പദ്‌മഭൂഷൺ ഏറ്റുവാങ്ങി മലയാളത്തിന്റെ മമ്മൂട്ടി; കൈയടിച്ച് ദുൽഖർ, സാക്ഷിയായി കുടുംബം

','

' ); } ?>

പദ്‌മഭൂഷൺ ബഹുമതി ഏറ്റുവാങ്ങി ഇന്ത്യൻ സിനിമയുടെ അഭിമാനതാരം മമ്മൂട്ടി. രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നാണ് അദ്ദേഹം പുരസ്‌കാരം സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭ സ്‌പീക്കർ ഓം ബിർള, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെ കൈകൂപ്പി അഭിവാദ്യം ചെയ്ത ശേഷമാണ് മലയാളത്തിന്റെ പ്രിയനടൻ പുരസ്‌കാരവേദിയിലേക്ക് നീങ്ങിയത്. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ മമ്മൂട്ടിയുടെ കുടുംബവും സുഹൃത്തുക്കളും ഡൽഹിയിൽ എത്തിയിരുന്നു.

അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങുമ്പോൾ സദസ്സിലിരുന്ന് കൈയടിക്കുന്ന മകൻ ദുൽഖർ സൽമാന്റെയും, സന്തതസഹചാരിയും നിർമാതാവുമായ എസ്. ജോർജ്, നിർമാതാവ് ആന്റോ ജോസഫ് എന്നിവരുടെയും സാന്നിധ്യം ശ്രദ്ധേയമായി.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പദ്‌മ പുരസ്‌കാരങ്ങൾ വിതരണം ചെയ്ത ചടങ്ങിൽ മമ്മൂട്ടിയെ കൂടാതെ മറ്റ് പ്രമുഖ മലയാളി വ്യക്തിത്വങ്ങളും ആദരം ഏറ്റുവാങ്ങി. പദ്‌മവിഭൂഷൺ ജേതാക്കളായ ജസ്റ്റിസ് കെ.ടി. തോമസ്, പി. നാരായണൻ എന്നിവരും മമ്മൂട്ടിക്കൊപ്പം പദ്‌മഭൂഷണ് അർഹനായ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രാഷ്ട്രപതിയിൽ നിന്ന് പുരസ്‌കാരം സ്വീകരിച്ചു. പ്രശസ്ത ഗായിക അൽക യാഗ്നിക്കും ചടങ്ങിൽ പദ്‌മഭൂഷൺ ഏറ്റുവാങ്ങി.

കഴിഞ്ഞ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മമ്മൂട്ടി ഏറ്റുവാങ്ങുന്ന അതേദിവസം തന്നെയാണ് രാജ്യം അദ്ദേഹത്തെ പദ്‌മഭൂഷൺ നൽകി ആദരിക്കുന്ന വാർത്തയും പുറത്തുവന്നത് എന്നത് സവിശേഷതയാണ്. 1998-ൽ രാജ്യം പദ്‌മശ്രീ നൽകി ആദരിച്ച മമ്മൂട്ടിയെ തേടി 28 വർഷങ്ങൾക്ക് ശേഷമാണ് പദ്‌മഭൂഷൺ എത്തുന്നത്. മൂന്ന് ദേശീയ പുരസ്‌കാരങ്ങളും മികച്ച നടനുള്ള ഏഴു പുരസ്കാരങ്ങളടക്കം പത്ത് സംസ്ഥാന ചലച്ചിത്ര അവാർഡുകളും ഇതിനോടകം ഈ അഭിനയപ്രതിഭയെ തേടിയെത്തിയിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുഗ്, കന്നഡ ഭാഷകളിലും തന്റെ അഭിനയമുദ്ര പതിപ്പിച്ച മമ്മൂട്ടി, പുതിയ തലമുറയിലെ പരീക്ഷണ ചിത്രങ്ങളിലൂടെ ഇന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഇന്ത്യൻ സിനിമയിലെ തിളങ്ങുന്ന നക്ഷത്രമായി തുടരുകയാണ്.