ലാലിന് സ്‌നേഹത്തോടെ സ്വന്തം ഇച്ചാക്കാ…

മോഹന്‍ലാലിന് ഹൃദയത്തില്‍ തൊടുന്ന പിറന്നാളാശംസയുമായി മമ്മൂട്ടി. വീഡിയോയിലൂടെയാണ് ലാലും താനുമായുള്ള ബന്ധത്തിന്റെ അടുപ്പം പങ്കുവെയ്ക്കുന്ന വിശേഷങ്ങള്‍ താരം പങ്കുവെച്ചത്. മമ്മൂട്ടിയുടെ വാക്കുകളിലൂടെ….

‘ലാലിന്റെ ജന്‍മദിനമാണ്. ലാലും ഞാനും തമ്മില്‍ പരിചയമായിട്ട് ഏകദേശം മുപ്പത്തിയൊന്‍പത് വര്‍ഷങ്ങള്‍ കഴിഞ്ഞു. പടയോട്ടത്തിന്റെ സെറ്റില്‍ വെച്ചാണ് ആദ്യമായി കാണുന്നത്. ആ സൗഹൃദം ദാ ഇതുവരെ…എന്റെ സഹോദരങ്ങള്‍ എന്നെ അഭിസംബോധന ചെയ്യുന്നത് പോലെയാണ് മോഹന്‍ലാല്‍ എന്നെ വിളിക്കുന്നത്. ഇച്ചാക്കാ…മറ്റുള്ള പലരും ആലങ്കികാരമായി എന്നെയങ്ങനെ വിളിക്കുമ്പോള്‍ എനിയ്ക്കത്ര സന്തോഷം തോന്നാറില്ല. പക്ഷേ ലാല്‍ വിളിക്കുമ്പോള്‍ എന്റെ സഹോദരങ്ങളിലൊരാള്‍ വിളിക്കുന്ന പോലൊരു തോന്നലാണുണ്ടാകുന്നത്. സിനിമയിലൊരുകാലത്ത് നമുക്ക് രണ്ടുപേര്‍ക്കും ഒരു പേരായിരുന്നു. അന്ന് ഉള്ള പലരും ഇപ്പോഴില്ല…ചിലരെല്ലാം കൂടെയുണ്ട്…. അന്ന് നമ്മള്‍ സിനിമയെ ഗൗരവത്തോടെ കണ്ടെങ്കിലും ജീവിതത്തെ അങ്ങനെ കണ്ടവരായിരുന്നില്ല. അന്ന് കോളേജ് കുട്ടികളെ പോലെ കളിച്ചും ചിരിച്ചും രസിച്ചുമാണ് നമ്മള്‍ കടന്നുപോയതെങ്കിലും തൊഴിലിനോട് ആത്മാര്‍ത്ഥമായ സമീപനമായിരുന്നു നമുക്കുണ്ടായിരുന്നത്. പഠിയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് മാത്രം നന്നായി പഠിക്കുന്ന പോലെയുള്ള സമീപനമായിരുന്നു നമുക്ക്. അങ്ങനെയുള്ള പരീക്ഷയില്‍ നമുക്ക് സാമാന്യം നല്ല മാര്‍ക്ക് കിട്ടിയത് കൊണ്ടാണ് നമ്മളിപ്പോള്‍ ആളുകള്‍ ഇത്രയൊക്കെ സ്‌നേഹിക്കുകയും വാഴ്ത്തുകയും ചെയ്ത നടന്‍മാരായത്. പക്ഷേ അതിനുശേഷമുള്ള നമ്മുടെ യാത്ര വളരെ നീണ്ടൊരു യാത്രയാണ്. ചില്ലറ പരിഭവവുും പിണക്കങ്ങളുമൊക്കെ നേരിടുകയാണെങ്കിലും അതെല്ലാം ഐസ് പോലെ അലിഞ്ഞുപോകുന്നത് നമ്മളൊരുപാട് അനുഭവിച്ചിട്ടുണ്ട്. എന്റെ മകളുടേയും മകന്റേയുമെല്ലാം വിവാഹം സ്വന്തംവീട്ടിലെ വിവാഹം പോലെയാണ് ലാല്‍ നടത്തി തന്നതെനിക്ക് ഓര്‍മ്മയുണ്ട്. അപ്പുവിനെ ആദ്യമായി സിനിമയിലഭിനയിപ്പിക്കാന്‍ പോയപ്പോള്‍ എന്റെ വീട്ടില്‍ നിന്നനുഗ്രഹം വാങ്ങിയതെല്ലാം ഞാന്‍ ഓര്‍ക്കുന്നു. അതിനുമപ്പുറത്തേക്ക് നമ്മള്‍ തമ്മില്‍ സിനിമാനടന്‍മാര്‍ എന്നതിനപ്പുറം ഒരു വലിയ സൗഹൃദം വളര്‍ന്നിരുന്നു. ഈ യാത്ര നമുക്ക് താടരാം…ഇനിയെത്രകാലമെന്നറിയില്ല… പക്ഷേ നമ്മള്‍ യാത്രചെയ്യുകയാണ് പുഴയൊഴുകുന്നത് പോലെ, കാറ്റ് വീശുന്നത് പോലെ നമ്മുടെ സൗഹൃദയാത്ര തുടരാം. നമ്മുടെ ജീവിതപാഠങ്ങള്‍ നമുക്ക് പിന്നാലെ വരുന്നവര്‍ക്ക് മനസ്സിലാക്കാനുള്ള പാഠങ്ങളാവട്ടെ. മലയാളത്തിന്റെ ഈ അത്ഭുതകലാകാരന്, ലാലിന്, മലയാളികളുടെ ലാലേട്ടന്, മലയാളസിനിമ കണ്ട മികച്ച നടന്, പ്രിയപ്പെട്ട മോഹന്‍ലാലിന് ജന്‍മദിനാശംസകള്‍’