വാഹനാപകട സമയത്ത് മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ല; റിപ്പോർട്ട്

','

' ); } ?>

തിരുവനന്തപുരം ക്ലബ്ബിന് മുന്നിലുണ്ടായ വാഹനാപകട സമയത്ത് നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് കെമിക്കൽ ലാബ് പരിശോധനാ റിപ്പോർട്ട്. ലാബിൽ നിന്നുള്ള ശാസ്ത്രീയ പരിശോധനാഫലം പുറത്തുവന്നതോടെ താരത്തിനെതിരെ പോലീസ് ചുമത്തിയിരുന്ന മദ്യപിച്ച് വാഹനമോടിക്കൽ എന്ന കുറ്റം ഒഴിവാക്കി. കോടതിയെ സമീപിച്ചതിനെ തുടർന്നാണ് നടപടി. ഇതോടെ നിലവിൽ ‘ഹിറ്റ് ആൻഡ് റൺ’ കേസ് മാത്രമാണ് താരത്തിനെതിരെ നിലനിൽക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മണിയൻപിള്ള രാജു സഞ്ചരിച്ച കാർ ബൈക്കുമായി കൂട്ടിയിടിക്കുകയും അപകടത്തിന് പിന്നാലെ അദ്ദേഹം കാർ നിർത്താതെ പോവുകയുമായിരുന്നു. എന്നാൽ പെട്ടെന്നുണ്ടായ പരിഭ്രമം കാരണമാണ് താൻ വണ്ടി നിർത്താതെ പോയതെന്നും ബൈക്ക് കാറിൽ വന്ന് ഇടിക്കുകയായിരുന്നുവെന്നുമാണ് അദ്ദേഹം അന്ന് പ്രതികരിച്ചത്.

സംഭവത്തിൽ മണിയൻപിള്ള രാജുവിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. മദ്യപിച്ചാണോ വാഹനമോടിച്ചതെന്ന സംശയത്തെത്തുടർന്നാണ് പോലീസ് രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്. പരിശോധനാഫലം ലഭിച്ചതോടെ ഈ ആരോപണത്തിൽ നിന്നും അദ്ദേഹം വിമുക്തനായി.