
തുടർച്ചയായ ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും അഭിനയത്തോടുള്ള തന്റെ അടങ്ങാത്ത ആവേശം വ്യക്തമാക്കി കീർത്തി സുരേഷ്. ഉറക്കമൊഴിച്ച് 41 മണിക്കൂറോളം തുടർച്ചയായി ജോലി ചെയ്യേണ്ടി വന്ന അനുഭവം പങ്കുവെച്ചുകൊണ്ട് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ആരാധകർക്കിടയിലും സിനിമ ലോകത്തും പ്രധാന ചർച്ചാവിഷയം.
ഒരു ഷൂട്ടിംഗ് സെറ്റിൽ നിന്ന് മറ്റൊന്നിലേക്ക് വിശ്രമമില്ലാതെ ഓടിയെത്തേണ്ടി വന്നതിനെക്കുറിച്ചാണ് താരം തുറന്നുപറഞ്ഞത്. രാവിലെ 6 മണിക്ക് ഇറങ്ങി കൃത്യം 24 മണിക്കൂർ പൂർത്തിയായ ശേഷമാണ് മുറിയിൽ തിരിച്ചെത്തിയതെന്നും, ഒരു മണിക്കൂറിനുള്ളിൽ അടുത്ത പ്രൊജക്റ്റിലേക്ക് കടക്കണമെന്നും കീർത്തി വ്യക്തമാക്കി. എന്നാൽ ഇത്രയും കഠിനാധ്വാനം ചെയ്യേണ്ടി വരുന്നുണ്ടെങ്കിലും അതിൽ പരാതികളൊന്നുമില്ലെന്നും, സിനിമകളിൽ സജീവമായിരിക്കാൻ കഴിയുന്നത് വലിയൊരു അനുഗ്രഹമായാണ് കാണുന്നതെന്നും താരം കൂട്ടിച്ചേർത്തു. അത്രയധികം ദൈർഘ്യമേറിയ ഷെഡ്യൂളിന് ശേഷമാണ് ഒടുവിൽ ശാന്തമായി ഉറങ്ങാൻ കഴിഞ്ഞതെന്നും അവർ കുറിച്ചു.
നിലവിൽ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി വൻ പദ്ധതികളാണ് കീർത്തിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ജെ.കെ. ചന്ദ്രു സംവിധാനം ചെയ്ത ‘റിവോൾവർ റീത്ത’ എന്ന ക്രൈം കോമഡിയാണ് താരത്തിന്റേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. ആന്റണി പെപ്പെ നായകനാകുന്ന ‘തോട്ടം’, ഗണേഷ് രാജ് ചിത്രം ‘കണ്ണിവെടി’, വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള ‘റൗഡി ജനാർദ്ധന’, രാജ്കുമാർ റാവുവിനൊപ്പം അഭിനയിക്കുന്ന ‘റഫ്താർ’, വെങ്കിടേഷ്-അനിൽ രവിപുഡി കൂട്ടുകെട്ടിലെ ചിത്രം, മിഷ്കിൻ കേന്ദ്രകഥാപാത്രമാകുന്ന ‘സത്യവാൻ സാവിത്രി’ തുടങ്ങി നിരവധി ബിഗ് ബജറ്റ് സിനിമകളാണ് താരത്തിന്റെ വരാനിരിക്കുന്ന പ്രൊജക്റ്റുകൾ.