“ഓരോരുത്തര്‍ പറയുന്നത് പോലെ പ്രവര്‍ത്തിക്കല്‍ അല്ല അമ്മയുടെ രീതി”; അൻസിബയുടെ ആവശ്യങ്ങൾക്കെതിരെ കുക്കു പരമേശ്വരൻ

','

' ); } ?>

തന്റെ പരാതി കേള്‍ക്കാന്‍ നിഷ്പക്ഷമായ പ്രത്യേക സമിതി രൂപീകരിക്കണമെന്ന അന്‍സിബ ഹസന്റെ ആവശ്യത്തിനെതിരെ പ്രതികരിച്ച് കുക്കു പരമേശ്വരൻ. ഓരോരുത്തര്‍ പറയുന്നത് പോലെ പ്രവര്‍ത്തിക്കല്‍ അല്ലല്ലോ അമ്മയുടെ രീതി എന്ന് കുക്കു പരമേശ്വരൻ പറഞ്ഞു. തന്റെ പരാതിയെക്കുറിച്ച് കേള്‍ക്കാന്‍ രമേഷ് പിഷാരടി, ധ്യാന്‍ ശ്രീനിവാസന്‍, മാലാ പാര്‍വതി എന്നിവര്‍ ഉള്‍പ്പെടുന്ന സമിതി വേണമെന്നായിരുന്നു അന്‍സിബയുടെ ആവശ്യം.

ഇവരില്‍ ആരെങ്കിലും ലഭ്യമാകാതിരിക്കുകയോ താല്പര്യമില്ലായ്മ പ്രകടിപ്പിക്കുകയോ ചെയ്താല്‍, തന്നോട് കൂടി ആലോചിച്ച ശേഷം മറ്റ് ബദല്‍ അംഗങ്ങളെ തീരുമാനിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഹിയറിങ് നടപടികള്‍ പൂര്‍ണമായും റെക്കോര്‍ഡ് ചെയ്യണമെന്നും ഈ റെക്കോര്‍ഡിങ്ങുകള്‍ അമ്മയുടെ ഔദ്യോഗിക രേഖകളില്‍ സൂക്ഷിക്കേണ്ടതും, അതിന്റെ പകര്‍പ്പുകള്‍ തനിക്കും ഈ വിഷയത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന എതിര്‍കക്ഷികള്‍ക്കും നല്‍കണമെന്നും അന്‍സിബ ആവശ്യപ്പെട്ടു. നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് അൻസിബക്ക് അമ്മ കത്ത് അയച്ചതിനു പിന്നാലെയാണ് അൻസിബ തന്റെ ആവശ്യങ്ങൾ ഉന്നയിച്ചത്.

കഴിഞ്ഞ ദിവസം നടി ലക്ഷ്മി പ്രിയയ്ക്കും പൊലീസിനുമെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു. തൃപ്പൂണിത്തുറ സബ് ഇന്‍സ്പെക്ടര്‍ രേഷ്മയ്ക്കെതിരെയാണ് അന്‍സിബയുടെ പരാതി. പൊലീസ് സ്റ്റേഷനില്‍ നിയമവിരുദ്ധമായി തടവില്‍ വെച്ചുവെന്നാണ് പരാതി. തനിക്കെതിരായ വ്യാജ പരാതിക്ക് പിന്നില്‍ ഗൂഢാലാചനയുണ്ടെന്നും അന്‍സിബ ആരോപിക്കുന്നു.

ലക്ഷ്മി പ്രിയയുടെ പരാതിയില്‍ തന്നെ വിളിച്ചുവരുത്തി സ്റ്റേഷനില്‍ വെച്ച് അവഹേളിച്ചുവെന്നും അന്‍സിബ പറയുന്നു. വനിതാ പൊലീസ് ഉദ്യോഗസ്ഥ തന്നെ ഭീഷണിപ്പെടുത്തിയെന്നും അന്‍സിബയുടെ പരാതിയില്‍ പറയുന്നുണ്ട്. അപമാനത്തിന് ഒരു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി.