ലൈഫ് ഈസ് ആന്‍ ആക്‌സിഡന്റ്.. ശുഭരാത്രിയുടെ ട്വിസ്റ്റുമായി ദിലീപ്

ദിലീപ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ശുഭരാത്രി . ചിത്രം തിയേറ്ററില്‍ എത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇപ്പോള്‍ ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയിരിക്കുകയാണ് ദിലീപ്. കൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്നത്. ജീവിതത്തിലുണ്ടാവുന്ന ചില സന്ദര്‍ഭങ്ങളാണ് കൃഷ്ണന്റെ ജീവിതം മാറ്റി മറിച്ചതെന്ന് ദിലീപ് സൂചിപ്പിക്കുന്നു. ഒപ്പം അപ്രതീക്ഷിത ട്വിസ്റ്റുകളിലൂടെയാണ് ശുഭരാത്രി കടന്നുപോകുന്നതെന്നും താരം പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം കൃഷണനെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചത്.

ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അപ്രതീക്ഷിത ട്വിസ്റ്റുകളിലൂടെ ശുഭരാത്രി..!

ലൈഫ് ഈസ് ആന്‍ ആക്‌സിഡന്റ് എന്നും പറയാറുണ്ട്. കാരണം ജീവിതത്തിലെ പല സന്ദര്‍ഭങ്ങളും അപ്രതീക്ഷിതമായി സംഭവിക്കുന്നതാണ്. മുന്‍കൂട്ടി നമ്മള്‍ പ്ലാന്‍ ചെയ്യുന്ന പലതും നടക്കാതെ പോവുകയും തീരെ പ്രതീക്ഷിക്കാതെ നമ്മുടെ ജീവിതത്തില്‍ ചിലത് സംഭവിക്കുകയും ചെയ്യുന്നു. അത്തരം ഒരു സന്ദര്‍ഭം ആണ് കൃഷ്ണന്റെ ജീവിതം മാറ്റി മറിച്ചത്.

നമ്മള്‍ പലപ്പോഴും നമ്മുടെ കൂട്ടുകാരുടെ ആവശ്യങ്ങള്‍ക്കായി എടുത്തു ചാടി പുറപ്പെടാറുണ്ട്. അവര്‍ എന്തിനാണ്, എങ്ങോട്ടാണ് നമ്മളെ കൊണ്ട് പോകുന്നത് എന്ന് അപ്പോള്‍ നമ്മള്‍ ആലോചിക്കാറില്ല. കാരണം അവര്‍ തന്റെ കൂട്ടുകാരാണ് എന്ന ചിന്ത തന്നെ. പക്ഷെ അത്തരം ആലോചനയില്ലാത്ത ഇറങ്ങി പുറപ്പെടലുകള്‍ക്കു ജീവിതം തന്നെ വിലയായി നല്‍കേണ്ടി വന്നിട്ടുണ്ടോ നിങ്ങള്‍ക്ക്. ? ജീവിതത്തിലെ ഏറ്റവും സുന്ദരമായ മുഹൂര്‍ത്തത്തില്‍ നിങ്ങളുടെ കുടുംബ ജീവിതം തകര്‍ത്തു കൊണ്ട് ആ പഴയ ഭൂതകാലം നിങ്ങളെ വേട്ടയാടിയിട്ടുണ്ടോ ? കൂട്ടുകാര്‍ക്കു വേണ്ടി ചാടി പുറപ്പെട്ടു സ്വന്തം ജീവിതം വിലയായി നല്‍കിയ കൃഷ്ണന്റെ കഥ ശുഭരാത്രിയില്‍ കാണാം..