
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ലോകമെമ്പാടും വിപുലമായ സന്നദ്ധ രക്തദാന ക്യാമ്പുകളും ജീവകാരുണ്യ പ്രവർത്തനങ്ങളും സംഘടിപ്പിക്കും. സെപ്റ്റംബർ 7-ന് നടക്കുന്ന ജന്മദിനത്തോടനുബന്ധിച്ച് മമ്മൂട്ടി ഫാൻസ് അസോസിയേഷൻ ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ 17 രാജ്യങ്ങളിലായി 40,000 യൂണിറ്റ് രക്തം ശേഖരിക്കുകയാണ് പ്രധാന ലക്ഷ്യം.
ഒരു മാസത്തിനുള്ളിൽ ലക്ഷ്യം കൈവരിക്കാൻ ലക്ഷ്യമിടുന്ന ഈ സംരംഭത്തിന് ആരാധകർക്ക് പുറമെ കോളേജ് വിദ്യാർഥികൾ, കോർപ്പറേറ്റ് ജീവനക്കാർ, സന്നദ്ധ-സാംസ്കാരിക സംഘടനാ പ്രവർത്തകർ എന്നിവരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ 25,000 പേരായിരുന്നു രക്തദാനത്തിൽ പങ്കെടുത്തതെന്നും ഇത്തവണ നിരവധി പ്രമുഖ വ്യക്തികളും ക്യാമ്പുകളിൽ പങ്കാളികളാകാൻ താല്പര്യം അറിയിച്ചിട്ടുണ്ടെന്നും സംഘടനയുടെ ഇന്റർനാഷണൽ സെക്രട്ടറി സഫീദ് മുഹമ്മദ് ദുബായിൽ വ്യക്തമാക്കി.
രക്തദാനത്തിന് പുറമെ വിപുലമായ സാമൂഹിക സേവന പദ്ധതികളാണ് കേരളത്തിലും ആസൂത്രണം ചെയ്തിരിക്കുന്നത്. അനാഥാലയങ്ങളിൽ അന്നദാനം, പരിസര ശുചീകരണം, വിവിധ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ എന്നിവ സംസ്ഥാനത്തുടനീളം ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ കേരള സംസ്ഥാന പ്രസിഡന്റ് ആലൻ പീറ്റർ അറിയിച്ചു. പദ്ധതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് +917034634369 എന്ന നമ്പറിൽ ബന്ധപ്പെടാം.