
തന്റെ ജീവിതത്തിൽ നല്ലത് സംഭവിക്കുന്നത് കാണാൻ ഇഷ്‌ടപ്പെടാത്ത ചിലരുണ്ടെന്ന് വെളിപ്പെടുത്തി നടൻ മാധവ് സുരേഷ്. തന്റെ ആദ്യ ചിത്രത്തിലെ മറ്റൊരു ഭാഗം ട്രോളുവുകളിൽ വേണ്ട നിറഞ്ഞ സാഹചര്യത്തിൽ പങ്കുവെച്ച കുറിപ്പിന് താഴെ വന്ന കമന്റുകളോട് പ്രതികരിക്കുകയായിരുന്നു താരം.
മാധവ് സുരേഷ് നായകനായി അരങ്ങേറിയ ‘കുമ്മാട്ടിക്കളി’ എന്ന ചിത്രത്തിലെ ഡയലോഗുകൾ സോഷ്യൽ മീഡിയയിൽ വലിയ ട്രോളുകൾക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ “ഡെന്നി നമുക്കിവിടെ വേണ്ട, എവിടെയെങ്കിലും പോയി അവിടെ തുടങ്ങാം നമുക്ക്” എന്ന നായികയുടെ ഡയലോഗിന് മാധവ് നൽകുന്ന മറുപടിയാണ് പുതിയ തമാശകൾക്ക് തിരി കൊളുത്തിയത്. “എന്നിട്ട് ഒളിച്ചിരിക്കാനാണോ… അമ്മച്ചീ, തെറ്റ് ചെയ്‌തത് അവരാണ്, നമുക്കൊന്ന് പ്രതികരിക്കാൻ പോലും പറ്റില്ലേ?” എന്ന ആ ഡയലോഗിൻ്റെ വിഡിയോയ്ക്ക് താഴെ മാധവ് തന്നെ കമന്റുമായെത്തി.
“ദൈവമേ, ഓരോ തവണ കേൾക്കുമ്പോഴും ഇത് കൂടുതൽ മോശമായി തോന്നുന്നു.” എന്നായിരുന്നു മാധവിൻ്റെ സത്യസന്ധമായ പ്രതികരണം. സ്വന്തം സിനിമയിലെ ഡയലോഗിനെ മാധവ് തന്നെ ട്രോളിയത് ആരാധകർക്കിടയിൽ ചർച്ചയായി.
മാധവ് തൻ്റെ പിതാവായ സുരേഷ് ഗോപിയെ അനുകരിക്കാൻ ശ്രമിക്കുകയാണെന്നും വോയിസ് മോഡുലേഷനിൽ സ്വന്തം ശൈലി കൊണ്ടുവരണമെന്നും ഒരാൾ കമൻ്റ് ചെയ്‌തു. ഇതിന് മാധവ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു:
“ബ്രോ, ഒരുപക്ഷേ ഇത് ജനിതകപരമായ കാരണങ്ങളാകാം. എന്റെ അച്ഛനടക്കം ആരെയും അനുകരിക്കാൻ ശ്രമിക്കുന്നില്ല. ഞാൻ എൻ്റെ വഴി കണ്ടെത്താനുള്ള ശ്രമത്തിലാണ്. എന്റെ ജീവിതത്തിൽ നല്ലത് സംഭവിക്കുന്നത് കാണാൻ ഇഷ്‌ടപ്പെടാത്ത ചിലരുണ്ട്. ഇപ്പോൾ ഇത്തരം കാര്യങ്ങളോട് ഞാൻ പൊരുത്തപ്പെട്ടു കഴിഞ്ഞു.” മാധവ് പറഞ്ഞു.
മാധവിന്റെ കമന്ററിന് പിന്നാലെ ഉപദേശങ്ങളും വിമർശനങ്ങളുമായി നിരവധിപേർ എത്തി. മാധവിന്റെ അഭിനയത്തെക്കാൾ ഡബ്ബിങിലും ഡയലോഗ് ഡെലിവറിയിലുമാണ് പ്രശ്‌നമെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. “നല്ലൊരു സംവിധായകന്റെ കൈയ്യിൽ കിട്ടിയാൽ മാധവ് സെറ്റാണ്, ഡബ്ബിങിൽ കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഇത്രയും ട്രോളുകൾ വരില്ലായിരുന്നു” എന്ന് ചിലർ ചൂണ്ടിക്കാട്ടി. തുടക്കക്കാരൻ എന്ന നിലയിൽ അഭിനയം മോശമല്ലെന്നും എന്നാൽ അച്‌ഛന്റെ മാസ് ശൈലി അനുകരിക്കാൻ ശ്രമിക്കുന്നത് നാടകീയത തോന്നിക്കുന്നുണ്ടെന്നും വിമർശകർ പറയുന്നു. എന്നാൽ തന്റെ പോരായ്മകൾ പരസ്യമായി സമ്മതിക്കാനും അതിനോട് പോസിറ്റീവായി പ്രതികരിക്കാനുമുള്ള മാധവിൻ്റെ മനസ്സിനെ അഭിനന്ദിക്കുന്നവരും കുറവല്ല.