
മോഹൻലാലിൽ താൻ കണ്ട പ്രത്യേക കഴിവ് പിന്നീട് മലയാള സിനിമയിൽ കണ്ടത് പൃഥ്വിരാജിലാണെന്ന് പ്രമുഖ നടനും നിർമാതാവുമായ മണിയൻപിള്ള രാജു. തന്റെ പ്രിയ സുഹൃത്തായ മോഹൻലാൽ തികച്ചും വ്യത്യസ്തനായ ഒരു വ്യക്തിത്വത്തിന് ഉടമയാണെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“മോഹൻലാൽ ഒരു പ്രത്യേക വ്യക്തിത്വമാണ്. ക്യാമറ ഓൺ ചെയ്ത് ‘ആക്ഷൻ’ പറഞ്ഞാൽ അദ്ദേഹം കഥാപാത്രമായി മാറും. ‘കട്ട്’ പറഞ്ഞാൽ അടുത്ത നിമിഷം പഴയ മോഹൻലാലായി മാറും. സെറ്റിൽ എല്ലാവരെയും തമാശ പറഞ്ഞ് ചിരിപ്പിക്കാനും സന്തോഷത്തോടെ ഇരിക്കാനും അദ്ദേഹത്തിന് വളരെ ഇഷ്ടമാണ്.അതേസമയം, അദ്ദേഹത്തെപ്പോലെ കഠിനാധ്വാനം ചെയ്യുന്ന ഒരാളെ ഞാൻ വളരെ വിരളമായേ കണ്ടിട്ടുള്ളൂ. രാത്രി ഒരു മണി, രണ്ട് മണി, മൂന്ന് മണി വരെ ഷൂട്ട് ചെയ്യും. പുലർച്ചെ വീണ്ടും ഷൂട്ടിങ്ങിന് എത്തും. ചില ദിവസങ്ങളിൽ ഷൂട്ടിങ് കഴിഞ്ഞ് നേരെ ദുബായിലേക്കോ വിദേശത്തേക്കോ ഷോയ്ക്കായി പോകും. പരിപാടി കഴിഞ്ഞ് തിരികെ വന്ന് വീണ്ടും ഷൂട്ടിങ്ങിൽ പങ്കെടുക്കും. ആ ഊർജവും ആത്മസമർപ്പണവും അത്ഭുതപ്പെടുത്തുന്നതാണ്.” മണിയൻപിള്ള രാജു പറഞ്ഞു.
“മോഹൻലാലിൻ്റെ ഏറ്റവും വലിയ പ്രത്യേകത കഥാപാത്രമായി ജീവിക്കാനുള്ള കഴിവാണ്. എത്ര വലിയ ഡയലോഗായാലും വളരെ സ്വാഭാവികമായി അവതരിപ്പിക്കും. ഒരു ഷോട്ടിനുള്ള തയ്യാറെടുപ്പും അതിനുവേണ്ടിയുള്ള അധ്വാനവും നേരിൽ കാണുമ്പോഴാണ് അദ്ദേഹത്തിന്റെ മികവ് കൂടുതൽ മനസ്സിലാകുന്നത്. പത്ത് പേജുള്ള ഡയലോഗും അദ്ദേഹം കാണാതെ പഠിച്ച് പറയും. അത്തരത്തിൽ ഡയലോഗ് കാണാതെ പഠിച്ച് പറയുന്ന ഒരാൾ പൃഥ്വിരാജാണ്.” മണിയൻപിള്ള രാജു കൂട്ടിച്ചേർത്തു.
മലയാള സിനിമയിൽ അരനൂറ്റാണ്ട് പിന്നിടുകയാണ് നടനും നിർമാതാവുമായ മണിയൻപിള്ള രാജു. 1976-ൽ ‘മോഹിനിയാട്ടം’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ മണിയൻ പിള്ള രാജു അഞ്ച് പതിറ്റാണ്ടുകൾക്കിടയിൽ 400-ലധികം സിനിമകളുടെ ഭാഗമായി. ഒട്ടേറെ വിജയ ചിത്രങ്ങൾ നിർമിച്ച മണിയൻപിള്ള രാജു നിർമിച്ച മോഹൻലാൽ- അൻവർ റഷീദ് ചിത്രം ‘ഛോട്ടാ മുംബൈ’ റീ- റിലീസിലും പണം വാരിയിരുന്നു. പുതുതലമുറ ഉൾപ്പെടെ ചിത്രം തിയേറ്ററിൽ ആഘോഷമാക്കി. മോഹൻലാൽ നായകനായ പ്രിയദർശൻ-ശ്രീനിവാസൻ കൂട്ടുകെട്ടിലെ ‘ഹലോ മൈ ഡിയർ റോങ് നമ്പർ’ ആണ് മണിയൻപിള്ള രാജു ആദ്യമായി നിർമിച്ച ചിത്രം. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ ‘വെള്ളാനകളുടെ നാട്’, ‘ഏയ് ഓട്ടോ’, ‘കണ്ണെഴുതി പൊട്ടുംതൊട്ട്’, ‘അനന്തഭദ്രം’, ‘ഒരുനാൾ വരും’, ‘പാവാട’ തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ നിർമിച്ചു. സൈജു കുറുപ്പ് നായകനായ ‘ഗു’ ആണ് ഒടുവിൽ നിർമിച്ച ചിത്രം.