കൊറോണ: മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചു

സംസ്ഥാനത്ത് കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചു. കൊറോണയുടെ ഭാഗമായി കേരളത്തിലെ സിനിമാ തിയേറ്ററുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടാന്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചത്. സിനിമ ഷൂട്ടിംഗ് നിര്‍ത്തിവെയ്ക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം അതാത് ചിത്രത്തിന്റെ നിര്‍മ്മാതാവിനും സംവിധായകനും എടുക്കാമെന്ന് ഫെഫ്കയും അറിയിച്ചിരുന്നു.

ആദ്യമായി മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിക്കുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പന്‍, ബേബി മോണിക്ക എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ നിര്‍മ്മാണം ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനുമാണ്. ദീപു പ്രദീപും ശ്യാം മേനോനുമാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. അഖില്‍ ജോര്‍ജാണ് ഛായാഗ്രഹണം.