
മമ്മൂട്ടിയെ നായകനാക്കി ‘ഫാലിമി’ ഫെയിം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘മേള’യുടെ ചിത്രീകരണം നൂറു ദിവസങ്ങൾ പിന്നിട്ടു. മമ്മൂട്ടി കമ്പനി തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ ലൊക്കേഷൻ ദൃശ്യങ്ങൾ കോർത്തിണക്കിയ പ്രത്യേക വീഡിയോ പങ്കുവെച്ചാണ് ഈ നേട്ടം ആരാധകരെ അറിയിച്ചത്. ‘മേളയുടെ യാത്ര തുടരുകയാണ്, ആവേശവും ആഘോഷവും ഇനിയും കൂടാനിരിക്കുന്നതേയുള്ളൂ’ എന്ന കുറിപ്പോടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
മമ്മൂട്ടി കമ്പനിയുടെ ഒൻപതാമത്തെ നിർമാണ സംരംഭമായ ഈ ചിത്രത്തിലൂടെ നിതീഷ് സഹദേവും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. സംവിധായകൻ നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
മമ്മൂട്ടിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരുന്നു. കറുത്ത ഷർട്ടും മുണ്ടും ധരിച്ച്, കൈയിൽ വെട്ടുകത്തിയുമായി ഇരിക്കുന്ന മമ്മൂട്ടിയുടെ മാസ് ലുക്കാണ് പോസ്റ്ററിലുണ്ടായിരുന്നത്. ഒരു ഗ്യാങ്സ്റ്റർ വേഷത്തിലാണ് താരം ചിത്രത്തിൽ എത്തുന്നതെന്നാണ് സൂചന. മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു തകർപ്പൻ മാസ് ആക്ഷൻ എന്റർടെയ്നറായിരിക്കും ‘മേള’ എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന ഉറപ്പ്.
ചിത്രത്തിന്റെ സാങ്കേതിക നിരയിലും പ്രമുഖരാണ് അണിനിരക്കുന്നത്. വിഷ്ണു വിജയ് സംഗീതവും ജിംഷി ഖാലിദ് ഛായാഗ്രഹണവും നിർവഹിക്കുന്നു. ബ്ലെസ് തോമസാണ് എഡിറ്റിങ്. ഷാജി നടുവിലാണ് പ്രൊഡക്ഷൻ ഡിസൈനർ. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് തീയതി അണിയറപ്രവർത്തകർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.