ലോഹിതദാസിന്റെ ഓര്‍മ്മകള്‍ക്ക് 10 വയസ്സ്

മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസ് മരിച്ചിട്ട് ഇന്നേക്ക് 10 വര്‍ഷം. പത്മരാജനും ഭരതനും എം.ടിയ്ക്കും ശേഷം മലയാള ചലച്ചിത്രത്തില്‍ ശക്തമായ തിരക്കഥകള്‍ സംഭാവന ചെയ്ത എഴുത്തുകാരനായാണ് ഇദ്ദേഹത്തെ വിലയിരുത്തുന്നത്. തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിവയ്ക്കു പുറമെ ഗാനരചയിതാവ്, നിര്‍മ്മാതാവ്, നാടകകൃത്ത്, ചെറുകഥാകൃത്ത് എന്നിങ്ങനെ വിവിധ മേഖലകളില്‍ ഇദ്ദേഹം തന്റെ കഴിവ് തെളിയിച്ചു. 1955 മെയ് 10 ന് ചാലക്കുടിക്കടുത്താണ് ഇദ്ദേഹം ജനിച്ചത്. ആദ്യകാലത്ത് ചെറുകഥാ രചനയിലായിരുന്നു ശ്രദ്ധയെങ്കിലും ഒരു ചെറുകഥാകൃത്തെന്ന നിലയില്‍ പേരെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

തുടര്‍ന്ന് നാടക രചനയിലേക്ക് തിരിഞ്ഞു. നാടകാചാര്യനായ തോപ്പില്‍ ഭാസി കെ.പി.എ.സിക്കു വേണ്ടി ലോഹിതദാസിന്റെ നാടകം സ്വീകരിക്കുകയും 1986 ല്‍ സംസ്ഥാന നാടക അവാര്‍ഡുകളില്‍ മികച്ച നാടക രചയിതാവായി ‘സിന്ധു ശാന്തമായൊഴുകുന്നു’ എന്ന തന്റെ ആദ്യ നാടകത്തില്‍ തന്നെ ലോഹി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഈ വിജയത്തോടെ അദ്ദേഹം സിനിമാ രംഗത്തേക്കെത്തുകയായിരുന്നു.

1987 ല്‍ തനിയാവര്‍ത്തനം എന്ന സിനിമയ്ക്കു തിരക്കഥയെഴുതിക്കൊണ്ടാണ് സിനിമാ രംഗത്തേക്ക് ലോഹിതദാസ് പ്രവേശിക്കുന്നത്. സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്. ഈ ചിത്രത്തിലൂടെ ഏറ്റവും നല്ല കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും ലോഹി കരസ്ഥമാക്കി.
തനിയാവര്‍ത്തനത്തിനു ശേഷം ലോഹിതദാസ് തിരക്കഥയൊരുക്കിയ മോഹന്‍ലാല്‍ ചിത്രം കിരീടം മലയാളസിനിമയിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി മാറിയിരുന്നു. 1990 ല്‍ ഹിസ് ഹൈനസ് അബ്ദുള്ളയും ഭരതവും 92 ല്‍ കമലദളവും 93 ല്‍ കിരീടത്തിന്റെ രണ്ടാം ഭാഗമായ ചെങ്കോലും ലോഹിയുടെ തിരക്കഥയില്‍ പുറത്തിറങ്ങി. സത്യന്‍ അന്തിക്കാടിനു വേണ്ടി വീണ്ടും ചില വീട്ടുകാര്യങ്ങളും(1999), ഭരതനുവേണ്ടി അമരവും(1991) ലോഹിതദാസിന്റെ തിരക്കഥയില്‍ മലയാളത്തിലെ മികച്ച ചിത്രങ്ങളായി.

1997ല്‍ ഭൂതക്കണ്ണാടി എന്ന ചലച്ചിത്രത്തിലൂടെയാണ് ലോഹിതദാസ് സംവിധാന രംഗത്തേക്ക് കടന്നുവന്നത്. നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡാണ് ഭൂതക്കണ്ണാടിയിലൂടെ ലോഹിതദാസിന് ലഭിച്ചത്. കാരുണ്യം, കന്മദം, അരയന്നങ്ങളുടെ വീട്, ജോക്കര്‍, സൂത്രധാരന്‍, കസ്തൂരിമാന്‍, ചക്കരമുത്ത്, നിവേദ്യം എന്നീ ചിത്രങ്ങള്‍ ലോഹിതദാസ് എന്ന സംവിധായക പ്രതിഭയുടെ കൈയൊപ്പ് പതിഞ്ഞവയാണ്. ആധാരം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, ഉദയനാണ് താരം, സ്‌റ്റോപ്പ് വയലന്‍സ് തുടങ്ങിയ ചില ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്.
കൂടാതെ അരയന്നങ്ങളുടെ വീടിലൂടെ ലക്ഷ്മി ഗോപാലസ്വാമിയും സൂത്രധാരനിലൂടെ മീരാ ജാസ്മിനും നിവേദ്യത്തിലൂടെ ഭാമയും വിനു മോഹനുമൊക്കെ ലോഹിയുടെ കൈപിടിച്ചാണ് വെള്ളിത്തിരയിലേക്ക് പ്രവേശിച്ചത്. 2009 ജൂണ്‍ 28 ന് അദ്ദേഹം അന്തരിച്ചപ്പോള്‍ നഷ്ടമായത് മലയാളത്തിലെ എക്കാലത്തെയും മിച്ച അതുല്ല്യ പ്രതിഭകളിലൊരാളെയായിരുന്നു.