ലോഹിതദാസിന്റെ നക്ഷത്ര മരം ഓര്‍മ്മകളാല്‍ നനച്ച് സംവിധായകന്‍ ലാല്‍ ജോസ്

”അക്ഷരങ്ങളാല്‍ അമരനായി മാറിയ ഒരു മനുഷ്യന്‍ ഓര്‍മ്മ മരങ്ങളായി തഴച്ചു വളരുന്ന ഒരിടമുണ്ട് തൃശ്ശൂരില്‍. ലോഹിയേട്ടനുവേണ്ടി തൃശ്ശൂര്‍ ഔഷധിയിലെ ഡോക്ടര്‍ രജിതനും സുഹൃത്തുക്കളും ചേര്‍ന്ന് നട്ട് വളര്‍ത്തുന്ന സ്മൃതിവനം. ഇന്നേക്ക് പത്ത് കൊല്ലം മുമ്പ് ലോഹിയേട്ടന്റെ ഒന്നാം ചരമ വാര്‍ഷികത്തിലാണ് ഡോക്ടര്‍ രജിതന്‍ അറിയിച്ചതനുസരിച്ച് ഞാനിവിടെ ആദ്യം എത്തുന്നത്. അവിടെ അത്ര പരിചിതമല്ലാത്ത ഒരു ചെടിയുടെ കുറെ തൈകള്‍ കണ്ടു. അന്വേഷിച്ചപ്പോള്‍ അതെല്ലാം നീര്‍മരുതിന്റെ തയ്യുകളാണ്. ചോതി നക്ഷത്രക്കാരനായ ലോഹിതദാസിന്റെ നക്ഷത്രമരമാണ് നീര്‍മരുത്. പ്രിയ തിരക്കഥാകൃത്തിന്റെ ഓര്‍മ്മയില്‍ നീര്‍മരുതുകളുടെ ഒരു വനമൊരുക്കണമെന്ന പ്രകൃതിസ്‌നേഹിയായ ഡോക്ടര്‍ രജിതന്റെ ആഗ്രഹത്തിനൊപ്പം തൃശ്ശൂരിലെ കൈലാസ് നാഥ് സ്‌കൂള്‍ അധികൃതര്‍ കൈകോര്‍ത്തപ്പോള്‍ അനുവദിച്ചുകിട്ടിയ പന്ത്രണ്ട് സെന്റിലാകെ അന്ന് ഞങ്ങള്‍ നീര്‍മരുതുകള്‍ നട്ടു. ലോഹിയേട്ടന്റെ ഭാവന ഉയിരു നല്‍കിയ ചലച്ചിത്രങ്ങളുടെ പേരിട്ടാണ് ഓരോ തൈയ്യും നട്ടത്. ഞാന്‍ നട്ട തൈയ്യുടെ പേര് ഭൂതക്കണ്ണാടി. (ആ സിനിമയില്‍ ലോഹിയേട്ടന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നല്ലോ ഞാന്‍. )”

മലയാള സിനിമക്ക് ഏറെ ഹൃദഹാരിയായ ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ ലോഹിതദാസ് ലോകത്തോട് വിടപറഞ്ഞിട്ട് 10 വര്‍ഷമാവുകയാണ്. ഈ വേളയില്‍ മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്റെ ഓര്‍മ്മക്കായി തൃശ്ശൂര്‍ കൈലാസനാഥ സ്‌കൂളിനടുത്ത് ഒരുക്കിയ സ്മൃതി വനത്തിലെത്തിയതായിരുന്നു സംവിധായകന്‍ ലാല്‍ ജോസ്. തന്റെ പ്രിയപ്പെട്ട സുഹൃത്തിനും വഴികാട്ടിക്കും സ്മരണകളര്‍പ്പിച്ച് ലാല്‍ ലോഹിതദാസിന്റെ ഓര്‍മ്മക്കായി ‘ഭൂതക്കണ്ണാടി’ എന്ന പേരില്‍ താന്‍ നട്ട ചെടിക്ക് വെള്ളമൊഴിച്ചു. നടന്‍ ജയരാജ് വാര്യരും ലാലിനൊപ്പം സ്മരരണകളര്‍പ്പിക്കാനെത്തിയിരുന്നു. ലാല്‍ ലോഹിതദാസിനൊപ്പം അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച സിനിമയാണ് ഭൂതക്കണ്ണാടി.

ഔഷധി എന്ന ചികിത്സാ കേന്ദ്രത്തിലെ ഡോ. രജിതനാണ് ഈ സ്മൃതിവനത്തിന്റെ മുഖ്യ ശില്പി. നീര്‍മരുത് ആണ് നക്ഷത്ര വൃക്ഷം. 10 വര്‍ഷം മുമ്പ് അവിടെ നട്ട തൈകള്‍ ഇന്ന് വലിയ വൃക്ഷമായി, വനമായി മാറിയിരിക്കുകയാണ്. ഓരോ തൈകള്‍ക്കും ലോഹിതദാസിന്റെ സിനിമകളുടെ പേരാണ് നല്‍കിയിരിക്കുന്നത്. തൃശൂര്‍ മണ്ണുത്തിയിലുള്ള കൈലാസനാഥ വിദ്യാനികേതനില്‍ ചെന്നാല്‍ കാണാം. ഓയിസ്‌ക ഇന്റര്‍നാഷണല്‍ തൃശൂര്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച തൈനടല്‍ ചടങ്ങും, അനുസ്മരണവും സംവിധായകന്‍ ലാല്‍ ജോസ് നിര്‍വഹിച്ചു. ലാല്‍ തന്റെ പേജിലൂടെ തന്റെ സുഹൃത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കിക്കൊണ്ട് ചടങ്ങിലെ ദൃശ്യങ്ങള്‍ പങ്കുവെച്ചു.