ഛപാക് റിലീസിന് പിന്നാലെ ദീപിക അഭിനയിച്ച പരസ്യം പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍

ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയുടെ കഥ പറയുന്ന ബോളിവുഡ് താരം ദീപികയുടെ ചിത്രം റിലീസിനെത്തിയ വേളയില്‍ ദീപിക അഭിനയിച്ച പരസ്യ ചിത്രം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ഭിന്ന ശേഷിക്കാര്‍ക്ക് വേണ്ടി തയ്യാറാക്കിയ പരസ്യ ചിത്രമാണ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. ദീപിക പദുകോണിന്റെ ജെഎന്‍യു സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.

ഭിന്നശേഷിക്കാര്‍ക്കുള്ള തുല്യാവസരങ്ങളെക്കുറിച്ചാണ് 40 സെക്കന്‍ഡുള്ള പരസ്യത്തില്‍ ദീപിക പറയുന്നത്. എന്നാല്‍ ജെ.എന്‍.യു. സന്ദര്‍ശനത്തിനുശേഷം വീഡിയോ സൈറ്റുകളില്‍ ഈ പരസ്യം കാണാതാവുകയായിരുന്നു. ജെഎന്‍യു ആക്രമണത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ചൊവ്വാഴ്ച്ചയാണ് ദീപിക ക്യാമ്പസില്‍ എത്തിയത്.

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ‘ഛപാക്’ എന്ന സിനിമയില്‍ നായികയായതിനാലാണ് ദീപികയെവെച്ച് മന്ത്രാലയം പരസ്യമിറക്കിയത്. ചൊവ്വാഴ്ചയാണ് ദീപിക ജെ.എന്‍.യു. സന്ദര്‍ശിച്ചത്. കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ തരംതാണ പ്രതികാരമാണ് കാണിച്ചതെന്നും സോഷ്യല്‍മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. അതേ സമയം ദീപികയുടെ ഛപാക്കിന് മോശം പ്രതികരണങ്ങളാണ് ലഭിച്ചതെന്നും ജെ എന്‍ യു സന്ദര്‍ശിച്ചുള്ള താരത്തിന്റെ പി ആര്‍ പ്ലാന്‍ ഏറ്റില്ലെന്നും പറഞ്ഞുകൊണ്ട് മറ്റൊരു വിഭാഗവും ട്രിറ്ററില്‍ രംഗത്തെത്തിയിട്ടുണ്ട്.