ്യുന്നതെന്ന് ഒരുപാട് പേര്‍ പറയാറുണ്ട്. ഞാനും അങ്ങനെയാണ്. പക്ഷെ കുടുംബത്തിന് വേണ്ടി സമയം കണ്ടെത്തേണ്ടത് എത്ര പ്രധാനപ്പെട്ടതാണെന്ന് ഞാന്‍ ഇപ്പോഴാണ് പഠിക്കുന്നത്. എനിക്ക് നിങ്ങളുടെ പ്രായമുള്ളപ്പോഴാണ് റിയ ജനിക്കുന്നത്. ഞാന്‍ ആശുപത്രിയിലെത്താന്‍ വൈകി. അക്കാര്യത്തില്‍ ഇന്നും ഞാന്‍ എനിക്ക് മാപ്പ് നല്‍കിയിട്ടില്ല. ഞാന്‍ എത്തുമ്പോഴേക്കും റിയ ജനിച്ചിരുന്നു. രാത്രി മുഴുവന്‍ ഷൂട്ട് ഉണ്ടായിരുന്നതിനാല്‍ ഞാന്‍ ഉറങ്ങിപ്പോയിരുന്നു. ഞാന്‍ ഉണര്‍ന്നപ്പോഴേക്കും റിയ എത്തിക്കഴിഞ്ഞിരുന്നു. ഒരു പെണ്‍കുട്ടിയുണ്ടാവുകയെന്നത് ബോണസ് ആണ്. എനിക്ക് രണ്ട് പെണ്‍കുട്ടികളുണ്ട്. സോനവും റിയയും. എനിക്കത് ഡബിള്‍ ബോണസ് ആണ്.

” അവര്‍ക്ക് ആവശ്യമുള്ളപ്പോള്‍ ഞാന്‍ കൂടെ ഉണ്ടായിരുന്നില്ല. എന്റെ മക്കള്‍ എന്നെക്കുറിച്ച് നല്ലത് പറയുമ്പോള്‍ അവരെ നന്നായി വളര്‍ത്താന്‍ സാധിച്ചുവെന്നതില്‍ സന്തോഷം തോന്നും. പക്ഷെ അച്ഛന്‍ എന്ന നിലയില്‍ എനിക്ക് ഇനിയും നന്നായി ചെയ്യാന്‍ സാധിക്കുമായിരുന്നു. കൂടുതല്‍ സമയം അവര്‍ക്കൊപ്പം ചെലവിടാമായിരുന്നു. സുനിത ഏതാണ്ട് സിംഗിള്‍ പാരന്റിനെ പോലെയായിരുന്നു. അവര്‍ ഏത് ക്ലാസിലാണെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. അവരുടെ ജന്മദിനങ്ങള്‍ ഓര്‍മയുണ്ടായിരുന്നില്ല. സുനിതയാണ് എന്നെ ഓര്‍മപ്പെടുത്തിയിരുന്നത്. പക്ഷെ അവര്‍ നല്ല മനുഷ്യരായി വളര്‍ന്നു” എന്നാണ് മറ്റൊരിക്കൽ അനില്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *