യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തി ലൂസിഫറിലെ ‘കടവുളെ പോലെ’ ഗാനം

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ ലൂസിഫറിലെ ഗാനം യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തി. ചിത്രത്തിലെ ഗാനമായ ‘കടവുളെ പോലെ’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് ഇപ്പോള്‍ യൂട്യൂബില്‍ ട്രെന്‍ഡിംഗായിരിക്കുന്നത്. ഏഴു ലക്ഷത്തിലധികം പേരാണ് ഇതിനോടകം ഗാനം കണ്ടു കഴിഞ്ഞത്. ലോഗന്റെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് ദീപക് ദേവ് ആണ്. കാര്‍ത്തിക് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തിയത്. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തിയത്. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, നന്ദു, ഫാസില്‍, സായ്കുമാര്‍, ബൈജു, നൈല ഉഷ, സാനിയ ഇയ്യപ്പന്‍ എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 50 കോടി ക്ലബ്ബിലും ലൂസിഫര്‍ സ്ഥാനം നേടിയിട്ടുണ്ട്.