
ദേശീയ ചലച്ചിത്ര പുരസ്കാര നിർണയത്തിലെ മാനദണ്ഡങ്ങളെയും ജൂറിയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയെയും ചോദ്യം ചെയ്ത് നടി ഖുശ്ബു. അവാർഡ് നിശ്ചയിക്കുന്നതിൽ വ്യക്തമായ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരസ്യമായി ആരാഞ്ഞ താരം, വലിയ സിനിമാ വ്യവസായങ്ങൾക്ക് ലഭിക്കുന്ന പരിഗണന ചെറിയ പ്രാദേശിക സിനിമകൾക്ക് ലഭിക്കുന്നില്ലെന്ന സംശയവും ഉന്നയിച്ചു.
72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ ധനുഷ് സംവിധാനം ചെയ്ത ‘രായൻ’ മികച്ച തമിഴ് ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടതിനെച്ചൊല്ലി ചർച്ചകൾ കൊഴുക്കുന്നതിനിടെയാണ് ഖുശ്ബുവിന്റെ ഈ തുറന്നുപറച്ചിൽ. ‘മെയ്യഴകൻ’, ‘അമരൻ’, ‘മഹാരാജ’ തുടങ്ങിയ ചിത്രങ്ങളെ മറികടന്ന് ‘രായന്’ പുരസ്കാരം നൽകിയതിനെതിരെ തമിഴ് സിനിമാ ആസ്വാദകർക്കിടയിൽ വലിയ രീതിയിലുള്ള ഭിന്നാഭിപ്രായങ്ങൾ ഉയർന്നിരുന്നു.
ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് പുരസ്കാര പ്രക്രിയയിലെ തന്റെ ആശങ്കകൾ ഖുശ്ബു പങ്കുവെച്ചത്. ഏതെങ്കിലും വ്യക്തിപരമായ താല്പര്യത്തിന്റെ പേരിലോ നിർദ്ദിഷ്ട സിനിമകളെയോ വ്യക്തികളെയോ ലക്ഷ്യം വെച്ചോ അല്ല താൻ സംസാരിക്കുന്നതെന്ന് ഖുശ്ബു വ്യക്തമാക്കി.
സിനിമയുടെ ജനപ്രീതിയോ പൊതുവികാരങ്ങളോ ജൂറിയുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. ഹിന്ദി ചിത്രങ്ങൾക്ക് ലഭിക്കുന്ന പ്രാധാന്യം ഒഡിയ, ഗുജറാത്തി തുടങ്ങിയ ഭാഷകളിലെ മികച്ച സിനിമകൾക്ക് ലഭിക്കുന്നില്ലെന്നും, ‘ഹോൾസം എന്റർടൈൻമെൻ്റ്’ ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ എന്തുകൊണ്ടാണ് പ്രാദേശിക സിനിമകൾ തഴയപ്പെടുന്നതെന്നും അവർ ചോദിച്ചു. അവാർഡ് കമ്മിറ്റികളുടെ രൂപീകരണത്തിലും കൃത്യമായ വ്യക്തത വേണമെന്നാണ് താരത്തിന്റെ നിലപാട്.
അതേസമയം, പുരസ്കാര നിർണയത്തെ പൂർണ്ണമായി പിന്തുണച്ച് ജൂറി അംഗങ്ങളായ കോറിയോഗ്രാഫർ കല, സംഗീത സംവിധായകൻ ഡി. ഇമ്മൻ എന്നിവർ രംഗത്തെത്തിയിട്ടുണ്ട്. മുൻപും തന്റെ പല മികച്ച ചിത്രങ്ങളും ദേശീയ പുരസ്കാരങ്ങളിൽ തഴയപ്പെട്ടിട്ടുണ്ടെന്നും, അതുകൊണ്ടുതന്നെ നിലവിലെ വിമർശനങ്ങളെയും വ്യത്യസ്ത അഭിപ്രായങ്ങളെയും തികഞ്ഞ ബഹുമാനത്തോടെയാണ് കാണുന്നതെന്നുമാണ് വിവാദങ്ങളോട് നടൻ ധനുഷ് പ്രതികരിച്ചത്.