
മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷം ‘ലെനിൻ’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് തെലുങ്ക് താരം അഖിൽ അക്കിനേനി. വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ആശംസകളുമായി നടി സാമന്ത എത്തിയതും, മകന്റെ തുടർപരാജയങ്ങളെക്കുറിച്ച് വിശദീകരിച്ച് അക്കിനേനി നാഗാർജുന രംഗത്തുവന്നതുമാണ് ശ്രദ്ധേയമാകുന്നത്. 2023-ൽ പുറത്തിറങ്ങിയ ‘ഏജൻ്റ്’ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടതിന് ശേഷമുള്ള അഖിലിൻ്റെ സുപ്രധാന ചിത്രമാണിത്.
ലെനിനും അഖിലിനും ചിത്രത്തിന്റെ മുഴുവൻ പ്രവർത്തകർക്കും ആശംസകൾ നേരുന്നതായും, ചിത്രം ഇപ്പോൾത്തന്നെ ബ്ലോക്ക്ബസ്റ്റർ വൈബ് തരുന്നുണ്ടെന്നും സാമന്ത തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. ചിത്രത്തിന്റെ ട്രെയ്ലർ പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. സാമന്തയുടെ മുൻഭർത്താവ് നാഗചൈതന്യയുടെ സഹോദരനാണ് അഖിൽ. നാലു വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞതിന് പിന്നാലെ നാഗചൈതന്യ നടി ശോഭിത ധുലിപാലയെ വിവാഹം ചെയ്തിരുന്നു. സാമന്ത സംവിധായകൻ രാജ് നിദിമോരുവിനൊപ്പം പുതിയ ജീവിതം ആരംഭിക്കുകയും ചെയ്തു.
ചിത്രത്തിന്റെ പ്രൊമോഷൻ്റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിൽ അഖിലിന് നേരിടേണ്ടി വന്ന തുടർച്ചയായ പരാജയങ്ങളെക്കുറിച്ച് പിതാവ് കൂടിയായ നാഗാർജുന വികാരാധീനനായി സംസാരിച്ചു. മുൻതലമുറയിലുള്ളവരുമായോ തന്റെ കരിയറുമായോ അഖിലിനെ താരതമ്യം ചെയ്യരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കുടുംബത്തിന്റെ പേരിൽ അവനുമുകളിൽ വലിയ സമ്മർദമുണ്ടെന്നും, കരിയറിന്റെ തുടക്കത്തിൽ തനിക്കും സമാനമായ സമ്മർദം അനുഭവപ്പെട്ടിട്ടുണ്ടെന്നും നാഗാർജുന വ്യക്തമാക്കി. ഒരു നടനെന്ന നിലയിൽ കഴിവിൻ്റെ പരമാവധി ശ്രമിച്ചിട്ടും സിനിമകൾ പരാജയപ്പെടുന്നത് അഖിലിനെ വേദനിപ്പിക്കുന്നുണ്ട്. എന്നാൽ ആ വേദന തന്നെയാണ് ‘ലെനിൻ’ പോലെയൊരു സിനിമയോട് ആഴത്തിൽ കണക്ട് ചെയ്യാൻ അവനെ സഹായിച്ചത്. ചിത്രം വിജയിക്കുമെന്ന ഉറപ്പുള്ളതുകൊണ്ടാണ് താൻ സിനിമയുടെ സഹനിർമ്മാതാവായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുരളി കിഷോർ അബ്ബുരു സംവിധാനം ചെയ്യുന്ന ‘ലെനിൻ’ ആന്ധ്രാപ്രദേശിലെ റായലസീമയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഒരു ആക്ഷൻ റൊമാൻസ് ചിത്രമാണ്. ഭാഗ്യശ്രീ ഭോർസെയാണ് നായിക. നാഗാർജുനയുടെയും അമലയുടെയും മകനായ അഖിൽ 1995-ൽ പുറത്തിറങ്ങിയ ‘സിസിന്ധി’യിലൂടെ ബാലതാരമായാണ് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 2014-ൽ ‘മനം’ എന്ന ചിത്രത്തിൽ അതിഥിവേഷത്തിലെത്തിയ താരം, ‘അഖിൽ’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയെങ്കിലും പരാജയം രുചിച്ചു. 2017-ലിറങ്ങിയ ‘ഹലോ’ സമ്മിശ്രപ്രതികരണം നേടിയപ്പോൾ, മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ ഒടുവിലത്തെ ചിത്രം ‘ഏജന്റും’ ബോക്സ് ഓഫീസിൽ തകർന്നടിയുകയായിരുന്നു. വലിയ പ്രതീക്ഷകളോടെയാണ് പുതിയ ചിത്രമായ ലെനിനെ സിനിമാലോകം നോക്കിക്കാണുന്നത്.