ക്യാപ്റ്റന്‍ ഓഫ് ദി സിനിമ

മലയാള സിനിമയ്ക്ക് താങ്ങാവുന്നതാണ് വലിയ ബഡ്ജറ്റ് സിനിമകളെന്ന് ഒരിക്കല്‍ കൂടെ തെളിയിച്ച ചിത്രമാണ് കായംകുളം കൊച്ചുണ്ണി. റോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധായകന്‍ പരീക്ഷണങ്ങളും പുതുമകളും സമന്വയിപ്പിച്ച് പ്രേക്ഷകരുടെ കൈയ്യടി വാങ്ങാമെന്ന് വീണ്ടും വീണ്ടും തെളിയ്ക്കുകയാണ്. 1997ല്‍ പുറത്തിറങ്ങിയ ‘ഹിറ്റ്‌ലര്‍ ബ്രദേര്‍സ്’ എന്ന സിനിമയില്‍ സഹസംവിധായകനായിട്ടാണ് റോഷന്‍ ആന്‍ഡ്രൂസ് സിനിമ ജീവിതത്തിന് തുടക്കം കുറിച്ചത്. ഉദയനാണ് താരം, നോട്ട്ബുക്ക്, ഇവിടം സ്വര്‍ഗ്ഗമാണ്, കാസനോവ, മുംബൈ പോലീസ്, ഹൗ ഓള്‍ഡ് ആര്‍ യു, സ്‌കൂള്‍ ബസ് തുടങ്ങീ ചിത്രങ്ങളൊരുക്കിയ സംവിധായകന്‍ തന്റെ ഓരോ ചിത്രങ്ങളിലും പുതുമയാണ് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഉദയനാണ് താരം എന്ന ചിത്രത്തിലൂടെ നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ റോഷന്‍, നോട്ട് ബുക്കിലൂടെയും, ഇവിടം സ്വര്‍ഗമാണ് എന്ന ചിത്രത്തിലൂടെയും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മൂന്ന് തവണയാണ് തന്റെ പേരെഴുതി ചേര്‍ത്തത്. കായംകുളം കൊച്ചുണ്ണി പോലുള്ള വലിയ ബഡ്ജറ്റ് എന്ന ക്യാന്‍വാസില്‍ തന്നെയാണോ ഇനിയും റോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധായകന്റെ സിനിമാ സഞ്ചാരം?. സിനിമകളോടുള്ള കാഴ്ച്ചപ്പാടില്‍ അദ്ദേഹത്തില്‍ വന്ന മാറ്റങ്ങളെന്തൊക്കെ?. റോഷന്‍ ആന്‍ഡ്രൂസുമായി സെല്ലുലോയ്ഡ് നടത്തിയ ദീര്‍ഘ സംഭാഷണം.

 • കായംകുളം കൊച്ചുണ്ണി പോലൊരു വലിയ ബജറ്റ് സിനിമ ആദ്യമേ ആലോചിച്ചതാണോ?

സബ്ജക്ടാണ് ബഡ്ജറ്റിനെ തീരുമാനിക്കേണ്ടത്. ബോബി സഞ്ജയ് എഴുതിയ സ്‌ക്രിപ്റ്റിന് ജീവിതം കൊടുത്ത് പ്രേക്ഷകരുടെ ഇടയിലേക്ക് എത്തിക്കാനായിട്ട് വേണ്ടി വരുന്ന ചെലവ് ഉണ്ട്. 1830 എന്ന കാലഘട്ടം പുനര്‍നിര്‍മ്മിക്കണം. അതിന് വേണ്ടി മുടക്കേണ്ട പണമാണ് ഈ പറയുന്ന തുക. പക്ഷെ എന്നെ ഞെട്ടിച്ചൊരു സംഭവം എന്നു പറഞ്ഞാല്‍ വലിയൊരു ബിസിനസ്സ് ഇതില്‍ ഒാപ്പണ്‍ ആയി. ഏറ്റവും വലിയ തുകയ്ക്കാണ് ഡിജിറ്റല്‍ റൈറ്റ്‌സ് സൈന്‍ ചെയ്തിരിക്കുന്നത്. സാറ്റലൈറ്റും ഓവര്‍സീസും എല്ലാ അര്‍ത്ഥത്തിലും പോയി. എല്ലാ രീതിയിലും ഈ ചിത്രം ലാഭം ഉണ്ടാക്കി. ചൈനയുടെ റൈറ്റ്‌സ് നിവിനാണ് എടുത്തിരിക്കുന്നത്. ഈ ഇന്‍ഡസ്ട്രിയില്‍ പുതിയ പുതിയ വാതിലുകള്‍ തുറക്കുക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം. ബോളിവുഡ് സിനിമകള്‍ ചെയ്യുന്ന ടെക്‌നീഷ്യന്‍സിനെയാണ് ഈ സിനിമയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. ഇതിന്റെയെല്ലാം ഏറ്റവും വലിയ ക്രെഡിറ്റ് കൊടുക്കേണ്ടത് ഗോകുലം ഗോപാലനാണ്. ഇത്‌പോലെ സ്വപ്‌നമുള്ള ഒരുപാട് സംവിധായകരുണ്ട് മലയാള സിനിമയില്‍. എനിക്കത് ചെയ്യാനുള്ള അവസരം ലഭിച്ചു. സിനിമ പരാജയമായാലും വിജയമായാലും ആ സിനിമ ചെയ്യാനുള്ള സബ്ജക്ട് കിട്ടുക എന്നുള്ളതാണ്. അതിനൊരു തുക വേണം. ഞാന്‍ ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ മൊത്തം ചിലവ് ആറേകാല്‍ കോടിയാണ്. എട്ട് കോടിയോളം പ്രോഫിറ്റ് വന്നിരുന്നു ആ സിനിമയ്ക്ക്. ആ സിനിമയുടെ കഥ പറയാന്‍ മുപ്പത് കോടിയൊന്നും ആവശ്യമില്ല. മുംബൈ പോലീസ് എന്ന സിനിമയുടെ ബഡ്ജറ്റ് നാല് കോടി എഴുപത്തിയഞ്ച് ലക്ഷമായിരുന്നു. എന്റെ ആദ്യ സിനിമ ഉദയനാണ് താരത്തിന്റെ ബഡ്ജറ്റ് രണ്ട് കോടി എഴുപത്തിയഞ്ച് ലക്ഷമായിരുന്നു. ഓരോ സബ്ജക്ടിനനുസരിച്ചാണ് ബഡ്ജറ്റ് വരേണ്ടത്. മഹാഭാരതംപോലുള്ള സബ്ജക്ടില്‍ സിനിമ രണ്ട് കോടിക്കോ മൂന്ന് കോടിക്കോ ചെയ്യാന്‍ പറ്റുമോ എന്ന് അറിയില്ല. ചിലപ്പോള്‍ പറ്റുമായിരിക്കും.

 • വലിയ ബഡ്ജറ്റ് സിനിമകള്‍ ചെറിയ സിനിമകളുടെ വളര്‍ച്ചയെ തടയുമെന്ന് അഭിപ്രായമുള്ളവരുണ്ട്?

വലുത് ചെറുത് എന്നൊന്നുമില്ല. സിനിമ നല്ലതാണെങ്കില്‍ ആള്‍ക്കാര്‍ പോയി കാണും. എനിക്ക് വളരെ ഇഷ്ടമായ സിനിമയാണ് മഹേഷിന്റെ പ്രതികാരം, സുഡാനി ഫ്രം നൈജീരിയ, വരത്തന്‍ എന്നിവയെല്ലാം. സിനിമ നല്ലതാണെങ്കില്‍ മുന്നോട്ട് പോകും. സിനിമ മോശമാണെങ്കില്‍ ആളുകള്‍ തിരസ്‌ക്കരിക്കും. കേരളത്തില്‍ ഒരു സിനിമ വിജയിക്കുന്നുണ്ടെങ്കില്‍ പ്രേക്ഷകരെ എന്റര്‍ടെയ്ന്‍ ചെയ്യിക്കുന്ന എന്തെങ്കിലും ഒരു കാര്യം അതില്‍ ഉണ്ടാവും. പിന്നെ നമ്മുടെ മുന്നില്‍ സിനിമ കാണാന്‍ ഇരിക്കുന്നത് ഷേക്‌സ്പിയറും, ഒഥല്ലോയും ഫെലിനിയും കുറസോവയുമൊന്നല്ല, നമ്മുടെ തൊട്ടടുത്തുള്ള സാധാരണക്കാരാണ്. എന്റെ സിനിമ കാണാന്‍ ഇരിക്കുന്നത് ഫെലിനിയും കുറസോവയുമൊക്കെയാണെന്ന് ചിന്തിച്ച് സിനിമ ചെയ്താല്‍ ഞാന്‍ ഏറ്റവും വലിയ മണ്ടനായിരിക്കും. സിനിമകള്‍ കണ്ട് ഞാന്‍ ഉണ്ടാക്കിയെടുത്തൊരു പ്രേക്ഷകരുണ്ട് എന്റെ മനസ്സില്‍. അവരെ തൃപ്തിപ്പെടുത്തുന്ന സിനിമകളാണ് ഞാന്‍ ചെയ്യുന്നത്. ദിയാഗോ ഗാര്‍സി എന്നൊരു സിനിമ വരുന്നുണ്ട്. കായംകുളം കൊച്ചുണ്ണിയേക്കാളും നാലിരട്ടി വലുതാണ് ആ സിനിമ. ഞാനും സഞ്ജുവും ചേര്‍ന്ന് പുതിയൊരു സിനിമ ചെയ്യുന്നുണ്ട്. വളരെ ചെറിയൊരു സിനിമയാണത്. നവീന്‍ ഭാസ്‌ക്കറുമായിട്ട് ഞാനൊരു സിനിമ ആലോചിക്കുന്നുണ്ട്. അതും ചെറിയ ബഡ്ജറ്റ് സിനിമയാണ്. ഒരു വലിയ സിനിമ എന്നു പറയുന്നത് ആ ക്യാന്‍വാസില്‍ ചെയ്യേണ്ട സമയത്ത് ചെയ്യുക എന്നുള്ളതാണ്. സിനിമ നല്ലതാണെങ്കില്‍ ജനം കാണും.

 • വരാനിരിക്കുന്ന പുതിയ പ്രൊജക്ടുകള്‍ ?

എല്ലാവരും ചെയ്യുന്നപോലെ വേണമെങ്കില്‍ എനിക്കിപ്പോള്‍ ആറ് സിനിമയുടെയെങ്കിലും പ്രഖ്യാപനം നടത്താം. അടുത്ത സിനിമയേതെന്ന് ഞാന്‍ തീരുമാനിച്ചിട്ടില്ല. അടുത്ത നിര്‍മ്മാതാക്കളെ എനിക്കറിയാം. എഴുതുന്ന ആള്‍ക്കാരുമുണ്ട്. ബോബി സഞ്ജയ്, നവീന്‍ ഭാസ്‌ക്കര്‍, പി എഫ് മാത്യൂസ്, വരത്തന്‍, സുഡാനി കഥ എഴുതിയവരുമുണ്ട്. അവരോടൊക്കെ ഞാന്‍ സംസാരിക്കുന്നുണ്ട്. പുതിയ കഥകള്‍ക്കും വേണ്ടി ഞാന്‍ വാതില്‍ തുറന്ന് വെച്ചിട്ടുണ്ട്. ഹിന്ദി സിനിമയുടെ ഒരു പരിപാടിയും വരുന്നുണ്ട്. ചിലപ്പോള്‍ അതായിരിക്കും തുടങ്ങുന്നത്. എനിക്കറിയില്ല. കഥ റെഡിയാവുമ്പോള്‍ ആ കഥയുടെ സിനിമ തുടങ്ങും.

 • കാസനോവ പരാജയപ്പെട്ട സമയത്ത് കൃത്യമായി പറയുകയുണ്ടായി അതിന്റെ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നുവെന്ന്. സംവിധായകനെ പുതുക്കി പണിയുക എന്നുള്ളത് കൃത്യമായിട്ട് ചെയ്യുന്ന സംവിധായകനായിട്ടാണ് അതിലൂടെ മനസ്സിലായത്?

കാസനോവയ്ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ചിട്ടുണ്ട്. എന്റെ കൈയ്യില്‍ നിന്നാണ് ആ സിനിമ മരിക്കുന്നത്. അതിന്റെ പ്രശ്‌നമെന്താണെന്ന് വെച്ചാല്‍ സ്‌ക്രീന്‍പ്ലേ ആയിരുന്നു. ബോബി സഞ്ജയ് മാത്രമല്ല, ഞാനും കൂടെ ആ കഥയില്‍ ഉത്തരവാദിയായിരുന്നു. അതിന്റെ കോണ്‍സെപ്റ്റും ഞങ്ങളുടെതായിരുന്നു. അത് വര്‍ക്കൗട്ടായില്ല. അതില്‍ നിന്ന് പാഠം പഠിക്കണം. കാസനോവ ഉണ്ടായത് കൊണ്ടാണ് കായംകുളം കൊച്ചുണ്ണി കിട്ടിയത്. എപ്പോഴും വിജയം മാത്രം പോര ഇടയ്ക്ക് പരാജയവും ഉണ്ടാവണം. ഉദയനാണ് താരം, നോട്ട്ബുക്ക്, ഇവിടം സ്വര്‍ഗ്ഗമാണ് എന്നീ ചിത്രങ്ങള്‍ക്ക് അടുപ്പിച്ച് എനിക്ക് സ്റ്റേറ്റ് അവാര്‍ഡ് കിട്ടി. കൂടാതെ മറ്റ് ഫിലിംഫെയര്‍ അവാര്‍ഡുകളും കിട്ടി. ജീവിതത്തില്‍ പരാജയങ്ങള്‍ വരുമ്പോഴാണ് നമ്മള്‍ നമ്മളെ തന്നെ ഉരച്ച് നോക്കുന്നത്. അല്ലാതെ മറ്റുള്ളവരുടെമേല്‍ പഴി ചാരുകയല്ല വേണ്ടത്. നമ്മളുടെ തെറ്റ് നമ്മള്‍ തന്നെ തിരിച്ചറിയുക. അതാണ് ആ സിനിമയുടെ പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുത്തത്. അതൊരു മോശമായ കാര്യമല്ല. എന്നെ സിനിമയില്‍ നിന്ന് ആരും പുറത്താക്കിയിട്ടുമില്ല. പരാജയത്തില്‍ നിന്ന് പഠിച്ച് മുന്‍പോട്ട് പോവുക. പഠിച്ച് കറക്ട് ചെയ്യാതെ അവിടെതന്നെ നില്‍ക്കുകയാണെങ്കില്‍ പ്രശ്‌നമാണ്. അപ്പോള്‍ വിജയമുണ്ടാവില്ല

 • സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കിയിട്ടുള്ള കഥകള്‍ വരാത്തൊരു സമയത്താണ് ഒരു കഥയുമായി വരാന്‍ ധൈര്യം കാണിച്ചത്. അത്തരമൊരു സബ്ജക്ട് ചെയ്യാന്‍ ഉള്ള ധൈര്യം മഞ്ജു വാര്യരായിരുന്നോ?

അങ്ങനെയൊന്നുമില്ല. ആ സിനിമയും കഥയുമാണ് അതിന്റെ ധൈര്യം. ആ ഒരു സിനിമ ഒരു പെണ്ണ് ചെയ്താല്‍ നന്നായിരിക്കും. പുരുഷനെപ്പോലെതന്നെ ഒരുപാട് സ്വപ്‌നങ്ങളുമായാണ് സ്ത്രീകളും ജനിക്കുന്നത്. കൂടിപ്പോയാല്‍ ഇരുപത് വയസ് വരെ അവള്‍ സ്വപ്‌നം കാണും. പിന്നീട് അവള്‍ പ്രണയത്തിലാവും അല്ലെങ്കില്‍ അവളെ കല്ല്യാണം കഴിപ്പിക്കും. പിന്നെ അവള്‍ സ്വന്തം സ്വപ്‌നങ്ങള്‍ മാറ്റിവെച്ചിട്ട് ഭര്‍ത്താവിന്റെ സ്വപ്‌നത്തിലൂടെയാണ് സഞ്ചരിക്കുന്നത്. പിന്നീട് അവള്‍ അമ്മയാവും. മക്കളുടെ സ്വപ്‌നത്തിലേയ്ക്കാവും അടുത്ത സഞ്ചാരം. അതാണ് അവളുടെ ലോകം. കുറച്ചുകൂടെ കഴിഞ്ഞാല്‍ ഈ ഭര്‍ത്താവും മക്കളും ചേര്‍ന്ന് ഇവളെ തമാശ പറയുകയും കൗതുക വസ്തുവിനെപ്പോലെ കാണുകയും ചെയ്യുന്നു. അങ്ങനെയുള്ള ഒരുപാട് സ്ത്രീകളുണ്ട് കേരളത്തില്‍. സ്വപ്‌നങ്ങളും കഴിവുകളുമെല്ലാം അടക്കിപിടിച്ച് ജീവിക്കുന്നവര്‍. ഈ ലോകം വിട്ടുപോകുമ്പോള്‍ നമ്മള്‍ ഇവിടെ ജീവിച്ചിരുന്നു എന്ന് അടയാളപ്പെടുത്താന്‍ സാധിക്കണം. ഹൗ ഓള്‍ഡ് ആര്‍ യുവിലൂടെ ഞാന്‍ അതാണ് കാണിച്ചത്. പി.ടി ഉഷയും ഐശ്വര്യ റായി തുടങ്ങിയവരെയെല്ലാം ഞാന്‍ ചിത്രത്തിന്റെ അവസാനം കാണിച്ചിട്ടുണ്ട്. അവര്‍ക്കാവാമെങ്കില്‍ എന്തുകൊണ്ട് നമുക്ക് ആയിക്കൂടാ. ഹൗ ഓള്‍ഡ് ആര്‍ യു ഒരു ഇന്‍സ്പിരേഷണല്‍ ചിത്രമാണ്. വളരെ കഴിവുള്ളൊരു അഭിനേത്രിയാണ് മഞ്ജുവാര്യര്‍. വളരെ ടാലന്റടായിട്ടുള്ള നടി. മഞ്ജുവിന്റെ അടുത്ത് നിന്ന് എനിക്ക് കുറേ കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു.

 • ഇത്ര കോടി ലഭിച്ചു എന്നെല്ലാം നിര്‍മ്മാതാക്കള്‍ പെരുപ്പിച്ച് പറയാറുണ്ട്, സാറിന്റെ എക്‌സ്പീരിയന്‍സ്?

ഞാനും ആദ്യമായിട്ടാണ് നൂറ് കോടി എന്നൊക്കെ മനസ്സിലാക്കുന്നത്. എനിക്കും അറിയില്ലായിരുന്നു. ഒരു സിനിമ ഗ്ലോബലായിട്ട് എത്ര വരുമാനമുണ്ടാവുന്നോ അതിനെയാണ് നൂറ് കോടി എന്നു പറയുന്നത്. അത് ഞാനിപ്പോഴാണ് അറിയുന്നത്. കായംകുളം കൊച്ചുണ്ണി എന്ന സിനിമ ഗ്ലോബലായിട്ട് മൊത്തം നേടിയ ഒരു തുകയും ആ സിനിമയുടെ ബിസിനസ്സ്, സാറ്റലൈറ്റ്, ഓവര്‍സീസ്, ഡിജിറ്റല്‍ റൈറ്റ്‌സ്, വീഡിയോ റൈറ്റ്‌സ് എന്നിവയില്‍ നിന്നെല്ലാം കിട്ടിയ കാശും എല്ലാം ഉള്‍പ്പെടുത്തി കിട്ടിയ മൊത്തം തുകയും. അതാണ് നൂറ് കോടി ക്ലബ്ബ്. അതില്‍ നിര്‍മ്മാതാവിന് എത്ര കിട്ടുന്നു എന്നത് വേറെ തുകയാണ്. കായംകുളം കൊച്ചുണ്ണി കറക്ടായിട്ടുള്ള ഒരു തുകയായിട്ട് അനൗണ്‍സ് ചെയ്താല്‍ മതി എന്നുള്ളത് വ്യക്തമായി പറഞ്ഞിട്ടാണ് സിനിമയുമായി മുന്നോട്ട് പോയത്. അല്ലാതെ ഒരു രൂപ പോലും അധികമായി പറയരുതെന്ന് തീരുമാനമെടുത്തിരുന്നു. ഈ സിനിമ നൂറ് കോടി ആയാലും ആയിട്ടില്ലെങ്കിലും ഞങ്ങളെ സംബന്ധിച്ച് ഒരു പ്രശ്‌നവുമില്ല. കാരണം ഈ സിനിമ ജനങ്ങള്‍ ഏറ്റെടുത്തു. ഞങ്ങള്‍ ആഗ്രഹിച്ച കാര്യം നടന്നു. ഞാനും നിവിനും ബോബി സഞ്ജയും ഗോകുലം ഗോപാലന്‍ സാറുമെല്ലാം ആഗ്രഹിച്ചത് ഇതിനാണ്. ഇതിനെപറ്റി എതിരായിട്ട് പറയുന്നവരുണ്ടാവാം, സന്തോഷമില്ലാത്തവരുമുണ്ടാവാം. ഞാന്‍ സിനിമയില്‍ വന്നതു മുതല്‍ ഇതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നതാണ്. അതുകൊണ്ട് എനിക്കതൊന്നും ഒരു വിഷയമല്ല.

 • ബോബി സഞ്ജയുമായിട്ടാണ് കൂടുതല്‍ തിരക്കഥകള്‍. എന്താണ് കമ്മ്യൂണിക്കേഷന്‍, എങ്ങനെയാണ്..?

ഞാന്‍ സഞ്ജുവിനോട് ചോദിച്ചിരുന്നു. എല്ലാവരും ചോദിക്കുന്നു നമ്മള്‍ തമ്മിലെന്താണെന്ന്. അപ്പോള്‍ അവന്‍ പറഞ്ഞ മറുപടി എനിക്ക് വളരെ ഇഷ്ടമായി. അവന്‍ പറഞ്ഞത്. എന്റെ കൈയ്യില്‍ കുറച്ച് വിത്തുണ്ട്, കുറേ നിലങ്ങള്‍ എനിക്കറിയാം. ഒരു നിലത്ത് വിത്തിട്ടാല്‍ അത് വളരെ ഭംഗിയായിട്ട് വിളഞ്ഞ് വലിയ വൃക്ഷമായിട്ട് വരും, അങ്ങനെയൊരു നിലമാണ് നീ. അതുകൊണ്ടാണ് എനിക്ക് വിത്തുകൊണ്ടിടുന്നതെന്ന്. തിരിച്ചും അങ്ങനെ തന്നെയാണ്. ഞാന്‍ പറയുന്നത് അവനും അവന്‍ പറയുന്നത് എനിക്കും മനസ്സിലാവും. സുഹൃത്തുക്കളാണ് ഞങ്ങള്‍. അസിസ്റ്റന്റ് ഡയറക്ടേഴ്‌സായിട്ടാണ് രണ്ടുപേരും തുടങ്ങിയത്. പരസ്പ്പരം വഴക്കിടുകയും അതുപോലെതന്നെ സ്‌നേഹിക്കുകയും ചെയ്യും. ലൈഫിലെ എല്ലാ കാര്യങ്ങളും തുറന്നു പറയാന്‍ പറ്റിയ ഒരു സുഹൃത്ത്. സിനിമയ്ക്കുമപ്പുറമുള്ളൊരു ബന്ധം. എന്റെ തിരക്കഥാകൃത്തായി വരുന്നവരോട് ഞാന്‍ അങ്ങനെയുള്ള ബന്ധം സ്ഥാപിക്കാറുണ്ട്. സഞ്ജുവിനോട് മാത്രമല്ല. ശ്രീനിയേട്ടന്‍ എന്ന വ്യക്തിയില്ലായിരുന്നുവെങ്കില്‍ ഇന്ന് ഇവിടെ ഇരിക്കുന്ന റോഷന്‍ ആന്‍ഡ്രൂസ് എന്ന വ്യക്തിയില്ല. നാല് വര്‍ഷം എന്നെ കൊണ്ടുനടന്നതും എന്റെ കാര്യങ്ങള്‍ നോക്കിയതും എനിക്കുള്ള ചിലവ് നടത്തിയതും എനിക്ക് ഈസ്റ്റര്‍ ആഘോഷിക്കാനുള്ള പൈസ തന്നതുമെല്ലാം അദ്ദേഹമാണ്. ഒന്നുമില്ലാത്ത ആന്‍ഡ്രൂസിന്റെയും ബേണിയുടെയും മകനായി ജനിച്ച എന്നെ കൈപിടിച്ചദ്ദേഹമുയര്‍ത്തി. അഞ്ച് വര്‍ഷത്തോളം ഞാന്‍ അദ്ദേഹത്തിനൊപ്പം സഞ്ചരിച്ചിട്ടുണ്ട്. പിന്നെ ഇവിടം സ്വര്‍ഗ്ഗമാണ് എന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ച ജയിംസ് ആല്‍ബര്‍ട്ടുമായും അതുപോലുള്ള മനോഹരമായ ബന്ധമായിരുന്നു. അത്‌പോലെ പി. എഫ് മാത്യൂസ് സാര്‍ ആണ് എനിക്ക് ഫിലിം സൊസൈറ്റിയില്‍ മെമ്പര്‍ഷിപ്പ് ഉണ്ടാക്കി തന്നത്. രണ്ടുവര്‍ഷത്തോളം ഞങ്ങള്‍ ബസ്സിലും ഓട്ടോറിക്ഷയിലും നടന്നുമെല്ലാം സിനിമകള്‍ കാണാനായിട്ട് പോയിട്ടുണ്ട്. കാരണം രാവിലെ മുതല്‍ വൈകുന്നേരംവരെ ഇത് തന്നെയായിരുന്നു ചിന്ത. പുസ്തകങ്ങളും സിനിമകളുമായി നടക്കുന്നൊരു കാലം. പിന്നെ സാബ് ജോണ്‍ സാര്‍. കമലഹാസന്റെ ഗുണ സിനിമയുടെ രചയിതാവ്. അദ്ദേഹവും എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. എന്റെ ആദ്യത്തെ ടെലിഫിലിമിന് തിരക്കഥ എഴുതിയത് അദ്ദേഹമാണ്. ഇതേ രീതിയിലുള്ള ബന്ധം തന്നെയാണ് ബോബി സഞ്ജയോടും. ഇത്രയും ആള്‍ക്കാരുടെയൊക്കെ സഹായം കൊണ്ടാണ് പിടിച്ച് നില്‍ക്കാന്‍ പറ്റുന്നത്.

 • നോട്ട് ബുക്ക് പോലെ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയ സിനിമ. അത്തരത്തില്‍ ഇനി ആലോചനയുണ്ടോ?

ഇപ്പോള്‍ തല്‍ക്കാലമില്ല. കാരണം ഞാന്‍ എക്‌സ്പീരിയന്‍സൊക്കെ ചെയ്ത് കഴിഞ്ഞപ്പോള്‍ എനിക്കിപ്പോ അങ്ങനെയുള്ള ആഗ്രഹം വരുന്നില്ല. ഇനി നാളെ ആഗ്രഹം വരുമോ എന്നറിയില്ല. ചെയ്യാമെന്ന് വെറുതെ പറയുന്നില്ല. എനിക്കൊരു കഥ കിട്ടി അതില്‍ പുതുമുഖങ്ങളൊക്കെ അഭിനയിച്ചാല്‍ ഓക്കെ ആണെന്ന് പറഞ്ഞാലും ഞാന്‍ അതിന്റെ ബിസിനസ്സ് കാര്യങ്ങള്‍ നോക്കും, പ്രൊഡ്യൂസര്‍ വരണം, ഡിസ്ട്രിബ്യൂട്ടര്‍ വരണം, മറ്റ്കാര്യങ്ങള്‍ നടക്കണം. അല്ലാതെ സിനിമ ഇറങ്ങിയിട്ട് ഒരു റിസ്‌ക്ക് എടുത്ത് മാറിയിരിക്കാന്‍ എനിക്ക് ഇനി പറ്റില്ല. വളരെയധികം ശ്രദ്ധിച്ചേ അത്തരം കാര്യങ്ങള്‍ ചെയ്യുകയുള്ളു.

 • കൊച്ചുണ്ണി കണ്ടപ്പോള്‍ ബാബു ആന്റണിയെ മലയാള സിനിമ ശരിക്കും ഉപയോഗപ്പെടുത്തിയില്ല എന്ന് തോന്നിപ്പോയി. എന്താണ് അഭിപ്രായം?

അദ്ദേഹം അഭിനയിച്ച വൈശാലി എനിക്കേറ്റവും ഇഷ്ടപ്പെട്ട സിനിമകളില്‍ ഒന്നാണ്. പക്ഷെ അതിലും മുകളില്‍ മികച്ച് നില്‍ക്കുന്നത് കൊച്ചുണ്ണിയില്‍ ബാബു ആന്റണി ചെയ്ത തങ്ങള്‍ എന്ന കഥാപാത്രമാണെന്നാണ് പറയുന്നത്. ഞങ്ങളെ സംബന്ധിച്ച് അത് വലിയൊരു നേട്ടമാണ്. ഉദയനാണ് താരത്തിലെ ഉദയഭാനുവും കൊച്ചുണ്ണിയും ഇത്തിക്കരപക്കിയും മുബൈ പോലീസിലെ ആന്റണി മോസസും മഞ്ജുവാര്യരുടെ നിരുപമ രാജീവും എന്ന കഥാപാത്രങ്ങളൊക്കെ മലയാള സിനിമയില്‍ എന്നും അറിയപ്പെടും. ആക്ടേഴ്‌സിനെ വര്‍ക്ക് ചെയ്യിപ്പിക്കാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഒരു സിനിമയില്‍ ഒരു ആക്ടര്‍ അല്ലെങ്കില്‍ ആക്ട്രസ് വന്നാല്‍ അവരുടെ കഴിവുകള്‍ മാക്‌സിമം എടുക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ബാബുചേട്ടന്‍ മനോഹരമായി നിന്നു. എല്ലാത്തിനും ഒരു ഡിസിപ്ലിന്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ഇംപ്രൂവ് ചെയ്യണം എന്നൊരാഗ്രഹം അദ്ദേഹത്തിന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. ആ റിസല്‍ട്ടാണ് കാണുന്നത്. ഞാന്‍ ചെറുതായി ഒന്നു കറക്ട് ചെയ്തിട്ടേയുള്ളു. ബാക്കി മുഴുവന്‍ അദ്ദേഹത്തിന്റെ കഴിവാണ്.

 • നവാഗതരായിട്ടുള്ള ഒരുപാട് ഡയറക്ടര്‍മാരും അഭിനേതാക്കളുമെല്ലാം വന്നുകൊണ്ടിരിക്കുകയാണ്. പുതിയ എഴുത്തുകാരെയും സംവിധായകരെക്കുറിച്ചുമെല്ലാം എന്താണ് അഭിപ്രായം?

പുതിയ എഴുത്തുകാരും പുതിയ സംവിധായകരും വരണം. ഉദയനാണ് താരവും നോട്ട്ബുക്കും ആ സമയത്തെ ഒരു ട്രെന്‍ഡ് സെറ്റര്‍ ആയി മാറിയൊരു സിനിമയായിരുന്നു. ആദ്യത്തെ സിനിമയും രണ്ടാമത്തെ സിനിമയും ഏതൊരു സംവിധായകനും വളരെ പ്രാധാന്യമുള്ളതായിരിക്കും. നവാഗതര്‍ വരുമ്പോള്‍ നമുക്കും പഠിക്കാന്‍ പറ്റും. ഒരു എഴുത്തുകാരന്‍ അല്ലെങ്കില്‍ സംവിധായകന്‍ എന്ന നിലയ്ക്ക് നിങ്ങള്‍ക്ക് എന്തു പറയാന്‍ പറ്റുന്നു എന്ന ഒരു ചിന്തയുള്ള ആര്‍ക്കും സിനിമ ചെയ്യാം. പുതിയ ആള്‍ക്കാര്‍ വരട്ടെ, അവര്‍ വരുന്നത് നമുക്കും ഒരു സന്തോഷമുള്ള കാര്യമാണ്. സിനിമ എല്ലാ ആളുകള്‍ക്കും വന്ന് എന്‍ജോയ് ചെയ്ത് ചെയ്യാന്‍ പറ്റുന്ന ഒന്നാണ്. സിനിമ കണ്ട് പഠിക്കുക. അതാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. ഇവിടെ ഇപ്പോള്‍ എല്ലാ സിനിമകളും ലഭ്യമാണ്. ലോകത്തിലെ ഏത് സിനിമകളും ഇപ്പോള്‍ കാണാം.

 • കൊമേര്‍ഷ്യല്‍ സിനിമകള്‍ക്ക് തന്നെ ഒരേ സമയം അവാര്‍ഡ് കിട്ടുക. ഇത് പലപ്പോഴും ഒന്നിച്ച് ചേരാറില്ല. അവാര്‍ഡുകളെ കുറിച്ച്?

.എനിക്ക് അവാര്‍ഡ് കിട്ടിയ മൂന്ന് സിനിമകളെക്കാള്‍ ഏറ്റവും അര്‍ഹതപ്പെട്ടത് മുംബൈ പോലീസിനാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ ആ സിനിമയ്ക്ക് ഒന്നും കിട്ടിയിട്ടില്ല. ആഗ്രഹിച്ചൊരു സിനിമയായിരുന്നു അത്. ഹൗ ഓള്‍ഡ് ആര്‍ യു നാഷണല്‍ അവാര്‍ഡിന് ഇവിടുന്ന് അയച്ചില്ലെന്ന് പറഞ്ഞ് അവാര്‍ഡിന്റെ ആള്‍ക്കാര്‍ എന്നെ വിളിച്ചിരുന്നു. അങ്ങനെയുള്ള കുറേ പൊളിറ്റിക്‌സും കാര്യങ്ങളുമെല്ലാം വരാറുണ്ട്. എന്നെ സംബന്ധിച്ച് കോംപറ്റീഷനില്‍ പങ്കെടുക്കുക എന്നുള്ളതാണ്. കിട്ടിയാല്‍ നല്ലത്. അവാര്‍ഡിന് വേണ്ടി ഒരു സിനിമ ചെയ്യാന്‍ പറഞ്ഞാല്‍ ഞാന്‍ ഒരിക്കലും ചെയ്യില്ല. ആരും കാണാത്തൊരു സിനിമയ്ക്ക് എനിക്ക് അവാര്‍ഡ് വേണ്ട. എന്നെ സംബന്ധിച്ച് ജനങ്ങള്‍ കണ്ട് അവര്‍ അംഗീകരിക്കുന്ന അവാര്‍ഡാണ് ഏറ്റവും വലുത്. ഇന്നും വഴി വക്കിലൂടെ പോകുമ്പോള്‍ ചില ആളുകള്‍ വന്ന് കൈ തന്നിട്ട് പറയും ഞാന്‍ ചെയ്ത സിനിമകള്‍ നന്നായിട്ടുണ്ടെന്ന്. അങ്ങനെ കിട്ടുന്ന സന്തോഷമാണ് ഏറ്റവും വലുത്. ഇങ്ങനെയൊക്കെ പറയുമെങ്കിലും ഇടയ്ക്ക് മൊമന്റോസൊക്കെ വീട്ടില്‍ കാണുമ്പോള്‍ ഒരു എനര്‍ജി കിട്ടാറുണ്ട്. അവാര്‍ഡിന് വേണ്ടി ഒന്നും ഉറപ്പായും ചെയ്യില്ല. അല്ലാതെ സിനിമ ചെയ്യുക. അത്രയേ ഉള്ളൂ.

 • ഫാമിലിയെക്കുറിച്ച്..?

എനിക്ക് മൂന്ന് മക്കളാണുള്ളത്. ആഞ്ജലീന, റയാന്‍, അന്നാ ബെല്ല. ഭാര്യ ആന്‍സി. ഇവരെല്ലാം ഭയങ്കര ഫിലിം ലവേഴ്‌സാണ്. എനിക്ക് ചെറിയൊരു തിയേറ്റര്‍ ഉണ്ട് വീട്ടില്‍. അപ്പോള്‍ ഒരുമിച്ചിരുന്ന് സിനിമകള്‍ കാണും. സിനിമയുടെ കാര്യങ്ങളിലെല്ലാം എന്നെ വളരെയധികം സഹായിക്കാറുണ്ട് ആന്‍സി. ആന്‍സിയുടെത് ഒരു സിനിമാ കുടുംബമാണ്. എന്നെ സംബന്ധിച്ച് അങ്ങനെയൊരാളെ കിട്ടിയത് ദൈവാനുഗ്രഹമാണ്. എന്റെ ഫാമിലിയുടെ കാര്യങ്ങളെല്ലാം ആന്‍സിയാണ് നോക്കുന്നത്. സിനിമയെ നന്നായി വിമര്‍ശിക്കും നല്ല രീതിയില്‍ വിലയിരുത്തും ഏറ്റവും നന്നായിട്ട് സിനിമ കാണുകയും ചെയ്യാറുണ്ട് ആന്‍സി. ബാബു ആന്റണി തങ്ങളായിട്ട് വന്നതെല്ലാം ആന്‍സിയാണ് കാസ്റ്റ് ചെയ്തത്. കഥയുടെ കാര്യങ്ങളെല്ലാം കറക്ടായിട്ടാണ് പറയാറ്. എന്റെ മക്കള്‍ക്ക് എന്നെക്കാള്‍ ഇഷ്ടമാണ് സിനിമ. അതിനാല്‍തന്നെ എല്ലാംകൊണ്ടും ഹാപ്പിയാണ്.