മോഹന്‍ലാലിന്റെ ബറോസ് വൈകും….റാമിന് മുന്‍പ് ദൃശ്യം2

മോഹന്‍ലാല്‍ എന്ന നടനെ സംബന്ധിച്ചിടത്തോളം മൂന്നു പ്രധാനപ്പെട്ട പ്രൊജക്റ്റുകളാണ് മുന്നിള്ളത്. റാം ചിത്രീകരണം പാതിവഴിയില്‍ നില്‍ക്കുന്നതിനിടെ കോവിഡ് പ്രതിസന്ധിയില്‍ ഉരുത്തിരിഞ്ഞ ആശയമാണ് ദൃശ്യത്തിന് രണ്ടാം ഭാഗമെന്നത്. ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ ഉടനെ ദൃശ്യം രണ്ടിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ചിത്രം2 വളരെ ത്രില്ലിങ് ആവുമെന്നാണ് പ്രതീക്ഷയെന്നും താരം കൂട്ടിച്ചേര്‍ത്തു. സിനിമാലോകം മൊത്തം അനിശ്ചിതാവസ്ഥയില്‍ ആയതോടെ ചിത്രങ്ങളുടെ ഭാവിയെന്താവുമെന്ന കാര്യത്തിലും ആശങ്കകള്‍ ഏറെയാണെന്നും ലാല്‍ വ്യക്തമാക്കി. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് വലിയ പ്രൊജക്റ്റാണ്. ഈ സിനിമയുടെ അണിയറപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് കോവിഡ് എത്തിയത്. ബറോസ്. മുന്നോട്ട് എന്തുവേണമെന്ന ആലോചനകളിലാണ് ഇപ്പോള്‍. അതേസമയം പോര്‍ച്ചുഗല്‍, സ്‌പെയ്ന്‍, ഘാന, യു.എസ് എന്നിവിടങ്ങളില്‍ നിന്നെല്ലാം താരങ്ങളെത്താനുള്ളതിനാല്‍ ചിത്രം വൈകിയേക്കുമെന്ന സൂചനകളാണ് മോഹന്‍ലാല്‍ നല്‍കുന്നത്. ത്രീ ഡി ചിത്രമായാണ് ബറോസ് ഒരുങ്ങുക.

പിറന്നാള്‍ ദിനത്തില്‍ ചെന്നൈയിലെ വീട്ടിലാണ് മോഹന്‍ലാല്‍ ഉള്ളത്.. ഒപ്പം ഭാര്യ സുചിത്രയും മകന്‍ പ്രണവ് മോഹന്‍ലാലുമുണ്ട്. ഈ ദിവസം അമ്മ അടുത്തില്ലെന്നത് വളരെ മിസ് ചെയ്യുന്നുവെന്നും വലിയ ആഘോഷങ്ങളൊന്നുമില്ലാത്ത ഒരു സാധാരണ ദിവസമാണ് തനിക്കിതെന്നും താരം പറഞ്ഞു. റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങളെ കുറിച്ച് വ്യക്തമായ ഉത്തരം തരാന്‍ ആവില്ലെന്ന് താരം ഓണ്‍ലൈന്‍ അഭിമുഖത്തില്‍ പറഞ്ഞു. ലോകം മുഴുവന്‍ ശരിയായാല്‍ മാത്രമേ സിനിമാലോകവും സജീവമാകൂ. എന്റര്‍ടെയിന്‍മെന്റ് ഇന്‍ഡസ്ട്രി, സ്‌പോര്‍ട്‌സ്, ടൂറിസം ഒക്കെ ഇപ്പോള്‍ അടിയില്‍ പെട്ടു കിടക്കുകയാണ്. എല്ലാം പഴയതുപോലെയാവാന്‍ സമയമെടുക്കും. മരക്കാര്‍ ഇറങ്ങാന്‍ കേരളത്തിലെയോ ഇന്ത്യയിലെയോ മാത്രം തിയേറ്ററുകള്‍ തുറന്നിട്ട് കാര്യമില്ല, ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കേണ്ട ചിത്രമാണത്. അതിന് സമയെടുക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഒടിടി പ്ലാറ്റ്‌ഫോമുകളെ കുറിച്ചും ഡിജിറ്റല്‍ റിലീസ് സാധ്യതകളെ കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടുകളും മോഹന്‍ലാല്‍ പങ്കുവച്ചു.തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ ചിത്രീകരിച്ച സിനികള്‍ മറ്റ് പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യാതെ കാത്ത് വയ്ക്കുന്നതാണ് മാന്യത. ഓവര്‍ ദി ടോപ് പ്ലാറ്റ്‌ഫോമുകള്‍ക്ക് വേണ്ടിയെടുത്ത സിനിമകള്‍ അവിടെ റിലീസ് ചെയ്യട്ടെ. സിനിമ നടീനടന്മാരുടേത് മാത്രമല്ല, ആയിരക്കണക്കിനുപേരുടെ ആശ്രയമാണ്. ഓണ്‍ലൈനിനായി മാത്രം സിനിമകള്‍ വരട്ടെ.