അനുഭവകരുത്തുമായി അഭിനയത്തികവോടെ മണികണ്ഠന്‍

കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ ‘ബാലന്‍’ എന്ന ഒറ്റ കഥാപാത്രത്തിലൂടെ ഓരോ മലയാളിയുടെയും ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുകയാണ് മണികണ്ഠന്‍ ആചാരി എന്ന കലാകാരന്റെ മുഖം. തന്റെ ആദ്യ ചിത്രത്തിലൂടെ മികച്ച സ്വഭാവ നടനുള്ള കേരള സംസ്ഥാന അവാര്‍ഡ് നേടിയ മണികണ്ഠന്‍ മലയാളത്തിലെ അതുല്യ നടന്മാരുടെ പട്ടികയിലേക്കാണ് നടന്നുകയറിയത്. പല തൊഴിലുകള്‍ ചെയ്ത അനുഭവങ്ങളുമായാണ് മണികണ്ഠന്‍ എന്ന കലാകാരന്‍ രൂപപ്പെടുന്നത്. രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്ന നാടക അരങ്ങ് മണികണ്ഠന്റെ അഭിനയത്തെയും വ്യക്തിത്വത്തേയും തേച്ചുമിനുക്കുകയും ചെയ്തു. തന്റെ ആദ്യ ചിത്രത്തിന് ശേഷം നേരിട്ട കരിയറിലെ സമര്‍ദ്ദങ്ങള്‍ നിറഞ്ഞ ഇടവേളക്ക് ശേഷം മണികണ്ഠന്‍ തിരിച്ചെത്തിയത് ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ രജനിയോടൊപ്പം പേട്ട എന്ന ചിത്രത്തിലൂടെയാണ്. ഇപ്പോള്‍ മലയാളത്തിലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയോടൊപ്പം സ്‌ക്രീന്‍ പങ്കിട്ട തന്റെ പുതിയ ചിത്രം മാമാങ്കത്തിന്റെ ത്രില്ലിലാണ് മണികണ്ഠന്‍. തന്റെ അഭിനയ ജീവിതയാത്രയെക്കുറിച്ച് സെല്ലുലോയ്ഡിനോട് മണികണ്ഠന്‍ പറയുകയാണ്…

  • പ്രേക്ഷകര്‍ക്ക് വിരുന്നാകാനുള്ള മണികണ്ഠന്റെ കാഴ്ച്ചകളെ കുറിച്ച് ?

പുതിയ വിശേഷം എന്ന് പറയുമ്പോള്‍ മാമാങ്കമാണ്. ഒരു വലിയ സിനിമയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കൂടെ ആദ്യമായി സ്‌ക്രീന്‍ പങ്കുവെയ്ക്കുകയാണ്. പിന്നെ എന്നെ സിനിമലേക്ക് കൊണ്ടുവന്ന, മലയാളികള്‍ക്ക് എന്നെ പരിചയപ്പെടുത്തിയ എന്റെ ഗുരുനാഥന്‍ ശ്രീ രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖം’ സിനിമയില്‍ പങ്കു ചേരുന്നുണ്ട്. ഒരു സംവിധായകന്റെ രണ്ടാമത്തെ സിനിമയിലും വരുക എന്ന് പറയുന്നത് ഒരു ക്വാളിറ്റിയായാണ് ഞാന്‍ കാണുന്നത്. അങ്ങനെ ഒരു ക്വാളിറ്റി എനിക്ക് കാണിക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷം. ആ കഥയില്‍ അങ്ങനെയൊരു കഥാപാത്രമില്ലായിരുന്നു ശരിക്കും. പക്ഷെ എനിക്ക് ചെയ്യാന്‍ വേണ്ടി ചെറിയൊരു കഥാപാത്രത്തെ വലുതാക്കി. സിനിമയില്‍ മണിയും കൂടെ നില്‍ക്കണം എന്ന ഒരു ആഗ്രഹമായിരിക്കാം, ആഗ്രഹത്തിനപ്പുറത്തേക്ക് നമ്മളോടുള്ള ഒരു സ്‌നേഹമായിരിക്കാം. അവരുടെ വൈബ് പിടിച്ച് പോകുന്ന ഒരു ആക്ടര്‍ എന്ന അവരുടെ വിശ്വാസമായിരിക്കാം. എന്താണെങ്കിലും എനിക്ക് ആ സിനിമയില്‍ നിന്നും കിട്ടുന്ന പ്രതിഫലം ആ സിനിമയിലെന്നെ വിളിച്ചു എന്നുള്ളതാണ്. സണ്ണി വെയ്‌നിന്റെ ‘അനുഗ്രഹീതന്‍ ആന്റണി’ എന്ന സിനിമയിലും ഒരു നല്ല കഥാപാത്രം ചെയ്യുന്നുണ്ട്.

പിന്നെ സിനിമയല്ലാത്ത പുതിയ വിശേഷം എന്ന് പറയുന്നത് ഡയറക്ടര്‍ സുവീരന്‍ നേരത്തെ കേരളത്തില്‍ ചെയ്ത് ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ട നാടകം ”ഭാസ്‌കരപ്പട്ടേലരും തൊമ്മിയുടെ ജീവിതവും” ചെയ്യാന്‍ സാധിച്ചു. ‘തൊമ്മി’ എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിച്ചത്. ഒരുപാട് നിഗൂഢതകളുള്ള, രണ്ട് മൂന്നു മനുഷ്യരാണ് തൊമ്മിയെന്ന കഥാപാത്രം. തൊമ്മിയുടെ ഏതെങ്കിലും ഒരു സ്വഭാവമുള്ളവരെ നമുക്ക് കാണാന്‍ സാധിക്കും. പക്ഷെ തൊമ്മിയെന്ന കഥാപാത്രം വളരെ റെയറാണ്. ഒരു ആക്ടറെ വെല്ലുവിളിക്കുന്ന കഥാപാത്രമാണ്. അങ്ങനെയുള്ള കഥാപാത്രങ്ങളാണ് ഒരു ആക്ടറെ വളരാന്‍ സഹായിക്കുന്നത്. ഒന്നാമത് എന്റെ അറിവ് എന്ന് പറയുന്നത് ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളാണ്. കൂടുതല്‍ പുസ്തക വായനയോ തിയററ്റിക്കലായ മറ്റു അറിവുകളോ എനിക്കില്ല. എന്നെ സംബന്ധിച്ച് വളരെ ഭാഗ്യം ചെയ്ത ഒരു നടനാണെന്ന് മറ്റാരും പറയാതെ തന്നെ ഞാന്‍ പറയും. (ചിരിക്കുന്നു). അതുപോലെ പുതിയതല്ലെങ്കിലും പറയാതിരിക്കാന്‍ പറ്റാത്ത ഒരു വലിയ സൗഭാഗ്യം എനിക്ക് കിട്ടി, ‘പേട്ട’. നമ്മുടെ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് സാറിന്റെ കൂടെ സ്‌ക്രീന്‍ പങ്കിടാനും അദ്ദേഹത്തെ ഒരു പത്ത് നാല്‍പ്പത് ദിവസം തൊട്ടടുത്ത് കാണാനും സംസാരിക്കാനും തൊടാനുമൊക്കെ (ചിരി) കഴിഞ്ഞു. കേരളത്തില്‍ ഏത് സിനിമയില്‍ വന്നാലും ‘ഞങ്ങടെ ബാലന്‍ ചേട്ടന്‍’ എന്ന് പറഞ്ഞ് ഒരു കയ്യടിയുണ്ട്. അതല്ലാതെ, എന്നെ അറിയാത്തവര്‍ പോലും കയ്യടിക്കുന്ന സ്ഥലങ്ങളിലായിരുന്നു കാര്‍ത്തിക് സുബ്ബരാജ് എന്ന സംവിധായകന്‍ എന്നെ പ്ലെയ്‌സ് ചെയ്തത്.

  • എങ്ങനെയുണ്ടായിരുന്നു മാമാങ്കത്തിന്റെയും മമ്മൂക്കയോടൊപ്പമുള്ള അഭിനയത്തിന്റെയും ഒരു എക്‌സ്പീരിയന്‍സ്..?

എന്റെ കഴിഞ്ഞ പിറന്നാളിന് മമ്മൂക്കയാണ് ഒരു ഗസ്റ്റായിട്ട് നിന്നതും, കേക്ക് മുറിക്കുന്നതും, കേക്ക് തന്നതുമൊക്കെ. അതിന്റെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ വന്നതോടെയാണ് എനിക്ക് ഒരു റീ എന്‍ട്രിയുണ്ടായതെന്ന് പറയാം. കാരണം ഞാനീ മൂന്നു വര്‍ഷം കൊണ്ട് കണ്ട സിനിമാ ജീവിതത്തില്‍ ഒരു നടനെ സംബന്ധിച്ച് വാര്‍ത്തകളുണ്ടായിക്കൊണ്ടിരിക്കണം. എന്തെങ്കിലുമൊക്കെ പോസിറ്റീവോ നെഗറ്റീവോ ഉണ്ടായിരിക്കണം. ഒരു മീ ടു വോ (പൊട്ടിച്ചിരി) ഒക്കെയുണ്ടെങ്കിലേ അയാളെപ്പറ്റി ചര്‍ച്ച ചെയ്യൂ… അല്ലെങ്കില്‍ വീട്ടിലിരിക്കും. ഇതും പറഞ്ഞ് നമ്മള്‍ മീ ടുവുണ്ടാക്കാന്‍ പോണില്ല. ഞാന്‍ ഓപ്പണായി കാര്യങ്ങള്‍ പറയുന്ന ഒരാളാണ്. അയാള്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് ഓരോ നിമിഷവും കാണിച്ച് കൊണ്ടിരിക്കണം. ”ഞാന്‍ ജീവിച്ചിരിപ്പുണ്ട്, ഞാന്‍ ജീവിച്ചിരിപ്പുണ്ട് എന്ന് പറയണം”. കമ്മട്ടിപ്പാടത്തിന് ശേഷം ‘കായംകുളം കൊച്ചുണ്ണി’ എന്ന സിനിമയുടെ ഭാഗമാകുന്നതിന്റെ പേരില്‍. അതില്‍ ഞാന്‍ പരാതിപ്പെടുന്നില്ല. ആരെയും കുറ്റപ്പെടുത്തുന്നുമില്ല. അത് ആ സിനിമയുടെ സ്വഭാവമായിരുന്നു. ഒരുപാടു പേര്‍ക്ക് അങ്ങനെ സംഭവിച്ചിട്ടുണ്ട്. എനിക്ക് മാത്രമല്ല, വലിയ മറ്റു താരങ്ങള്‍ക്കും ഒരുപാട് ഡെയ്റ്റ് പോവുകയും പറഞ്ഞ് സമയത്ത് തീരാതെയിരിക്കുകയും മറ്റു സിനിമകള്‍ കമ്മിറ്റ് ചെയ്യാന്‍ പറ്റാതിരിക്കുകയും ഒക്കെ സംഭവിച്ചിട്ടുണ്ട്. കാരണം നമ്മുടെ മുടിയൊക്കെ മുറിച്ചിട്ട് ഇതിന് വേണ്ടി കാത്തിരിക്കുകയാണ്. അപ്പോള്‍ എന്നെ വേണ്ട. എന്നില്‍ കാണുന്ന ഒരു അപ്പിയറന്‍സ് മുടിയൊക്കെ നീണ്ട ഒരു അപ്പിയറന്‍സാണ്. ഇപ്പോള്‍ ഞാന്‍ ഈ അപ്പിയറന്‍സില്‍ മൂന്ന് സിനിമകളുടെ ഭാഗമാണ്. മുടി വിരിച്ചിട്ടിട്ടും ഒതുക്കിയിട്ടും കെട്ടിയിട്ടുമൊക്കെ.. (നൈര്‍മിഷികമായ ചിരി) അപ്പോള്‍ ഇത് കൊണ്ടൊരു കളിയാണ്. ഒന്ന്, ‘കായംകുളം കൊച്ചുണ്ണിയിലാണ്’ എന്നറിഞ്ഞാല്‍ തന്നെ ‘ആള്‍ ബിസിയാണ്’, ‘ഇപ്പോഴൊന്നും തീരില്ല’ എന്നുള്ള അര്‍ത്ഥത്തിലാണ് പലരും വിളിക്കാതിരുന്നത്.

അങ്ങനെയെനിക്ക് സിനിമകള്‍ വരാതെയായപ്പോള്‍ സാമ്പത്തികം മെല്ലെ ഇടിയാന്‍ തുടങ്ങി. നോര്‍മലി ഒരു സാധാരണക്കാരന്‍ കരുതുന്ന പോലെ എല്ലാ സിനിമാ താരങ്ങളും ഒരു ബാലന്‍സിലല്ല ജീവിക്കുന്നത്. അവരെ സന്തോഷിപ്പിക്കാന്‍ വേണ്ടി മാത്രം ബാലന്‍സ് കാണിക്കുന്നതാണ്. പഴയ മണികണ്ഠനെക്കാളും പുതിയ മണികണ്ഠന് വലിയ ടെന്‍ഷനാണ്, ഭയങ്കര ആദിയാണ്, പേടിയാണ്. കാരണം പഴയ മണികണ്ഠന് നൂറു രൂപയുണ്ടെങ്കില്‍ സ്വര്‍ഗം പോലെ ഒരു ദിവസം കഴിക്കാം. പക്ഷെ ഇപ്പോഴങ്ങനെയല്ല. അതിപ്പോള്‍ എന്തിനാണെന്ന് ചോദിച്ചാല്‍ ഓരോ ജോലിക്കും അതിന്റെ യൂണിഫോമുണ്ട്. അതിന്റേതായ രീതികള്‍ പാലിച്ചേ പറ്റു. മാര്‍ക്കറ്റിലേക്ക് പോകുമ്പോള്‍ മാര്‍ക്കറ്റിന്റേതായ യൂണിഫോമുണ്ട്. ആ യൂണിഫോമിട്ട് ഞാന്‍ സിനിമാ സെറ്റിലേക്ക് പോകരുത്. അപ്പോള്‍ ഇത് രണ്ടും ഒരുമിച്ച് കൊണ്ടുപോകാന്‍ പറ്റുകയാണെങ്കിലേ ഇതൊക്കെ ആലോചിക്കാന്‍ പറ്റൂ. എന്നോട് കഴിഞ്ഞ ദിവസം നാട്ടിലൂടെ ബൈക്കോടിച്ച് പോകുമ്പോള്‍ ഒരു ചേച്ചി ചോദിക്കുകയാണ് ”ഇതെന്താണ് ബൈക്കിലൊക്കെ?!. നമുക്ക് ഒരു ബിഎംഡബ്ല്യു ഒക്കെ ഏടുക്കണ്ടേ ” എന്ന്. അവരൊരു നൂറു രൂപപോലും എന്നോട് ചോദിക്കുന്നില്ല, പക്ഷെ അവരെന്നെ കാണാന്‍ ആഗ്രഹിക്കുന്നത് ഞങ്ങളുടെ ഇടയില്‍ നിന്നൊരാള്‍ ബിഎംഡബ്ല്യു വാങ്ങിക്കണം എന്നാണ്. അപ്പോള്‍ അവരുടെ ആഗ്രഹമാണ് ഞാന്‍ നല്ല ഡ്രസ്സ് ധരിക്കണം, നല്ല ബ്രാന്‍ഡഡ് ഷൂസിഡണം എന്നതൊക്കെ. പിന്നെ താരങ്ങള്‍ എന്ന് പറയുന്നവര്‍ക്ക് ഇവിടെ നമ്മള്‍ ഒരു കാഴ്ച തീരുമാനിച്ച് വെച്ചിട്ടുണ്ടല്ലോ, അതിന്റെ ഏതെങ്കിലും ഒരു അയല്‍പക്കത്തെങ്കിലും നമ്മളെത്തിയില്ലെങ്കില്‍ നമ്മളെ ആരും താരമായിട്ട് കാണില്ല. അതുകൊണ്ടെന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് ചോദിച്ചാല്‍ വേറൊന്നുമില്ല പണിയുണ്ടായാല്‍ മതി എന്നാണ് എനിക്ക് പറയാനുള്ളത്.

അങ്ങനെ സാമ്പത്തികമായി തകര്‍ന്ന് എന്റെ ഫോണ്‍ വീണ്ടും പഴയ അവസ്ഥയായി. വീണ്ടും എന്റെ ഫോണ്‍ ഞാന്‍ തന്നെ കോയിന്‍ ബോക്‌സില്‍ നിന്ന് വര്‍ക്ക് ചെയ്യുമോ എന്നറിയാന്‍ മിസ് കോള്‍ അടിപ്പിച്ച് നോക്കേണ്ട അവസ്ഥയായി. തിരക്കാണെന്ന് കരുതി വിളിക്കാതിരിക്കുന്ന കൂട്ടുകാരുണ്ട്, വീട്ടിലുള്ളവര്‍ ശല്യപ്പെടുത്തേണ്ട എന്ന് വിചാരിച്ചും. ചിലവര്‍ പല കാരണങ്ങളാല്‍ വിളിച്ചില്ല. അങ്ങനെ ഒരവസ്ഥയില്‍ ഇരിക്കുമ്പോളാണ് മാമാങ്കം ചെയ്യാന്‍ എന്നെ വിളിക്കുന്നത്. ഞാന്‍ പറഞ്ഞു ഇനി ഒരു പിരീഡ് പടം ചെയ്യാനുള്ള ബാല്യം എനിക്കില്ല എന്ന്. എന്റെ ഒരു തെറ്റ് ധാരണയാണ് വലിയ സിനിമകള്‍ ചെയ്താല്‍ പിന്നെ ജീവിതം നശിക്കുമെന്ന്. പക്ഷെ അതൊന്നുമല്ല, ബാലന്‍സ് ചെയ്ത് നമ്മള്‍ ഒരു ധാരണയില്‍ പോകുകയാണെങ്കിലും നടക്കുമെന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലായി. വിവേകേട്ടാനാണ് മാമാങ്കത്തിന്റെ കോര്‍ഡിനേറ്റര്‍. ഞാനാദ്യം ”വേണ്ട വിവേകേട്ടാ, എനിക്ക് പേടിയാണ് ഇപ്പോള്‍ നടക്കില്ല, എനിക്ക് പടങ്ങളൊന്നുമില്ല” എന്നൊക്കെ പറഞ്ഞു. അപ്പോള്‍ വിവേകേട്ടന്‍ പറഞ്ഞു, ആ കഥാപാത്രം നീ ചെയ്താല്‍ നന്നാവുമെന്ന് മമ്മൂക്കയാണ് പറഞ്ഞത്. മമ്മൂക്ക പറഞ്ഞുവെന്ന് പറഞ്ഞപ്പോള്‍ എനിക്കത് വലിയ കാര്യമായി. അങ്ങനെ ചെയ്യാമെന്ന് തീരുമാനിച്ചു, അപ്പോള്‍ ഞാന്‍ എനിക്ക് ഇത്ര പൈസ കിട്ടിയാലെ ചെയ്യാന്‍ പറ്റൂ, അതേപോലെ എനിക്ക് വേറെ പടങ്ങള്‍ ചെയ്യണം, ഇന്ന ഗെറ്റപ്പ് ഇട്ട് തരണം എന്നൊക്കെ പറഞ്ഞു. റോഷന്‍ ചേട്ടനാണ് അതിന്റെ മെയ്ക്കപ്പ്. മമ്മൂക്കയുടെ ഇടപെടല്‍ അതില്‍ ഉണ്ടായിരുന്നു. ”അവന്‍ ചെയ്താല്‍ നന്നാവും അവനെക്കൊണ്ട് തന്നെ ചെയ്യിപ്പിക്കാം, അതിന് വേണ്ടത് ചെയ്ത് കൊടുക്ക്” എന്ന് പറഞ്ഞത് കൊണ്ട് കുറേ കാര്യങ്ങളൊക്കെ പരിഗണിക്കപ്പെട്ടു. അത് കൊണ്ട് തന്നെ എനിക്ക് ആ സിനിമയോടൊപ്പം മറ്റ് സിനിമകള്‍ ചെയ്യാന്‍ പറ്റി. ഗെറ്റപ്പ് അതിനനുസരിച്ച് പ്ലാന്‍ ചെയ്തു. എന്റെ പിറന്നാള്‍ വന്നു മെയ് 28ന്. അപ്പോള്‍ ഞാന്‍ മാമാങ്കത്തില്‍ ജോയിന്‍ ചെയ്തിട്ട് കുറച്ച് നാളായിട്ടേയുള്ളു. കുണ്ടന്നൂരാണ് ഷൂട്ട് നടക്കുന്നത്. അപ്പോള്‍ ഞാനിങ്ങനെ ആലോചിച്ചു. പിറന്നാളിന് എന്ത് ചെയ്യുമെന്ന്..? എന്നിട്ട് മീര എന്ന് പറയുന്ന മാമാങ്കത്തിന്റെ കോര്‍ഡിനേറ്ററെ വിളിച്ചു. വിശേഷങ്ങളൊക്കെ ചോദിച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു പിറന്നാളാണ്, വീട്ടിലിരുന്ന് മടുത്തെന്ന്. പിറന്നാളായിട്ട് എന്തിനാണ് വീട്ടിലിരിക്കുന്നത് നീയിങ്ങോട്ട് പോര് എന്ന് എന്നോട് മീര പറഞ്ഞു. അത് കേള്‍ക്കാനാണ് ഞാന്‍ വിളിച്ചതും. ഞാന്‍ വീട്ടിലൊറ്റക്കിരുന്ന് അമ്മയോടൊപ്പം കേക്ക് മുറിച്ചാല്‍ ഇതാരും വൈറലാക്കാന്‍ പോകുന്നില്ല. സംഗതി കളറാവണം, വാര്‍ത്തയാവണം എന്ന് കരുതി തന്നെയാണ് ഞാന്‍ വിളിച്ചത്. അത് കഴിഞ്ഞ് എന്റെ ഫോണ്‍ ഞാന്‍ വെച്ചിട്ടില്ല. അത് കഴിഞ്ഞാണ് ഞാന്‍ പേട്ട ചെയ്യുന്നത്. അപ്പോള്‍ മമ്മൂട്ടി എന്ന് പറയുന്ന ആ മനുഷ്യന്‍ അറിഞ്ഞോ അറിയാതെയോ എനിക്ക് ചെയ്ത് തന്നിട്ടുള്ളത് സിനിമയിലേക്കുള്ള റീ എന്‍ട്രിയാണ്.

  • വെള്ളിത്തിരയില്‍ നില്‍ക്കുമ്പോള്‍ തന്നെ തിയേറ്ററിലേക്കിറങ്ങുക എന്ന് പറയുന്നത് പലപ്പോഴും സാധ്യമാകാറില്ല. എങ്ങനെയാണ് അതിനൊരു കരുത്ത് കിട്ടുന്നത്…?

അത് നമ്മള്‍ മൊബൈല്‍ അല്ലെങ്കില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് പോലെയാണ്. ചാര്‍ജ് തീരുമ്പോള്‍ നേരെ തിയേറ്ററില്‍ വരുക. ഒരു പുതിയ ബ്രീത്താണ്. പുതിയൊരു എനര്‍ജിയാണ്. എല്ലാ ദിവസവും രാവിലെ ഒരു മണിക്കൂറെങ്കില്‍ ഒരു മണിക്കൂര്‍ തിയേറ്റര്‍ എക്‌സൈസ് ചെയ്യുന്നത് നല്ലതാണ്. സിനിമക്കും അത് ഉപകാരം ചെയ്യും. പിന്നെ നമുക്ക് പണിയില്ലല്ലോ, ആരും ഫോട്ടോയെടുക്കാന്‍ വന്നില്ലല്ലോ എന്നുള്ള ആധികളുണ്ടാവില്ല. നമ്മള്‍ എന്‍ഗേജ്ഡാണ്. പിന്നെ തിയേറ്ററാണെന്റെ ഭാഷ. ഞാന്‍ സംസാരിക്കുമ്പോള്‍ എനിക്ക് ഈ ധൈര്യവും സംഭാഷണ ശൈലിയും തന്നത് തിയേറ്ററാണ്. അല്ലെങ്കില്‍ ഒരിക്കലും എന്റെ അടിസ്ഥാന വിദ്യാഭ്യാസം വെച്ച് ഞാനിപ്പോള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. ചിന്തകളാണെങ്കില്‍ ആ തലങ്ങളിലേക്ക് എനിക്ക് ചിന്തിക്കാന്‍ കഴിയില്ല. ഞാന്‍ ഏഴാം ക്ലാസ്സിലെ വിദ്യാഭ്യാസത്തില്‍ നിന്നല്ല ഗലീലിയോയെക്കുറിച്ചും അതേ പോലെ ചന്ദ്രനും ഭൂമിയെപ്പോലെ ഒരു ഗ്രഹമാണെന്നും പഠിച്ചത്. ഗലീലിയോ നാടകം ചെയ്തിട്ടാണ് പഠിച്ചത് (പൊട്ടിച്ചിരിക്കുന്നു). തിയേറ്ററാണെന്റെ സ്‌കൂള്‍, അതാണെന്റെ ഭാഷയും.

  • പേട്ടയുടെ അനുഭവം?

തമിഴില്‍ ഇപ്പറഞ്ഞപോലെ മര്യാദയാണ്. മലയാളത്തില്‍ മര്യാദയില്ലായെന്നല്ല. പക്ഷെ ഇപ്പോള്‍ താങ്കളെന്റെ മുമ്പിലിരിക്കുമ്പോള്‍, ഞാന്‍ കാണേണ്ട ആരാധനയേ നിങ്ങള്‍ മുഖത്ത് കാണിക്കുന്നുള്ളു. പക്ഷെ അതിനപ്പുറത്തേക്ക് നിങ്ങള്‍ക്കുണ്ടാവാം, അതു എന്തുകൊണ്ടാണെന്ന് വെച്ചാല്‍ നമ്മള്‍ മലയാളികളങ്ങനെയാണ്. പക്ഷെ അവര്‍ ഭയങ്കര ഓപ്പണാണ്. അവരുടെ വികാരങ്ങളെ ഒളിപ്പിക്കാറില്ല. അപ്പോള്‍ അത് നമുക്ക് ഇഷ്ടപ്പെടും. അത്രേയുള്ളു വ്യത്യാസം. മറ്റുള്ളവര്‍ പറയുന്നത് പോലെ തമിഴ് സിനിമാ ഇന്‍ഡസ്ട്രി ഭയങ്കര മര്യാദയാണ്. അവരുടെ കരച്ചില്‍, ചിരി ഒക്കെ ഭയങ്കര ലൗഡാണ്. നമ്മുടേത് അങ്ങനെയല്ലല്ലോ. നമ്മുടെ കള്‍ച്ചര്‍ അതാണ്. അവരെല്ലാവരെയും സാര്‍ എന്ന് വിളിക്കുമ്പോള്‍ നമ്മള്‍ അങ്ങനെ വിളിക്കണമെങ്കില്‍ ഒന്നാലോചിക്കും. അത് തെറ്റാണെന്ന് പറയാന്‍ പറ്റില്ല. അത് നമ്മുടെ ശരിയാണ്. അവര്‍ക്ക് സ്‌നേഹമുണ്ട് പ്രകടനം മാത്രമല്ല ഒപ്പം നല്ല പ്രൊഫഷണലുമാണ്്. ഒരു കേരള സ്‌റ്റേറ്റ് അവാര്‍ഡ് വിന്നര്‍ എന്ന പരിഗണന നല്ലത് പോലെ എനിക്ക് തന്നിട്ടുണ്ട്. അല്ലെങ്കില്‍ ആ ഒരു ചെറിയ കഥാപാത്രം ചെയ്യാനായി അവര്‍ക്ക് അവിടെ നിന്ന് ആരെയെങ്കിലും വിളിക്കാം. ഇനിയിപ്പോള്‍ വിളിച്ചിട്ടുണ്ടെങ്കില്‍ തന്നെ ‘നിങ്ങള്‍ക്ക് ഇത്രയൊക്കെ സൗകര്യങ്ങളേ തരാന്‍ പറ്റൂ’ എന്ന് പറഞ്ഞാലും ഒരവസരം എന്നുള്ള രീതിയില്‍ നമ്മളവിടെപ്പോയി ചെയ്യും. കാരണം രജനീകാന്തിനെ നേരിട്ട് കാണുക എന്നുള്ള ഒരു ഭാഗ്യത്തിന് വേണ്ടിയിട്ടെങ്കിലും ചെയ്യും. പക്ഷെ അങ്ങനെയൊന്നുമല്ല, എന്നെ ഒരു നടനായി അംഗീകരിച്ച് കൊണ്ട് എനിക്കും എന്റെ കൂടെ വന്ന ആള്‍ക്കും സഞ്ചരിക്കാന്‍ ഒരു വണ്ടി, താമസിക്കാന്‍ രണ്ടു പേര്‍ക്കും നല്ല രണ്ട് റൂമുകള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും അവര്‍ ചെയ്ത് തന്നു. രജനി സാര്‍ ഈ പറഞ്ഞ പോലെ സെറ്റിലേക്ക് വരുമ്പോള്‍ വലിയൊരു ബഹളമുണ്ടാക്കിക്കൊണ്ട് വരുന്നില്ല. അദ്ദേഹം വന്നത് നമ്മള്‍ അറിയുക പോലുമില്ല. വിഗ്ഗൊന്നുമില്ലാതെ വെള്ളയും വെള്ളയും. ഒരു മുണ്ടുമുടുത്ത്, തൊഴുത് വന്ന് അത്യാവശ്യം വര്‍ത്തമാനങ്ങളൊക്കെ പറയും. അത് കഴിഞ്ഞാല്‍ കൂടുതലും പുള്ളി ഒറ്റയ്ക്കാണ്. പുള്ളിയുടെ മെഡിറ്റേഷനും കാര്യങ്ങളുമൊക്കെയായി മാറിയിരിക്കും പക്ഷെ അത് കൊണ്ട് നമുക്ക് വിരോധമൊന്നും തോന്നില്ല. അത് പോലെ നമ്മള്‍ തമ്മിലുള്ള ഒരു കോമ്പിനേഷന്‍ സീനൊക്കെ കണ്ട് വന്നിട്ട് ”നല്ലാ പണ്‍റേ” എന്ന് പറഞ്ഞു. അങ്ങനെ എന്നെ മാത്രമല്ല, കൂടെയുള്ള എല്ലാവരെയും നല്ല രീതിയില്‍ സപ്പോര്‍ട്ട് ചെയ്യുന്ന ആളാണ്. തമിഴില്‍ കൂടെയുണ്ടായിരുന്ന മദന്‍ എന്ന് പറയുന്ന ഒരു ആര്‍ട്ടിസ്റ്റുണ്ടായിരുന്നു. മദന്റെ സിനിമ കണ്ടിട്ട് അതില്‍ നിങ്ങള്‍ സൂപ്പറായിട്ടുണ്ട് എന്നൊക്കെ പറഞ്ഞു. അത്രയും വലിയ ആളായിട്ടും തീരെ മെക്കാനിക്കലല്ലാത്ത ജെന്യുവിനായിട്ടുള്ള വിനയത്തിന്റെ ഉടമയാണ് രജനീകാന്ത്. നമ്മള്‍ ശ്രമിച്ചാല്‍ പോലും അത്രയും വിനയനാവാന്‍ പറ്റില്ല.

  • പേട്ടയില്‍ നിന്നും തമിഴിലേക്ക് പുതിയ അവസരങ്ങളുണ്ടായോ..?

പേട്ട ചെയ്തതില്‍ നിന്നും എനിക്കുണ്ടായ ഏറ്റവും വലിയ ഭാഗ്യം വിജയ് സേതുപതിയെന്ന ചേട്ടനാണ്. നമുക്ക് എപ്പോള്‍ വേണമെങ്കിലും ഏത് പാതിരാത്രി വേണമെങ്കിലും വിളിക്കാനുള്ള സ്വാതന്ത്ര്യം തന്ന് തുറന്നിട്ടിരിക്കുകയാണ്. ഇവിടെ എറണാകുളത്ത് വന്നപ്പോള്‍ കണ്ടു. ഞാന്‍ അദ്ദേഹത്തിന് വോയ്‌സ് മെസ്സേജാണ് അയക്കാറ്. തിരിച്ചെനിക്ക് എന്റെ മാധ്യമം അതാണെന്ന് മനസ്സിലാക്കിക്കൊണ്ട് അതില്‍ തന്നെ തിരിച്ച് ചെയ്യുന്ന ഒന്ന് രണ്ട് നടന്മാരിലൊരാളാണ് അദ്ദേഹം. ആലപ്പുഴ വെച്ച് ഷൂട്ടിങ്ങ് നടന്ന പുള്ളിയുടെ ‘മാമനിദന്‍’ എന്ന് പറയുന്ന സിനിമയില്‍, പ്രസന്‍സ് കുറവാണെങ്കിലും പെര്‍ഫോമന്‍സുള്ള ഒരു ക്യാരക്ടര്‍ എനിക്ക് തന്നു. ഒപ്പം അദ്ദേഹം അടുത്തതായി പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യാമെന്നും അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. വേറെ ഒന്ന് രണ്ട് തമിഴ് ചിത്രങ്ങളുടെ എന്‍ക്വയറികളും ചര്‍ച്ചകളും നടക്കുന്നുണ്ട്. മലയാളത്തിലും തെറ്റില്ലാതെ തന്നെ പോകുന്നു.

  • ജീവിതത്തില്‍ പല വഴികളിലൂടെ സഞ്ചരിച്ചിട്ടാണ് ഇപ്പോഴിവിടെ എത്തി നില്‍ക്കുന്നത്..?. അത്തരം ഇടങ്ങളിലേക്ക് തിരിച്ച് പോകാന്‍ സമയം കിട്ടാറുണ്ടോ…?

ഞാന്‍ ആരെയും കാണിക്കാനോ ബോധിപ്പിക്കാനോ വേണ്ടി ഒന്നും ചെയ്യാറില്ല. ‘അവന്‍ വന്ന വഴി മറന്നിട്ടില്ല’ എന്ന പോസ്റ്റ് ആഗ്രഹിച്ചുകൊണ്ട് ഞാന്‍ ഒന്നും ചെയ്യാറില്ല. എനിക്ക് പോകേണ്ടുന്ന വഴികളിലൂടെ ഞാന്‍ പോയേ പറ്റു. അത് വന്നതോ വരാത്തതോ എന്നല്ല. ഞാന്‍ ചമ്പക്കുളം മാര്‍ക്കറ്റില്‍ പോവാറുണ്ട്. സാധാരണ പോവാറുള്ളത് പോലെ പോവാറുണ്ട്. പണ്ടും ഞാന്‍ ഒരു പണിയിലും കമ്മിറ്റഡല്ലായിരുന്നു. ഞാന്‍ നടനാവാന്‍ വേണ്ടി മറ്റു പണികള്‍ ചെയ്തുവെന്നേയുള്ളൂ. അല്ലാതെ മറ്റൊരു പണിയിലും ഞാന്‍ ആത്മാര്‍ത്ഥതയുള്ളവനല്ല. നടനിലാണ് എന്റെ നൂറ് ശതമാനം. അപ്പോള്‍ നടനായതിന് ശേഷം ആരെയൊക്കെയോ കാണിക്കാന്‍ വേണ്ടി അവിടെപ്പോയി വീണ്ടും മീന്‍ വെട്ടേണ്ട കാര്യമില്ല. ഞാന്‍ പറയുന്നത് ജോലിയുടെ കാര്യമാണ്. മാര്‍ക്കറ്റ് എന്ന് പറയുന്നത് എന്റെ അഡ്രസ് തന്നെയാണ്. എന്റെ എനര്‍ജി എന്ന് പറയുന്നത് മാര്‍ക്കറ്റ് തന്നെയാണ്. അത് ശരിക്കും ഒരു നാടകം പോലെയാണ്. ഒരു ആറ് മണിതൊട്ട് പത്ത് മണിവരെ അവിടെ നടക്കുന്നത് വലിയൊരു പെര്‍ഫോമന്‍സാണ്. ജീവിക്കാന്‍ വേണ്ടിയുള്ള പെര്‍ഫോമന്‍സാണ്. പല പല എക്‌സ്പ്രഷന്‍സ് അവിടെ നിന്ന് പഠിക്കാം. ആ ഒരു വ്യൂവില്‍ നോക്കിയാല്‍ ഭയങ്കര രസമാണ്. മാര്‍ക്കറ്റിലെ എന്റെ സുഹൃത്തുക്കളും അവിടെയുള്ള എല്ലാവരും ആഗ്രഹിച്ച ഒരു വിജയമാണിത്, ആ ഒരു സ്ഥാനമാണ് എനിക്ക് കിട്ടിയിട്ടുള്ളത്. ഞാനിനി അവിടെ പോയാലും അവര്‍ എന്നെ പണി എടുക്കാന്‍ സമ്മിതിക്കില്ല.

  • വെള്ളിത്തിരയില്‍ ഒരു ദളിതനിങ്ങനെയായിരിക്കണമെന്ന കാഴ്ച്ചപ്പാട് ഇപ്പോഴുമില്ലേ..?

ഇല്ല, ഞാന്‍ പറയുന്ന രാഷ്ട്രീയം, എന്റെ ശരി എല്ലാവര്‍ക്കും ശരിയായിരിക്കണമെന്നില്ല. ഞാനതിന് ബലം പിടിക്കുന്നുമില്ല. അത് തെറ്റാണെന്ന് എനിക്ക് തോന്നുന്നിടത്തേ ഞാന്‍ പരാജയപ്പെടുകയുള്ളൂ. ഞാന്‍ ഒന്നാമത് ദളിതന്‍ എന്ന് വേര്‍തിരിച്ച് കാണാന്‍ ആഗ്രഹിക്കുന്നില്ല. മനുഷ്യന്‍ എന്ന് പറയുന്ന ഒരു സംഘമുണ്ടാവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതില്‍ ദളിതന്‍, വെളുത്തവന്‍ എന്ന് കാണാന്‍ സത്യത്തില്‍ ഞാനാഗ്രഹിക്കുന്നില്ല. ദളിതരെ വളരെ കറുത്ത വര്‍ഗക്കാരായും അല്ലെങ്കില്‍ വളരെ ഒച്ചപ്പാടും ബഹളവും ഇടിയും കുത്തും മദ്യപിച്ചും അങ്ങനെയൊക്കെ നടക്കുന്നവരായിട്ട് കാണിക്കുന്നതില്‍ എനിക്ക് ഒരു യോജിപ്പുമില്ല. രണ്ട് വിഭാഗത്തിലും ഇതെല്ലാമുണ്ട്. നമ്മള്‍ക്കിവിടെ കുറേ ക്ലീഷേയായിട്ടുള്ള കാര്യങ്ങളുണ്ട്. കറുത്ത രൂപം, പൊക്കം കുറവ്, ചുരുണ്ട മുടി, വെളുത്ത പല്ല്, സ്ഥിരം പോക്കറ്റടിക്കാരനാ.. (അടക്കാനാവാതെ ചിരിക്കുന്നു).

  • വിനായകനെയും പാര്‍വതിയേയും വെച്ച് നായക-നായിക വേഷത്തില്‍ ഒരു സിനിമയെടുക്കാന്‍ പറ്റുമോ…?

സൗന്ദര്യം എന്ന് പറയുന്നത് വെളുപ്പിലോ അല്ലെങ്കില്‍ ജാതിയിലോ അല്ല. വിനായകന്‍ ചേട്ടന്റെ അത്രയും വലിയൊരു സുന്ദരനെ ഞാന്‍ കണ്ടിട്ടില്ല. എന്റെ റോള്‍ മോഡലാണ്. ഞാന്‍ ശരിക്കും മഹാബലിയെക്കാണുന്നത് വിനായകന്‍ ചേട്ടന്റെ രൂപത്തിലാണ്. മഹാബലി എന്ന് പറയുമ്പോള്‍ കുടവയറും വെച്ച് കൊമ്പന്‍ മീശയുമായി ഒരു കുഞ്ഞിക്കുടയും പിടിച്ച് ചിരിച്ച് നില്‍ക്കുന്ന ഒരാളല്ല എന്റെ സങ്കല്‍പ്പത്തിലുള്ളത്. മഹാ ‘ബലി’
യാണ്. ഒരു വലിയൊരു രാജ്യം ഭരിച്ചിരുന്ന രാജാവ് ഒരിക്കലും ഒരു കോമാളിയായിരിക്കില്ല. നുണ പറയാത്ത മനുഷ്യര്‍, കള്ളം ചെയ്യാത്ത മനുഷ്യര്‍, പട്ടിണി കിടക്കാത്ത മനുഷ്യര്‍, അങ്ങനെയുള്ളവരെ നിയന്ത്രിച്ചുകൊണ്ടിരുന്ന, ഭരിച്ചുകൊണ്ടിരുന്ന ഒരാള്‍ എങ്ങനെ ഇങ്ങനെയൊരു കോമാളിയാവും. അങ്ങനെയുള്ള കുറേ പരിപാടികള്‍ ഇവിടെ നടക്കുന്നുണ്ട്. അതൊന്നും ഈയൊരു ഇന്റര്‍വ്യൂ കൊണ്ട് നമുക്ക് തീര്‍ക്കാന്‍ പറ്റുന്നതല്ല.

  • സിനിമയുടെ അണിയറയിലേക്ക്…?

ഞാന്‍ നടനാണ്, നടനാവണം, നടന്‍ മാത്രമാവണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ്. ഒരു നടനില്‍ എല്ലാമുണ്ട്. എഴുത്തുകാരനുണ്ട്, സംഗീതജ്ഞനുണ്ട്, നര്‍ത്തകനുണ്ട്, എല്ലാമുണ്ട്. അത് ഓരോന്നും സെപ്പറേറ്റായി ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നടനായിത്തന്നെ നില്‍ക്കുക എന്നതാണ് ലക്ഷ്യം.

  • വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഏറ്റവും എക്‌സൈറ്റ് ചെയ്യിപ്പിച്ച ചിത്രം..?

നമ്മള്‍ നമ്മളല്ലാതാവുന്ന നിമിഷത്തിന് വേണ്ടിയാണ് എല്ല നടന്മാരും നടിമാരും ജീവിക്കുന്നത്. അവരുടെ ഏറ്റവും വലിയ സുഖം, ഒരു നിമിഷം അവര്‍ അവരല്ലാതെയായി തിരിച്ചു വന്നിട്ട് ‘ആ നിമിഷം എന്തായിരുന്നെന്റമ്മോ?!’ എന്നാലോചിക്കുന്ന സമയമാണ്. അങ്ങനെ ലൗഡാവുമ്പോള്‍ നമ്മളല്ലാതെ നില്‍ക്കുന്ന ഒരു ഫ്രെയിം വന്നിട്ടുള്ളത് ഇപ്പോള്‍ അനുഗ്രഹീതന്‍ ആന്റണി എന്ന് പറയുന്ന ചിത്രത്തിലെ ഒരു രംഗത്തിലാണ്. അതിന്റെ ആദ്യ ഷോട്ടില്‍ ഞാനീ നിര്‍വൃതിയടഞ്ഞു. അത് എന്നെ വളരെ എക്‌സൈറ്റ് ചെയ്യിപ്പിച്ചു. തിയേറ്ററില്‍ എങ്ങനെ വരുമെന്ന് എനിക്ക് അറിയില്ല. പല ഘടകങ്ങളും ഒത്തു വരുമ്പോളാണ് ഒരു സീന്‍ നന്നാവുന്നത്. പിന്നെ മാമാങ്കത്തിലെ മമ്മൂക്കയോടൊപ്പമുള്ള രംഗം ഒന്ന് സക്രീനില്‍ കാണാണമെന്ന് ആഗ്രഹമുണ്ട്.

  • മാമാങ്കത്തിലെയും അനുഗ്രഹീതന്‍ ആന്‍ണിയിലേയും കഥാപാത്രങ്ങളെക്കുറിച്ച്…?

സാധാരണ ഏതെങ്കിലും ഒരു കഥാപാത്രം നമ്മള്‍ വിജയിപ്പിച്ചാല്‍ അതിന്റെ ചുവട് പിടിച്ചാണ് ബാക്കിയുള്ള കഥാപാത്രങ്ങളെയും നമുക്ക് ലഭിക്കുക. പക്ഷെ എനിക്ക് ഭാഗ്യവശാല്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെയാണ് ഓരോ ചിത്രത്തിലും ലഭിക്കുന്നത്. ഇപ്പോള്‍ ഈടയിലെ കഥാപാത്രത്തെ പോലെ വളരെ ഒതുങ്ങിയ, രാഷ്ട്രീയ സ്വയം സേവ സംഘത്തിലെ ഒരു പ്രധാനിയായി ഒരു വ്യത്യസ്ഥ കഥാപാത്രമാണ് മാമാങ്കത്തിലും ലഭിച്ചിരിക്കുന്നത്. തുറമുഖത്തിലെ കഥാപാത്രത്തെക്കുറിച്ച് ഞാനിപ്പോള്‍ ഒന്നും പറയുന്നില്ല. സര്‍പ്രൈസായിക്കോട്ടെ.

  • ഫുട്‌ബോള്‍ പ്രേമത്തെക്കുറിച്ച്…?

തൃപ്പൂണിത്തറ ബോയ്‌സ് ഹൈസ്‌കൂളിന്റെ അടുത്തായിരുന്നു എന്റെ വീട്. അവിടെ എന്നും വൈകുന്നേരം കളി നടക്കും. ഫുട്‌ബോളിന്റെ ഭയങ്കര പ്രേമിയാണ്. വേള്‍ഡ് കപ്പ് എല്ലാം കാണും. ഫുട്‌ബോള്‍ കളിക്കാരോടുള്ള ആരാധന, ഐ എം വിജയനില്‍ നിന്ന് തുടങ്ങുന്നു. നമ്മുടെ ഇവിടെയും നല്ല കളിക്കാരുണ്ട്. അവരുടെ ഫോട്ടോയും നമ്മള്‍ നെഞ്ചത്ത് ഒട്ടിച്ച് നടക്കണം. അപ്പോഴാണ് ഇവിടെ ആ ട്രെന്‍ഡ് ഉണ്ടാവുക. സി കെ വിനീതിന്റെയും ഐ എം വിജയന്റെയും ബനിയനിടണം. മറ്റുള്ള വലിയ താരങ്ങള്‍ കളിയില്ല എന്നല്ല. പക്ഷെ ഇവരുടെ കളി ആരും കാണാന്‍ തയ്യാറല്ല. അവരെ അവിടെ എത്തിക്കണമെങ്കില്‍ ഇവിടെ നമ്മള്‍ ആരാധിക്കണം. ഈയടുത്ത് ഒരു പരസ്യം കണ്ടിരുന്നു. കൊച്ചി ടൂര്‍ണമെന്റ് നടക്കുന്ന സമയത്തുണ്ടായിരുന്നതാണ്.. ‘നമ്മളാദ്യം ഇഷ്ടപ്പെടുക അപ്പോള്‍ മറ്റുള്ളവരും നമ്മുടെ കളിക്കാരെ ഇഷ്ടപ്പെടും’ എന്ന്. ഫുട്‌ബോളിനെ നമ്മള്‍ പ്രോത്സാഹിപ്പിച്ചാല്‍ വലിയ ഒരു ടീമാവാന്‍ കെല്‍പ്പുള്ള കളിക്കാര്‍ ഇന്ത്യയിലുണ്ട്.

  • വിനീതുമായിട്ടുള്ള സൗഹൃദം…?

കുറേ നാളത്തെ പരിചയമാണ്. ഈ വര്‍ഷത്തെ പിറന്നാളിന് സി കെ വിനീതാണ് കൂടെയുണ്ടായിരുന്നത്. ഐ എം വിജയേട്ടനുമായിട്ട് ഞാന്‍ ഒരുമിച്ച് കളിച്ചിട്ടുണ്ട്. പാലസ് ഗ്രൗണ്ടില്‍ വെച്ച്. ഞങ്ങളുടെ നാട്ടിലെ മോശം കളിക്കാരന്‍ ഞാനാണ്. കളിക്കുമ്പോള്‍ ഞാന്‍ തൊങ്ങി തൊങ്ങി ഞൊണ്ടികളോടുന്ന പോലെയാണ് വരാറ്. ഇപ്പോഴും ഞാന്‍ ചെല്ലുമ്പോള്‍ അവരെന്നെ കളിയാക്കും. അപ്പോള്‍ ഞാന്‍ പറയും നിങ്ങളൊക്കെ വലിയ കളിക്കാരായിട്ട് ഇവിടെത്തന്നെ നിന്ന് കളിച്ചോ. ഞാന്‍ ഐ എം വിജയന്റെ ഒപ്പം വരെ കളിച്ചിട്ടാണ് വന്നതെന്ന്, അതുപോലെ സി കെ വിനീതിന്റെയൊപ്പവും, കാര്യം പറമ്പിലെ കളിയാണ് (പൊട്ടിച്ചിരിക്കുന്നു) പക്ഷെ അവരുടെ കൂടെയൊക്കെ ഞാന്‍ കളിച്ചില്ലേ. തിയേറ്ററും ഫുട്‌ബോളും തമ്മില്‍ ഭയങ്കര ബന്ധമുണ്ട്. തിയേറ്ററിലും, ഫുട്‌ബോളിലും ടീം വര്‍ക്കാണ്, ഒറ്റക്കൊന്നും സാധിക്കില്ല. കൊടുത്ത്, പാസ് ചെയ്ത്, പാസ് ചെയ്ത് ബൂസ്റ്റ് ചെയ്ത് അടിച്ചു തീര്‍ക്കുന്നു. ക്ലൈമാക്‌സില്‍ ആര് കൊണ്ടുപോയിത്തീര്‍ക്കുമെന്ന് അറിയില്ല. തുടങ്ങി വെക്കുന്നവരൊന്നുമായിരിക്കില്ല അവസാനിപ്പിക്കുക. നാടകം കര്‍ട്ടന്‍ പൊങ്ങി ആദ്യത്തെ ഡയലോഗ് പറയുന്ന ആള്‍ അത് നല്ല പഞ്ചില്‍, സ്‌ട്രോങ്ങായി കൃത്യമായി ഇട്ട് കൊടുത്തു കഴിഞ്ഞാല്‍ പിന്നെ വരുന്ന ആള്‍ അത് പിടിച്ച് പിടിച്ച് അത് കൊണ്ട് തീര്‍ക്കുന്നത് വേറെയാരോ ആയിരിക്കും. ഒരു ഫുട്‌ബോള്‍ പ്ലെയറും ഒരു നാടക കലാകാരനും തമ്മില്‍ ഭയങ്കര ബന്ധമുണ്ട്. ഇരുവരുടെയും ബോഡിയും സ്പിരിറ്റും ഒന്നാണ്.