“അന്ന് നടനാകാന്‍ വേണ്ടിയിരുന്ന കഴിവോ ശാരീരിക സൗന്ദര്യമോ എനിക്കുണ്ടായിരുന്നില്ല”; മോഹൻലാൽ

','

' ); } ?>

സ്വന്തം ജീവിതത്തിൽ മാതാപിതാക്കൾ നൽകിയ സ്വാതന്ത്ര്യമാണ് തന്റെ മക്കൾക്കും താൻ നൽകിയിരിക്കുന്നതെന്ന് നടൻ മോഹൻലാൽ. ബിരുദം പൂർത്തിയാക്കി സർക്കാർ ജോലി നേടണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹമെങ്കിലും, ഇഷ്ടമുള്ള മേഖല തിരഞ്ഞെടുക്കാൻ മാതാപിതാക്കൾ തനിക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരുന്നുവെന്നും, വലിയ അഭിനയശേഷിയോ ശാരീരിക സൗന്ദര്യമോ ഉണ്ടെന്ന പ്രതീക്ഷയിലല്ല, മറിച്ച് കുറച്ച് ധൈര്യത്തിന്റെയും സൗഹൃദങ്ങളുടെയും ബലത്തിലാണ് അഭിനയത്തിലേക്ക് ഇറങ്ങിത്തിരിച്ചതെന്നും മോഹൻലാൽ പറഞ്ഞു. മകൾ വിസ്മയയുടെ ആദ്യ ചിത്രം തുടക്കത്തിന്റെ സംവിധായകന്‍ ജൂഡ് ആന്തണിക്കും, വിസ്‌മയക്കുമൊപ്പം അമൃത ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തി സംസാരിക്കുകയായിരുന്നു മോഹൻലാൽ.

മോഹൻലാലിന്റെ വാക്കുകൾ:

പ്രീ ഡിഗ്രി സമയത്താണ് ഞാന്‍ ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. അന്ന് സിനിമയില്‍ അഭിനയിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. പലരും മദ്രാസില്‍ പോയികിടന്ന് കഷ്ടപ്പെട്ടിട്ടും പരാജയപ്പെട്ടിട്ടുണ്ട്. ചിലര്‍ ആകും. എന്റെ അച്ഛനും അമ്മയ്ക്കും വിശ്വാസമുണ്ടായിരുന്നില്ല. സിനിമയില്‍ അഭിനയിച്ച് ഇയാള്‍ എന്താകാനാണ് എന്നാണ് ചോദിച്ചത്. ഡിഗ്രി പൂര്‍ത്തിയാക്കാനും സര്‍ക്കാര്‍ ജോലി നേടാനുമാണ് അച്ഛന്‍ പറഞ്ഞത്. 48 വര്‍ഷം മുമ്പത്തെ കാര്യമാണ്.

പക്ഷെ എനിക്ക് ഇഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യം തന്നിരുന്നു. മഞ്ഞില്‍ വിരിഞ്ഞപൂക്കളുടെ സെറ്റില്‍ വച്ചാണ് ഞാന്‍ ബികോം പാസായ വിവരം അറിയുന്നത്. എനിക്ക് അവര്‍ ആ സ്വാതന്ത്ര്യംതന്നിരുന്നു. അവരും ഞാനും പ്രതീക്ഷിച്ചിരുന്നില്ല ഞാന്‍ നടനാകുമെന്ന്. കാരണം എനിക്ക് നടനാകണം എന്ന ആഗ്രഹമുണ്ടായിരുന്നു. അന്ന് നടനാകാന്‍ വേണ്ടിയിരുന്ന കഴിവോ ശാരീരിക സൗന്ദര്യമോ എനിക്കുണ്ടായിരുന്നില്ല. ഒരു ധൈര്യത്തിന്റേയും സൗഹൃദത്തിന്റേയും പുറത്ത് എന്താണെന്ന് പോലും അറിയാതെ പോയി അഭിനയിച്ചതാണ്. അങ്ങനെ ഇതാ ഇപ്പോള്‍ നിങ്ങളുടെ മുന്നിലിരിക്കുന്നു.

അതേ സ്വാതന്ത്ര്യം ഞാനും സുചിയും ഞങ്ങളുടെ കുട്ടികള്‍ക്കും കൊടുത്തിരുന്നു. അവര്‍ക്ക് അവരുടേതായ യാത്രകള്‍ ചെയ്യാം, തീരുമാനമെടുക്കാം. അതിനുള്ള സ്വാതന്ത്ര്യം കൊടുത്തിരുന്നു. അപ്പുവിന് സിനിമയില്‍ വരാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. പക്ഷെ അയാള്‍ സിനിമയില്‍ വന്നു. അതിനെ ഞാന്‍ കാണുന്നത് കാലത്തിന്റെ നിയോഗമായിട്ടാണ്. ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ബെസ്റ്റ് ആക്ടറാകുന്നത്. എന്റെ മകനും ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ബെസ്റ്റ് ആക്ടറായി. മായയും സ്കൂളില്‍ പഠിക്കുമ്പോള്‍ ബെസ്റ്റ് ആക്ടറായിട്ടുണ്ട്.

അന്ന് മുതലേ അവര്‍ക്ക് അതിനോടുള്ള താല്‍പര്യമുണ്ട്. ഒരു ഘട്ടത്തില്‍ അയാള്‍ക്ക് സമ്മതിക്കേണ്ടി വന്നു. അയാള്‍ പോലുമറിയാതെ സിനിമയില്‍ വന്നു. മായയ്ക്ക് സിനിമയില്‍ അഭിനയിക്കണം എന്നുണ്ടായിരുന്നു. പിന്നീടാണ് ഞങ്ങള്‍ അറിയുന്നത്. അവര്‍ അവരുടേതായ രീതിയിലൂടെ സഞ്ചരിച്ചു. അങ്ങനൊരു കാര്യം പറഞ്ഞപ്പോള്‍ ഞങ്ങള്‍ സമ്മതിച്ചു. എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കേണ്ടത് നമ്മള്‍ തന്നെയാണ്. ഞാന്‍ തുടങ്ങിയ കാലത്ത് ഒന്നുമുണ്ടായിരുന്നില്ല. ശൂന്യതയില്‍ നിന്നാണ് കയറി വന്നത്. ഇവര്‍ക്ക് ഒരുപാട് സൗകര്യങ്ങളുണ്ട്. ഇനി അവരാണ് തീരുമാനിക്കേണ്ടത് എങ്ങനെയാണ് മുന്നോട്ട് കൊണ്ടു പോകേണ്ടത് എന്ന്.