മരം മുറിക്കാതെ വികസനം നടപ്പാക്കണം, CPI(M) കാള്‍ മാര്‍ക്‌സിനെയാണ് ‘M’ സൂചിപ്പിക്കുന്നത്,വിമര്‍ശനവുമായി ആഷിഖ് അബു

ശാന്തിവനം ജൈവ വൈവിധ്യമേഖലയെ നശിപ്പിച്ചുകൊണ്ട് 110 കെവി ലൈന്‍ വലിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പരസ്യ പ്രതികരണവുമായി സംവിധായകന്‍ ആഷിഖ് അബു. പോലീസിനെ ഉപയോഗിച്ച് പ്രദേശത്ത് ടവര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനെതിരെ ജനകീയ പ്രതിരോധം ശക്തിപ്പെട്ട സാഹര്യത്തിലാണ് ആഷിഖ് അബുവിന്റെ പ്രതികരണം. ഒരു മരം പോലും മുറിക്കാതെ വികസനം നടപ്പാക്കണമെന്നും കെഎസ്ഇബി ഇതുവരെ മുടക്കിയ തുക പിരിച്ചുതരാമെന്നും ആഷിക് അബു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

‘KSEB എന്ന സ്ഥാപനം ഇതുവരെ ചിലവഴിച്ച തുക ഞങ്ങള്‍ പിരിച്ചുതരാം. നഷ്ട്ടം കമ്പനി സഹിക്കണ്ട. ഈ വളവ് നേരെയാക്കി, ഒരു മരം പോലും മുറിക്കാതെ വികസനം നടപ്പാക്കണം സര്‍ക്കാര്‍. CPI(M).കാള്‍ മാര്‍ക്‌സിനെയാണ് ‘M’ സൂചിപ്പിക്കുന്നത്. ശാന്തിവനം സംരക്ഷിക്കപ്പെടണം’ ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചു.

ശാന്തിവനം കാലങ്ങളായി സംരക്ഷിക്കുന്ന മീനാ മേനോന്റെ എതിര്‍പ്പ് മറികടന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ഇവിടെ സത്യഗ്രഹവും സമരവും തുടരുകയാണ്. പ്രതിഷേധത്തെ തുടര്‍ന്ന് ടവര്‍ നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിയിരുന്നുവെങ്കിലും പദ്ധതി പൂര്‍ത്തിയാക്കുമെന്ന മന്ത്രി എംഎം മണിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ നിര്‍മ്മാണവുമായി കെഎസ്ഇബി മുന്നോട്ട് പോവുന്നത്. എറണാകുളം ജില്ലയില്‍ വടക്കന്‍ പറവൂര്‍ താലൂക്കിലെ കോട്ടുവള്ളി പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് 2 ഏക്കറോളം വിസ്തൃതിയുള്ള ശാന്തിവനം. മൂന്ന് വലിയ സര്‍പ്പക്കാവുകളും മൂന്ന് വലിയ കുളങ്ങളും ഒരു കുടുംബക്ഷേത്രാരാധനാസ്ഥലവും പലതരം ഔഷധസസ്യങ്ങളും കൂടാതെ പാല, കരിമ്പന, കാട്ടിലഞ്ഞി, ആറ്റുപേഴ് തുടങ്ങിയ വന്മരങ്ങളും ജന്തുജാലങ്ങളും ഉള്ള ഇവിടം സംരക്ഷിക്കണമെന്ന ആവശ്യവുമായി മീനാ മേനോനാണ് ആദ്യമെത്തിയത്.