
തന്റെ അനുമതിയില്ലാതെ പേരും രൂപവും ശബ്ദവും വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. വ്യക്തിത്വ അവകാശങ്ങൾ (Personality Rights) സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് താരം ഹർജി നൽകിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് തന്റെ സവിശേഷതകൾ ദുരുപയോഗം ചെയ്യുന്നത് തടയണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
തന്റെ സമ്മതമില്ലാതെ പേരോ, ചിത്രങ്ങളോ, ശബ്ദമോ, സിഗ്നേച്ചർ സ്റ്റൈലുകളോ പരസ്യങ്ങൾക്കോ മറ്റ് ബിസിനസ്സ് ആവശ്യങ്ങൾക്കോ ഉപയോഗിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് താരം കോടതിയിൽ ചൂണ്ടിക്കാട്ടി. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപവും ശബ്ദവും അനുകരിക്കുന്നത് കരിയറിനെയും പ്രശസ്തിയെയും ദോഷകരമായി ബാധിക്കുമെന്നും ഇത്തരം ‘ഡീപ്പ് ഫേക്ക്’ പ്രവണതകൾക്ക് കടുത്ത നിയന്ത്രണം വേണമെന്നും ഹർജിയിൽ പറയുന്നു. താരത്തിന്റെ ജനപ്രീതി മുതലെടുത്ത് പല ബ്രാൻഡുകളും അനധികൃതമായി പ്രചാരണം നടത്തുന്നത് ബ്രാൻഡ് മൂല്യത്തെ ഇല്ലാതാക്കുന്നുവെന്ന് അദ്ദേഹത്തിന്റെ നിയമസംഘം കോടതിയെ അറിയിച്ചു.
വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കാൻ കോടതിയെ സമീപിക്കുന്ന സെലിബ്രിറ്റികളിലെ ഏറ്റവും പുതിയ കണ്ണിയാണ് അല്ലു അർജുൻ. നേരത്തെ അമിതാഭ് ബച്ചൻ, അനിൽ കപൂർ, സൽമാൻ ഖാൻ, ഐശ്വര്യ റായ്, സോനാക്ഷി സിൻഹ എന്നിവരും മലയാളത്തിൽ നിന്ന് മോഹൻലാലും സമാനമായ നിയമപരിരക്ഷ തേടി കോടതിയെ സമീപിച്ചിരുന്നു. ഡിജിറ്റൽ യുഗത്തിൽ താരങ്ങളുടെ സ്വകാര്യതയും വാണിജ്യ മൂല്യവും സംരക്ഷിക്കുന്നതിൽ ഈ നിയമപോരാട്ടം നിർണ്ണായകമാകും.