ഒരിക്കല്‍ കണ്ടാല്‍ ഒരിക്കലും മറക്കാത്ത കാഴ്ച്ച, മാമാങ്കം ടീസര്‍

മലയാള സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ ടീസര്‍ പുറത്തുവിട്ടു. എം പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധീര ചാവേറുകളുടെ ഇതിഹാസ കഥയാണ് പറയുന്നത്.

കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ ഇതേ വരെ നിര്‍മ്മിച്ചിട്ടുള്ള ഏറ്റവും ചിലവേറിയ സിനിമയായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തിനു പുറമെ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് മാമാങ്കം പുറത്തിറങ്ങുന്നത്. ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്ചുതന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. പ്രാചി തെഹ്ലാന്‍, അനു സിതാര, കനിഹ, ഇനിയ എന്നിവരാണ് നായികമാര്‍. മനോജ് പിള്ളയാണ് ഛായാഗ്രഹകന്‍.

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സെറ്റുകളാണ് മാമാങ്കത്തിനു വേണ്ടി മരടിലും നെട്ടൂരിലുമായി നിര്‍മ്മിച്ചിട്ടുള്ളത്. മരടില്‍ എട്ടേക്കര്‍ ഭൂമിയില്‍ നിര്‍മ്മിച്ച ഭീമാകാരമായ മാളികയില്‍ വെച്ചാണ് ചിത്രത്തിലെ നിര്‍ണ്ണായക രംഗങ്ങളും ഗാന രംഗവും ചിത്രീകരിച്ചിട്ടുള്ളത്.