
ദേശീയ ചലച്ചിത്ര പുരസ്‌കാര നേട്ടത്തിന്റെ സന്തോഷം ‘ഓം’ സിനിമയുടെ സെറ്റിൽ പങ്കുവെച്ച് മമ്മൂട്ടിയും ധനുഷും. ആഘോഷത്തിന്റെ ചിത്രങ്ങൾ മമ്മൂട്ടി തന്നെയാണ് തന്റെ ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ ആരാധകരുമായി പങ്കുവെച്ചത്.
“ഓം സെറ്റിൽ ധനുഷ്, രാജ്‌കുമാർ പെരിയസാമി, കലൈവണ്ണൻ എന്നിവർക്കൊപ്പം ദേശീയ അവാർഡ് നേട്ടം ചെറുതായി ആഘോഷിച്ചപ്പോൾ. എല്ലാവരുടെയും സ്നേഹത്തിനും ആശംസകൾക്കും നന്ദി,” എന്ന് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി കുറിച്ചു.
പുരസ്‌കാര ജേതാക്കളായ സംവിധായകൻ രാജ്കുമാർ പെരിയസാമി, എഡിറ്റർ ആർ. കലൈവണ്ണൻ എന്നിവർക്കൊപ്പമാണ് ചിത്രത്തിന്റെ സെറ്റിൽ വെച്ച് ഈ അപൂർവ്വ നേട്ടം ആഘോഷിച്ചത്. ചിത്രത്തിന്റെ ചിത്രീകരണം ചെന്നൈയിൽ പുരോഗമിക്കുകയാണ്.
72-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ ‘ഭ്രമയുഗ’ത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം നേടി. ധനുഷ് സംവിധാനം ചെയ്ത ‘രായൻ’ മികച്ച തമിഴ് ചിത്രത്തിനുള്ള പുരസ്കാരം നേടി. ക്യാപ്റ്റൻ മില്ലറിലെ അഭിനയത്തിന് ധനുഷ് പ്രത്യേക പരാമർശത്തിന് അർഹനായി. മേജർ മുകുന്ദ് വരദരാജൻ്റെ ജീവിതത്തെ ആസ്‌പദമാക്കി നിർമിച്ച തമിഴ് ചിത്രമായ ‘അമരൻ’ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം രാജ്‌കുമാർ പെരിയസാമിക്ക് ലഭിച്ചു. ചിത്രത്തിലൂടെ മികച്ച എഡിറ്റർക്കുള്ള പുരസ്‌കാരവും ആർ. കലൈവണ്ണനെ തേടിയെത്തി.
രാജ്‌കുമാർ പെരിയസാമി രചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓം’. ചിത്രത്തിൽ കാർത്തികേയൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് സംവിധായകൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ധനുഷ്, മമ്മൂട്ടി, സായ് പല്ലവി, ശ്രീലീല എന്നിവർ അഭിനയിക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് സായ് അഭ്യങ്കർ ആണ്.