മമ്മുക്കയുടെ ഓണ്‍ലൈന്‍ മാതൃക

സാങ്കേതിക വിദ്യയെ പിന്തുടരുന്ന കൂട്ടത്തില്‍ മമ്മൂട്ടി എന്ന മെഗാസ്റ്റാര്‍ എക്കാലവും മുന്‍പന്തിയിലുണ്ടാകാറുണ്ട്. ഈ ന്യൂജെന്‍ കാലത്തും താന്‍ ഇപ്പോഴും ഈ കാര്യത്തില്‍ ട്രിപ്പിള്‍ സ്‌ട്രോംഗാണെന്ന് തെളിയിച്ചാണ് മധുരരാജയുടെ പ്രമോഷനായി മമ്മൂട്ടിയെത്തിയത്. ലൂസിഫര്‍ തിയേറ്ററില്‍ തകര്‍ത്തോടുന്ന സമയം, പുതുമുഖ നിര്‍മ്മാതാവിന്റെ 27 കോടി രൂപയില്‍ പത്തുമാസത്തെ അധ്വാനത്തോളമെടുത്ത് നിര്‍മ്മിച്ച മധുരരാജ തിയേറ്ററിലേക്കെത്തുമ്പോള്‍ മെഗാസ്റ്റാര്‍ തന്നെ അതിന്റെ പ്രചരണത്തിനായി നേരിട്ട് കളത്തിലിറങ്ങി. സാധാരണ സിനിമാ പ്രചരണത്തിന് അല്‍പ്പസമയം മാത്രമാണ് സൂപ്പര്‍ സ്റ്റാറുകള്‍ മാറ്റിവെയ്ക്കാറുള്ളതെങ്കില്‍ മധുരരാജയുടെ പ്രചരണത്തിനായി മമ്മൂട്ടി മണിക്കൂറുകളോളമാണ് മാറ്റി വെച്ചത്. ആദ്യ ദിവസത്തെ കൊച്ചിയിലെ പ്രചരണ പരിപാടിയില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ മാത്രമാണ് അദ്ദേഹം അഭിമുഖീകരിച്ചത്. പൊതുവേ ഇത്തരം പ്രചരണപരിപാടികളില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ രണ്ടാംതരക്കാരായി മാറ്റിനിര്‍ത്തുന്ന കാലത്താണ് ആദ്യ ദിനം മുഴുവന്‍ ഇതിനായി മമ്മൂട്ടി ചെലവഴിച്ചത്. മുഴുവന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുമായി വാര്‍ത്താസമ്മേളനം നടത്തി കാര്യങ്ങള്‍ വിശദീകരിച്ച താരം പിന്നീട് ഓരോ ഓണ്‍ലൈനുകള്‍ക്കും വ്യക്തിപരമായി പ്രത്യേകം പ്രത്യേകം അഭിമുഖം നല്‍കാനും ശ്രദ്ധിച്ചു.

മമ്മൂട്ടിയുടെ ഈ രീതി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുപോലും നവ്യാനുഭവമായിരുന്നു. അപക്വമായ ചോദ്യങ്ങള്‍ക്കും, ഗൗരവമേറിയ ചോദ്യങ്ങള്‍ക്കും അതിന്റേതായ ശൈലിയില്‍ തന്നെ മറുപടി നല്‍കി താരം മണിക്കൂറുകളോളം ചെലവഴിച്ചപ്പോള്‍ മമ്മൂട്ടി എന്ന താരത്തെ കുറിച്ച് അതുവരെയുണ്ടായിരുന്ന ധാരണകള്‍ കടപുഴകി വീഴുകയായിരുന്നു. മമ്മൂട്ടി എന്ന മെഗാസ്റ്റാറിന്റെ താരപ്രഭയും പ്രചരണരീതിയുമൊന്നുകൊണ്ടു മാത്രമാണ് മധുരരാജ കളം നിറഞ്ഞാടിയത്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് മാത്രമായി ഒരു ദിവസം അനുവദിച്ച താരം മറ്റ് ചാനലുകളേയും നിരാശരാക്കിയില്ല. ഡിജിറ്റല്‍ കാലത്തെ പ്രചരണ സാധ്യതകളെ ഉപയോഗപ്പെടുത്തേണ്ടതെങ്ങനെയെന്നതിന്റെ ‘ഒരു മമ്മൂട്ടി ഓണ്‍ലൈന്‍ മാതൃക’യായിരുന്നു മധുരരാജയുടെ പ്രമോഷന്‍.