
പുതിയ സാങ്കേതികവിദ്യകളോടുള്ള തന്റെ താൽപ്പര്യത്തെക്കുറിച്ച് മനസ്സ് തുറന്ന് മമ്മൂട്ടി. മമ്മൂട്ടി കമ്പനിക്ക് വേണ്ടി അളകനന്ദ നടത്തിയ അഭിമുഖത്തിലാണ് സാങ്കേതിക വിദ്യകളോടുള്ള തന്റെ സമീപനത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചത്. മമ്മൂട്ടിക്ക് പുതിയ ഫോണുകളോടും വാഹനങ്ങളോടും വലിയ താൽപ്പര്യമാണെന്ന് സഹപ്രവർത്തകരും സുഹൃത്തുക്കളും എപ്പോഴും പറയാറുള്ള കാര്യമാണ്. എന്നാൽ താനൊരു ‘യൂസർ’ മാത്രമാണെന്നും അതിനപ്പുറമുള്ള വലിയ അറിവൊന്നും സാങ്കേതിക മേഖലയിൽ തനിക്കില്ലെന്നുമാണ് താരം വ്യക്തമാക്കുന്നത്. പുതിയ ഗാഡ്‌ജെറ്റുകൾ ഉപയോഗിക്കാൻ ഇഷ്ടമാണെങ്കിലും അവയുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് ആഴത്തിലുള്ള അറിവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ പുതിയ ചിത്രമായ ‘പേട്രിയറ്റിന്റെ’ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടയിലാണ് മമ്മൂട്ടിയുടെ വ്യക്തിപരമായ ഇഷ്ടങ്ങളെക്കുറിച്ച് ചോദ്യമുയർന്നത്. മലയാള സിനിമയിലെ ഏറ്റവും വലിയ ടെക് സാവി (Tech-savvy) ആയി അറിയപ്പെടുമ്പോഴും, താൻ കേവലം ഒരു ഉപഭോക്താവ് മാത്രമാണെന്ന മമ്മൂട്ടിയുടെ തുറന്നുപറച്ചിൽ ആരാധകർക്കിടയിൽ ഇതിനോടകം ശ്രദ്ധേയമായിട്ടുണ്ട്.
“ഈ സിനിമയ്ക്ക് വളരെ വിസ്തരിച്ച് ഒരു കഥയുണ്ട്. അത് ചര്‍ച്ച ചെയ്യുന്നത് നമ്മള്‍ കണ്ടുപഴകിയ ഒരു വിഷയം അല്ല. വളരെ പുതിയതും ഇനിയുള്ള കാലം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ചില കാര്യങ്ങളെപ്പറ്റിയുള്ള ഒരു ബോധവത്കരണം കൂടിയാണ്. എന്നുവച്ച് അങ്ങനത്തെ ഒരു സിനിമയല്ല, പ്രൊപ്പഗണ്ട സിനിമയുമല്ല. ഉദാഹരണങ്ങള്‍ വച്ച് ഇങ്ങനെയൊക്കെ നടക്കാം, പക്ഷേ നടക്കരുത് എന്ന് പറയുന്ന സിനിമയാണ്. ഒരു പ്രത്യേക ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയെപ്പറ്റിയാണ് സിനിമ പറയുന്നത്.” മമ്മൂട്ടി പറഞ്ഞു.
താങ്കളുടെ കാര്യത്തില്‍ വ്യക്തിപരമായി അങ്ങനെ ഒരുപാട് കേട്ടിട്ടുണ്ടെന്ന അളകനന്ദയുടെ പരാമര്‍ശത്തിന് മമ്മൂട്ടിയുടെ പ്രതികരണം ഇങ്ങനെ-“അത് ഗാഡ്ജെറ്റ് ആണ്. ഞാന്‍ സാങ്കേതിക വിദഗ്ധനല്ല. ഞാന്‍ ഒരു യൂസര്‍ ആണ്. പുതിയ പുതിയ കാര്യങ്ങള്‍ അറിയുമ്പോള്‍ നമുക്ക് സ്വാഭാവികമായും എല്ലാവര്‍ക്കും ഉണ്ടാകുന്ന ഒരു കൗതുകവും ആശങ്കയും ഒക്കെ മാത്രമേ ഉള്ളൂ. അത് ഒരുപക്ഷേ എന്നില്‍ ഇപ്പോഴും വളരാതെ കിടക്കുന്ന ഒരു കുട്ടി ഉള്ളതുകൊണ്ടാവാം.
പുതിയ കളിപ്പാട്ടങ്ങളോടുള്ള ഒരു ഭ്രമം, അത് കാണുമ്പോഴുള്ള ഒരു ആവേശം. അതൊക്കെയേ ഉള്ളൂ. അതിനപ്പുറത്തേക്ക് അത് കൂട്ടണ്ട. ആള്‍ക്കാര്‍ക്ക് അങ്ങനെ ഒരു ധാരണയുണ്ടെങ്കില്‍ അത് തിരുത്തേണ്ട കാലമായി. എനിക്ക് ഒരു പുതിയ ടെക്നോളജി കണ്ടുപിടിക്കാനുള്ള ബുദ്ധിയും വിവരവുമൊന്നുമില്ല. എനിക്ക് വിഷ്വല്‍ ടെകിനോളജിയോടാണ് കുറച്ചുകൂടി താല്‍പര്യം. ഞാന്‍ ഇതിനകത്ത് തന്നെയുള്ള ആള്‍ ആയതുകൊണ്ട്.”,മമ്മൂട്ടി കൂട്ടിച്ചേർത്തു.