
സീരിയൽ നിലവാരം പോലും ഇല്ലാത്ത ‘ദൃശ്യം 3’യുടെ പിആർ ടീം ‘കാട്ടാളനെ‘ തകർക്കാൻ ശ്രമിക്കുന്നുവെന്ന് പ്രതികരണ കുറിപ്പിനെതിരെ നടൻ ആന്റണി വർഗീസ്. തന്റെ ഫാൻസ് പേജ് എന്ന പേരിൽ ഫെയ്‌സ്ബുക്കിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും പ്രസ്തുത പേജിന് താനുമായോ തന്റെ ആരാധകരുമായോ ബന്ധമില്ലെന്നും ആന്റണി കുറിച്ചു. സ്വന്തം പേരിലുള്ള ഫാൻസ് പേജിലാണ് ‘ദൃശ്യം 3’ സിനിമയുടെ പിആർ ടീം ‘കാട്ടാളനെ’തിരെ പ്രവർത്തിക്കുന്ന രീതിയിലുള്ള പോസ്‌റ്റ് വന്നത്.
‘കാട്ടാളൻ’ സിനിമയെ ചില ഗൂഢ ആൾക്കാർ മനഃപൂർവം നെഗറ്റീവ് പറഞ്ഞു പോസ്റ്റ‌് ഇട്ട് നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും, ഒരാഴ്ച്‌ച മുൻപ് ഇറങ്ങിയ ഒരു സീരിയൽ നിലവാരം പോലും ഇല്ലാത്ത ‘ദൃശ്യം 3’യുടെ പിആർ ടീം ആണ് ഇതിന് പിന്നിലെന്നും അവരുടെ മോശം റിവ്യൂ ആരും വിശ്വസിക്കരുതെന്നുമായിരുന്നു ആൻ്റണി വർഗീസ് ഫാൻസ് പേജ് എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ നിന്നും വന്ന പോസ്‌റ്റിന്റെ ഉള്ളടക്കം.
“എൻ്റെ ഫാൻ പേജ് എന്ന പേരിൽ ഒരു വ്യാജ ഫെയ്‌സ്ബുക്ക് പേജിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഈ പേജിന് ഞാനുമായോ എന്റെ ആരാധകരുമായോ യാതൊരു ബന്ധവുമില്ലെന്ന് അറിയിക്കുന്നു.
അനാവശ്യമായ ആരോപണങ്ങളും നാടകീയതയും സൃഷ്ടിക്കാനായി ബോധപൂർവം വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണിവർ. ഇവിടെ പോസ്‌റ്റ് ചെയ്യുന്നതൊന്നും വിശ്വസിക്കുകയോ പങ്കുവെക്കുകയോ ഇതുമായി ഇടപെടുകയോ ചെയ്യരുത്. ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയവർക്ക് നന്ദി.”-ആന്റണി വർഗീസ് കുറിച്ചു.
അതേസമയം പോൾ ജോർജ് സംവിധാനം ചെയ്ത ‘കാട്ടാളന്’ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. മുഴുനീള മാസ് എന്റർടെയ്നർ ആയി ഒരുക്കിയ സിനിമയിൽ ആൻ്റണി വർഗീസ്, ആന്റണി എന്ന കഥാപാത്രമായി എത്തുന്നു.