“അൻസിബയുടെ തെളിഞ്ഞ ബുദ്ധിയും കഴിവും സമൂഹത്തിന് വേണം, നീയൊരു ബോൺ ലീഡറാണ്”; മാലാ പാർവതി

','

' ); } ?>

താരസംഘടനയായ ‘അമ്മ’യുടെ ഇനിവരുന്ന തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനില്ലെന്ന തീരുമാനം നടി അൻസിബ ഹസ്സൻ പുനഃപരിശോധിക്കണമെന്ന് നടി മാലാ പാർവതി. അൻസിബയുടെ തെളിഞ്ഞ ബുദ്ധിയും കഴിവും സമൂഹത്തിന് ഏറെ ആവശ്യമുണ്ടെന്ന് മാലാ പാർവതി തന്റെ സാമൂഹികമാധ്യമ അക്കൗണ്ടിലൂടെ കുറിച്ചു. അസാധാരണമായ എന്തോ ഒരു പ്രത്യേകത അൻസിബയിലുണ്ടെന്ന് വ്യക്തമാക്കിയ അവർ, ആ കഴിവ് നാടിന്റെ നന്മയ്ക്കായി വിനിയോഗിക്കണമെന്നും കൂട്ടിച്ചേർത്തു.

‘അൻസിബ ഇൻസ്റ്റയിൽ ഷെയർ ചെയ്‌ത കത്ത്‌ കണ്ടു. പത്ത് മാസം നേരിട്ട അവഗണനകൾ, അപവാദ പ്രചാരണങ്ങൾ, മനോവീര്യം തകർക്കാനുള്ള ഗൂഢാലോചനകൾ എല്ലാം നേരിട്ട്, തല കുനിക്കാതെ, കണ്ണ് താഴ്ത്താതെ ആർജ്ജവത്തോടെ വാദിച്ച് ജയിച്ച ദിവസമായിരുന്നു ഇന്നലെ. അങ്ങനെ ഒരു ദിവസത്തിന് ശേഷം ഇനി ഒരു അധികാര സ്ഥാനവും വേണ്ട എന്ന് തോന്നുന്നത് സ്വാഭാവികമാണ്. മടുത്തുപോയിട്ടുണ്ടാകും എന്നറിയാം. പക്ഷേ, അൻസിബയുടെ തെളിഞ്ഞ ബുദ്ധിയും കഴിവും സമൂഹത്തിന് വേണം. അമ്മ സംഘടനയിൽ അല്ലെങ്കിൽ പൊതുരംഗത്ത്. കാരണം, നീയൊരു ബോൺ ലീഡറാണ്.’, മാലാ പാർവതി കുറിച്ചു.

‘സമയമെടുത്തോളൂ. അടുത്ത തവണ ഇല്ലെങ്കിൽ വേണ്ട. പക്ഷേ വരാതിരിക്കരുത്. കാരണം ലക്ഷത്തിൽ ഒരാളാണ്. അപൂർവ്വ സിദ്ധിയുണ്ട്. നയിക്കണം. വേട്ടയാടപ്പെടും. തളരരുത്. ഇപ്പോൾ പോലും സൈബർ ആക്രമണങ്ങൾ അടക്കം ഇനിയും അഴിച്ച് വിടാം. കാരണം പലർക്കും മുറിഞ്ഞിട്ടുണ്ട്.

അൻസിബ ഇന്നൊരു പ്രതീക്ഷയാണ്. കേരളം അൻസിബയെ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. കാരണം വലിയ ആക്ഷേപങ്ങളെ, നിഷ്‌കളങ്കമായ ചോദ്യങ്ങൾ ചോദിച്ച് തകർത്തുകളയാനുള്ള ഇച്ഛാശക്തി അത് ഒരു സാധാരണ വ്യക്തിയിൽ കാണാത്ത കഴിവാണ്. തെളിഞ്ഞ ബുദ്ധിയുടെ പ്രതിഫലനമാണ്. അസാധാരണമായ എന്തോ ഒന്ന് അൻസിബയിലുണ്ട്. അത് നാടിന്റെ നന്മയ്ക്കായി വിനിയോഗിക്കണം. മടുത്തുപോകേണ്ട. ധൈര്യമായിട്ടിരിക്കു. ഈ മണ്ണ് ചതിക്കില്ല. ശക്തമായി മുന്നോട്ട് നടക്കണം.’ മാലാ പാർവതി കൂട്ടിച്ചേർത്തു.

താരസംഘടനയായ ‘അമ്മ’യുടെ ഔദ്യോഗിക സ്ഥാനങ്ങളിലേക്ക് ഇനി താൻ മത്സരിക്കാനില്ലെന്ന് നടി അൻസിബ ഹസ്സൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സംഘടനയുമായി ബന്ധപ്പെട്ട് ഇനിയൊരു ഭാരവാഹിത്വത്തിലേക്ക് വരാനോ സ്ഥാനങ്ങൾ വഹിക്കാനോ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ അൻസിബ, ‘അമ്മ’യുടെ ഭാവി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടുപോകട്ടെയെന്നും ആശംസിച്ചു. ശക്തവും കരുണയും ആർജവവുമുള്ള പുതിയ യുവനിര നേതൃത്വത്തിലേക്ക് കടന്നുവരട്ടെ എന്ന് അവർ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു.

സംഘടനയ്ക്കുള്ളിലെ കടുത്ത അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ജോയിന്റ് സെക്രട്ടറിയായിരുന്ന അൻസിബ നേരത്തെ രാജിവെച്ചിരുന്നു. കഴിഞ്ഞ സംഘടനാ തിരഞ്ഞെടുപ്പിൽ എതിരില്ലാതെയായിരുന്നു അൻസിബ തിരഞ്ഞെടുക്കപ്പെട്ടത്. താരസംഘടനയുടെ കുടുംബസംഗമത്തിന്റെ സ്പോൺസർഷിപ്പിനെ ചൊല്ലി ഭരണസമിതിയിലുണ്ടായ അഭിപ്രായഭിന്നതകളാണ് അൻസിബയുടെ രാജിയിലേക്ക് നയിച്ചത്. ഈ രാജിക്ക് പിന്നാലെയാണ് ‘അമ്മ’യിലെ ആഭ്യന്തര പ്രശ്‌നങ്ങൾ ഓരോന്നായി പുറത്തുവന്നത്.

അൻസിബയുടെ രാജിക്ക് പിന്നാലെ കഴിഞ്ഞ ഞായറാഴ്ച കൊച്ചിയിൽ നടന്ന ‘അമ്മ’ ജനറൽ ബോഡി യോഗത്തിൽ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. ഇതിനെത്തുടർന്ന് പ്രസിഡൻ്റ് ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള 17 അംഗ ഭരണസമിതി കൂട്ടരാജി നൽകുകയായിരുന്നു. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങൾ അധികാരമേറ്റ് ഒരുവർഷം പൂർത്തിയാകുംമുമ്പാണ് പടിയിറങ്ങിയത്.

ഭരണസമിതിയുടെ കൂട്ടരാജിയെ തുടർന്ന് രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്ഹോക് കമ്മിറ്റി സംഘടനയുടെ താത്കാലിക ചുമതല ഏറ്റെടുത്തിട്ടുണ്ട്. നാലുമാസ കാലാവധിയുള്ള ഈ സമിതിയുടെ മേൽനോട്ടത്തിൽ ഈ സമയപരിധിക്കുള്ളിൽ പുതിയ തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതിയെ കണ്ടെത്തേണ്ടതുണ്ട്. വരാനിരിക്കുന്ന ഈ തിരഞ്ഞെടുപ്പിൽ അൻസിബ വീണ്ടും ഭാരവാഹിത്വത്തിലേക്ക് വരണമെന്ന് മാലാ പാർവതി ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്ന പശ്ചാത്തലത്തിലാണ് താൻ ഇനി മത്സരത്തിനില്ലെന്ന നിലപാട് അൻസിബ വ്യക്തമാക്കിയത്.