മുഖം മറക്കാതെ ഛപാക്..!

തന്റെ ഓരോ വേഷങ്ങൾക്കും സ്വന്തമായ ഒരു മുഖമുദ്ര കൊടുക്കുകയെന്നതാണ് ദീപിക പടുക്കോൺ എന്ന ബോളിവുഡ് താരം എപ്പോഴും തന്റെ ചിത്രങ്ങളിലൂടെ പ്രകടമാക്കിയിട്ടുള്ളത്. ആസിഡ് അറ്റാക്ക് വിക്ടിം ലക്ഷ്മി അഗർവാളിന്റെ കഥയെ ആസ്പദമാക്കിയൊരുക്കിയ ഛപാക് എന്ന ചിത്രത്തിൽ ദീപിക ഇത്തവണയെത്തിയതും അത്തരം ഒരു വ്യത്യസ്ഥ വേഷവുമായാണ്. ഉയരെ എന്ന ചിത്രവുമായി പശ്ചാത്തലം കൊണ്ട് ചില സാദൃശ്യങ്ങൾ തോന്നിപ്പിക്കുമെങ്കിലും ഛപാക് ഒരു ഇരയുടെ ഭാഗത്ത് നിന്ന്, അവരുടെ വൈകാരിക തലങ്ങൾ കൂടി സംസാരിക്കുന്നതിൽ വ്യത്യസ്ഥത പുലർത്തിയിട്ടുണ്ട്.

ദീപിക പദുക്കോൺ ആദ്യമായി നിർമ്മിച്ച് മേഘ്‌നാ ഗുൽസാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഛപാക് എന്ന ചിത്രം ഒരു ഇൻസ്‌പൈറിങ്ങ് റിയൽ ലൈഫ് സിനിമാ അനുഭവമാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. ചിത്രത്തിലെ അൽപം ചില സ്ഥിരം ബോളിവുഡ് റൊമാന്റിക് ചേരുവകളൊഴിച്ചാൽ ഛപാക് എന്ന ചിത്രം ഇരയുടെ പക്ഷത്ത് നിന്ന് സംസാരിക്കുന്നതിൽ നീതി പുലർത്തിയിട്ടുണ്ട്.

ചിത്രത്തിലെ പ്രധാന കഥാപാത്രമായ ആമോൾ ആസിഡ് അക്രമണത്തിന് ഇരയായവർക്കൊപ്പം നിൽക്കുന്ന, എന്നാൽ സ്വയം ആക്രമണത്തിന് ഇരയാവാതെ അതിന്റെ അനുഭവങ്ങളേക്കുറിച്ച് സംസാരിക്കുന്നവരുടെ കണിശമായ സ്വഭാവത്തേക്കുറിച്ചും ഒപ്പം അവരുടെ നല്ല മനസ്സിനേയും എടുത്ത് കാട്ടുന്നു. കഥാപാത്രത്തോടും സിനിമയോടും അണിയറയിലും വെള്ളിത്തിരയിലും നീതി പുലർത്തിയ ദീപികയെത്തന്നെയാണ് പ്രധാനമായി അഭിനന്ദിക്കേണ്ടത്. മേഘ്‌ന ഗുൽസാറിന്റെ മെയ്ക്കിങ്ങും തിരക്കഥയും ഇത്ര ഗൗരവമേറിയ വിഷയം അതിന്റെ എസ്സൻസ് ചോർന്ന് പോകാതെ തന്നെ ലളിതമായി എല്ലാ തരം പ്രേക്ഷകർക്കും ഒരുപോലെ എളുപ്പം ദഹിക്കാൻ പറ്റുന്ന ഒരവസ്ഥയിലേക്ക് കൊണ്ടുവന്നു.

ലക്ഷ്മി അഗർവാളിന്റെ ജീവിതകഥയോട് ഒത്ത് നിൽക്കാൻ പലപ്പോഴും ഛപാക്കിന് സാധിക്കാതെ പോയിട്ടുണ്ട്. അതുപോലെ ചെറുപ്പകാല വേഷം അവതരിപ്പിച്ച ദീപികയുടെ പ്രായം പലപ്പോഴും വേഷത്തിന് അമളിയായി. ചിത്രത്തിലെ റിയൽ ലൈഫ് അനുഭവങ്ങൾ പങ്കുവെക്കുന്ന ഭാഗങ്ങളിൽ, പ്രത്യേകിച്ച് ക്ലൈമാക്‌സ് രംഗത്ത് ആവശ്യമായ അർത്ഥവത്തായ അൽപം വാചകങ്ങൾ ചേർക്കാതിരുന്നത് ഒരു പോരായ്മയായി തോന്നി.

ടെക്‌നിക്കലി ഛപാക്കിന്റെ ഫ്രെയ്മുകളേക്കാൾ ചിത്രത്തിലേയ്ക്ക് പ്രേക്ഷകനെ പിടിച്ചിരുത്തുന്നത് ശങ്കർ എഹ്‌സാൻ ലോയ് എന്നിവരുടെ പശ്ചാത്തലം സംഗീതം തന്നെയാണ്. അതിനർത്ഥം ഛായാഗ്രഹണം മോശമാണെന്നല്ല. മലയ് പ്രകാശിന്റെ ഛായാഗ്രഹണവും ചിത്രത്തിനൊപ്പം നിന്നിട്ടുണ്ട്.

നിത്യേന ഇപയോഗിക്കുന്ന വസ്തുക്കളിൽ പെടുന്ന ആസിഡ് എന്ന 30 രൂപയുടെ ഒരു ബോട്ടിൽ ഒരാളുടെ ജീവിതം തന്നെ എങ്ങനെയാണ് മാറ്റിമറിക്കുന്നത് എന്ന് ഛപാക് മുഖം മറക്കാതെ പറയുന്നുണ്ട്. അത്തരം അനുഭവങ്ങളിൽ നിന്ന് തിരിച്ചുവരുന്നവർക്ക് തീർച്ചയായും ഒരു പ്രചോദനം നൽകാനും ഒരു സോഷ്യലി റെസ്‌പോൺസിബിൾ ഒപ്പം എൻജോയബിൾ സിനിമാ അനുഭവം നൽകാനും ദീപികയ്ക്കും ഛപാക്കിനും സാധിച്ചിട്ടുണ്ട്.