
നേപ്പാളിലെ യോദ്ധാ സിനിമയുടെ ചിത്രീകരണത്തിനിടെ മദ്യപിച്ചെത്തിയ ജനക്കൂട്ടത്തിൽ നിന്നും നടൻ മോഹൻലാൽ തങ്ങളെ രക്ഷിച്ച അനുഭവം പങ്കുവെച്ച് നടി മധുബാല. ‘കുനു കുനെ ചെറു കുറുനിരകൾ’ എന്ന പ്രശസ്തമായ ഗാനത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ അത്യന്തം ഭീതിജനകമായ നിമിഷങ്ങളാണ് താരം വെളിപ്പെടുത്തിയത്. തന്റെ പുതിയ ചിത്രമായ ‘ചിന്ന ചിന്ന ആസൈ’യുടെ പ്രമോഷന്റെ ഭാഗമായി പേർളി മാണി ഷോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഈ ഓർമ്മകൾ പുതുക്കിയത്.
നേപ്പാളിലെ ഒരു മാർക്കറ്റ് പരിസരത്തുള്ള പഗോഡയുടെ മുകളിൽ വെച്ചായിരുന്നു ഗാനരംഗത്തിന്റെ ചിത്രീകരണം. വൈകുന്നേരം ആറ് മണിയോടെ അവിടെയുള്ള നാട്ടുകാർ മദ്യപിക്കാറുണ്ടായിരുന്നു. ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ താഴെയുണ്ടായിരുന്ന ജനക്കൂട്ടം തങ്ങൾക്ക് അടുത്തേക്ക് പടികൾ കയറി വരുന്നത് മധുബാലയുടെ ശ്രദ്ധയിൽപ്പെട്ടു. ഇക്കാര്യം അസിസ്റ്റൻസിനോട് ചോദിച്ചെങ്കിലും അവർ അത് ആദ്യം നിഷേധിച്ചു. എന്നാൽ പെട്ടെന്നാണ് മദ്യപിച്ചെത്തിയ വലിയൊരു സംഘം തങ്ങളുടെ തൊട്ടടുത്ത്, കേവലം മൂന്നടി മാത്രം അകലത്തിൽ എത്തിയ കാര്യം എല്ലാവരും തിരിച്ചറിയുന്നത്.
സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ മോഹൻലാൽ ഉടനടി ഇടപെടുകയായിരുന്നു. മോഹൻലാലും സംവിധായകൻ സന്തോഷ് ശിവന്റെ അസിസ്റ്റന്റായ ബിജോയ്യും ചേർന്ന് മധുബാലയുടെ കൈകളിൽ പിടിച്ച് പഗോഡയുടെ സ്റ്റെപ്പുകളിൽ നിന്ന് താഴേക്ക് ചാടി. ആൾക്കൂട്ടത്തിന് നടുവിൽ തങ്ങളെ കാത്തു കിടന്നിരുന്ന കാറിലേക്ക് ഇവർ ഓടിക്കയറുകയായിരുന്നു. സ്ഥലത്ത് ഒരു തരത്തിലും നിയന്ത്രിക്കാൻ പറ്റാത്തത്ര തിരക്കായതിനെ തുടർന്ന് മധുബാലയും കൂടെയുണ്ടായിരുന്ന എട്ട് വനിതാ ഡാൻസർമാരും അടങ്ങുന്ന സംഘം നേരെ പോലീസ് സ്റ്റേഷനിലേക്കാണ് പോയത്.
തന്റെ അച്ഛൻ കൂടെയില്ലാതിരുന്ന ഷൂട്ടിങ്ങിന്റെ ആദ്യ മാസങ്ങളിൽ തനിക്ക് എങ്ങനെയെങ്കിലും വീട്ടിലെത്തിയാൽ മതിയെന്ന ചിന്തയായിരുന്നുവെന്നും, എന്നാൽ സംവിധായകൻ സംഗീത് ശിവനും മോഹൻലാലുമാണ് തന്നെ അവിടെ ഏറ്റവും കൂടുതൽ കംഫർട്ടബിൾ ആക്കിയതെന്നും മധുബാല ഓർത്തെടുത്തു. യോദ്ധയുടെ ലൊക്കേഷനിൽ വെച്ചുണ്ടായ ഈ സംഭവം ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒന്നാണെന്നും താരം കൂട്ടിച്ചേർത്തു. സംഗീത് ശിവൻ സംവിധാനം ചെയ്ത യോദ്ധ മലയാള സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റുകളിൽ ഒന്നാണ്.