“മലേറിയ ബാധിച്ച് അവശയായിട്ടും ദീപിക ഷൂട്ടിങ് പൂർത്തിയാക്കി, അന്നേ തികഞ്ഞ പ്രൊഫഷണലാണവർ”; ലാറാ ദത്ത

','

' ); } ?>

‘ഹൗസ്ഫുൾ’ എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിൽ നടി ദീപിക പദുകോൺ പുലർത്തിയ അസാമാന്യമായ അർപ്പണബോധത്തെക്കുറിച്ച് ഓർമിച്ച് സഹനടി ലാറാ ദത്ത. ചിത്രത്തിന്റെ ഇറ്റലി ഷെഡ്യൂളിനിടെ ദീപികയ്ക്ക് മലേറിയ ബാധിച്ചിരുന്നുവെന്നും എന്നാൽ കഠിനമായ ശാരീരിക ബുദ്ധിമുട്ടുകൾ അവഗണിച്ചും താരം ഷൂട്ടിംഗ് പൂർത്തിയാക്കിയെന്നും ലാറ വെളിപ്പെടുത്തി. ചിത്രം പുറത്തിറങ്ങി 16 വർഷം തികയുന്ന വേളയിൽ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ലാറ ഇക്കാര്യങ്ങൾ പങ്കുവെച്ചത്.

ചിത്രീകരണത്തിനായി ഇറ്റലിയിൽ എത്തിയപ്പോൾ എല്ലാവരും ഒരു കുടുംബത്തെപ്പോലെയാണ് കഴിഞ്ഞിരുന്നതെന്ന് ലാറ ഓർത്തെടുത്തു. ഷൂട്ടിംഗിനിടെ ദീപികയ്ക്ക് മലേറിയ ബാധിച്ച വിവരം പലർക്കും അറിയില്ലായിരുന്നു. രോഗം ബാധിച്ച് ശരീരം പൂർണ്ണമായും തളർന്ന അവസ്ഥയിലായിരുന്ന ദീപികയ്ക്ക് സെറ്റിൽ വൈദ്യസഹായം തേടേണ്ടി വന്നിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം രാവിലെ കൃത്യസമയത്ത് തന്നെ താരം സെറ്റിലെത്തിയെന്ന് ലാറ പറഞ്ഞു.

ഒട്ടേറെ അഭിനേതാക്കൾ അണിനിരക്കുന്ന ചിത്രമായതിനാൽ കൃത്യമായ ഷെഡ്യൂളുകൾ പാലിക്കേണ്ടതുണ്ടായിരുന്നു. പ്രത്യേകിച്ച് വൈകാരികമായ രംഗങ്ങൾ ചിത്രീകരിക്കുന്ന സമയമായിരുന്നു അത്. ശാരീരികമായി തളർന്നിട്ടും ഒരു പ്രൊഫഷണൽ എന്ന നിലയിൽ ദീപിക തന്റെ ജോലി ഭംഗിയായി പൂർത്തിയാക്കിയെന്നും പ്രകടനത്തിൽ യാതൊരു വിട്ടുവീഴ്ചയും വരുത്തിയില്ലെന്നും ലാറ കൂട്ടിച്ചേർത്തു. മലേറിയ പോലെയുള്ള രോഗം ഒരാളെ എത്രത്തോളം തളർത്തുമെന്ന് തനിക്കറിയാമെന്നും കേവലം ഒരു പനിയോ ജലദോഷമോ പോലെയല്ല അതെന്നും ലാറ വ്യക്തമാക്കി.

ദീപികയ്ക്ക് തന്റെ ജോലിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും വേഷങ്ങൾ മികച്ച രീതിയിൽ അവതരിപ്പിക്കാൻ അവർക്ക് പ്രത്യേക കഴിവുണ്ടെന്നും ലാറ അഭിനന്ദിച്ചു. സാജിദ് ഖാൻ സംവിധാനം ചെയ്ത ‘ഹൗസ്ഫുൾ’ ബോളിവുഡിലെ ഏറ്റവും വലിയ കോമഡി ഫ്രാഞ്ചൈസികളിലൊന്നായി മാറിയിരുന്നു. അക്ഷയ് കുമാർ, റിതേഷ് ദേശ്‌മുഖ്, ബോമൻ ഇറാനി, അർജുൻ രാംപാൽ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. നിർമ്മാതാവ് സാജിദ് നാദിയാദ്‌വാല ഷൂട്ടിംഗ് വേളയിൽ നൽകിയ പിന്തുണയെയും ലാറ അഭിമുഖത്തിൽ പ്രശംസിച്ചു.