കൂടത്തായ്: സിനിമ,സീരിയല്‍ നിര്‍മാതാക്കള്‍ ഹാജരാകണമെന്ന് കോടതി

കൂടത്തായ് കൊലപാതക പരമ്പര ഇതിവൃത്തമാക്കി നിര്‍മിക്കുന്ന സിനിമയുടെയും സീരിയലിന്റെയുമെല്ലാം സംപ്രേക്ഷണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട റോയ് തോമസിന്റെ സഹോദരി റെഞ്ജി തോമസ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതിനു പിന്നാലെയാണ് കോടതി ഹാജരാകണമെന്ന് ഉത്തരവിറക്കിയത്. കൂടത്തായ് ഇതിവൃത്തമാക്കി നിര്‍മിക്കുന്ന സിനിമകളുടെയും സീരിയലുകളുടെയും നിര്‍മാതാക്കള്‍ ജനുവരി 13നാണ് ഹാജരാകേണ്ടത്. മുഖ്യപ്രതിയായ ജോളിയുടെ മക്കളായ റെമോ റോയ്, റെനോള്‍ഡ് റോയ്, റോയ് തോമസിന്റെ സഹോദരി റെഞ്ജി എന്നിവര്‍ അഭിഭാഷകന്‍ എം. മുഹമ്മദ് ഫിര്‍ദൗസ് മുഖേന നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി ഇടപെടല്‍. തുടര്‍ന്ന് ആശീര്‍വാദ് സിനിമാസ് ഉടമ ആന്റണി പെരുമ്പാവൂര്‍, വാമോസ് മീഡിയ പ്രൊഡക്ഷന്‍സ് ഉടമ ഡിനി ഡാനിയേല്‍, ഫ്‌ളവേഴ്‌സ് ചാനല്‍, ചാനല്‍ സി.ഇ.ഒ. ശ്രീകണ്ഠന്‍ നായര്‍, സീരിയല്‍ സംവിധായകന്‍ ഗിരീഷ്, മുഖ്യപ്രതി ജോളി, ‘കൂടത്തായ്’ സിനിമ സംബന്ധിച്ച് വാര്‍ത്തകള്‍ നല്‍കിയ രണ്ട് ചാനലുകള്‍ എന്നീ എട്ടുപേരെ എതിര്‍കക്ഷികളാക്കി കോടതി വെള്ളിയാഴ്ചയാണ് നോട്ടീസ് അയച്ചത്. ജനുവരി 13ന് രാവിലെ കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

റോയ്-ജോളി ദമ്പതിമാരുടെ മക്കളുടെ മാനസികാവസ്ഥയെ കരുതിയാണ് താന്‍ കോടതിയെ സമര്‍പ്പിച്ചതെന്ന് റെഞ്ജി തോമസ് വ്യക്തമാക്കിയിരുന്നു. കൊലപാതക പരമ്പരയിലെ കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാവുന്നതിന് മുമ്പുതന്നെ സിനിമയും സീരിയലുമെല്ലാം സംപ്രേക്ഷണം ചെയ്യുന്നത് ജോളിയുടെ മക്കളെ മാനസികമായി വളരെയധികം വിഷമിപ്പിക്കുമെന്ന് റെഞ്ജി തോമസ് പറഞ്ഞു. ”റെമോയുടെയും റെനോള്‍ഡിന്റെയും അമ്മയാണ് സിനിമയിലും സീരിയലിലുമെല്ലാം കഥാപാത്രമായി വരുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തത് മുതല്‍ അവര്‍ വലിയ മാനസിക സംഘര്‍ഷത്തിലാണ്. അവര്‍ ആവശ്യപ്പെട്ടത് പ്രകാരം അവരുടെ ഭാവിയെക്കരുതിയാണ് സിനിമയുടെയും സീരിയലിന്റെയുമെല്ലാം സംപ്രേക്ഷണവും നിര്‍മാണവും തടയണമെന്ന് കാണിച്ച് കോടതിയില്‍ ഹര്‍ജി നല്‍കിയത്”റെഞ്ജി പറഞ്ഞു. നടന്‍ മോഹന്‍ലാലിനെ അന്വേഷണ ഉദ്യോഗസ്ഥനാക്കി ‘കൂടത്തായ്’ എന്ന പേരില്‍ സിനിമയൊരുക്കുമെന്ന് ആന്റണി പെരുമ്പാവൂര്‍ മുമ്പ് പ്രഖ്യാപിച്ചിരുന്നു. ‘ജോളി’ എന്ന പേരില്‍ ചലച്ചിത്രമൊരുക്കാന്‍ വാമോസ് മീഡിയയും നടപടി തുടങ്ങിയിരുന്നു. ഫ്‌ളവേഴ്‌സ് ചാനല്‍ ‘കൂടത്തായ്’ എന്ന പേരില്‍ ഒരു ടെലിവിഷന്‍ പരമ്പര 13മുതല്‍ സംപ്രേക്ഷണം ചെയ്യാനിരിക്കുകയാണ്.