
നടനും പുതുതായി എംഎൽഎയായി ചുമതലയേറ്റതുമായ രമേഷ് പിഷാരടിയും മെഗാസ്റ്റാർ മമ്മൂട്ടിയും ഒരുമിച്ച് പങ്കെടുത്ത അവാർഡ് ചടങ്ങിലെ സരസമായ സംഭാഷണങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ജനപ്രതിനിധിയായ ശേഷം ആദ്യമായാണ് രമേഷ് പിഷാരടി മമ്മൂട്ടിക്കൊപ്പം ഒരു വേദിയിലെത്തുന്നത്. രാഷ്ട്രീയവും സിനിമയും ചേർന്ന വേദിയിലെ ഇരുവരുടെയും വാക്കുകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
“താൻ ഏതായാലും ഒരു എംഎൽഎ അല്ല. അഭിനയിക്കാൻ ആർക്കും പറ്റും, എന്നാൽ എംഎൽഎ ആയി ജീവിക്കാനാണ് പാട്” എന്ന മമ്മൂട്ടിയുടെ രസകരമായ പരാമർശത്തോടെയാണ് വേദി സജീവമായത്.
തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വൺ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ഒരു പ്രമുഖ ഡയലോഗ് താൻ പ്രസംഗങ്ങളിൽ ഉപയോഗിച്ചിരുന്നുവെന്ന് രമേഷ് പിഷാരടി ചടങ്ങിൽ വെളിപ്പെടുത്തി. “ജനങ്ങളെ ഭരിക്കാൻ വേണ്ടിയാകരുത്, ജനങ്ങൾക്ക് വേണ്ടി ഭരിക്കാനാകണം ഓരോ ജനപ്രതിനിധിയും മുന്നോട്ട് പോകേണ്ടത്” എന്നതായിരുന്നു ആ വരികൾ. എന്നാൽ ആ സിനിമയുടെ തിരക്കഥയിൽ ഇല്ലാതിരുന്ന, മമ്മൂട്ടി സ്വന്തമായി കൂട്ടിച്ചേർത്ത ഡയലോഗായിരുന്നു അതെന്ന രഹസ്യവും പിഷാരടി വേദിയിൽ പങ്കുവെച്ചു.
ഇതിന് മറുപടിയായി, താൻ പറഞ്ഞ ആ രാഷ്ട്രീയ നിലപാട് കൂടുതൽ വ്യക്തതയോടെ മമ്മൂട്ടി വേദിയിൽ വെച്ച് വീണ്ടും ആവർത്തിച്ചു. “ജനങ്ങളെ ഭരിക്കാൻ വേണ്ടിയല്ല, ജനങ്ങൾക്ക് വേണ്ടി ഭരിക്കാനാണ് ജനാധിപത്യ ഗവൺമെന്റ്” എന്നായിരുന്നു മമ്മൂട്ടിയുടെ തിരുത്ത്. രാഷ്ട്രീയക്കാരനായി മാറിയ തന്റെ അടുത്ത സുഹൃത്തിനെ സാക്ഷി നിർത്തി മമ്മൂട്ടി പറഞ്ഞ ഈ വാക്കുകൾ കൈയടികളോടെയാണ് സദസ്സ് സ്വീകരിച്ചത്.