
വിസ്മയ മോഹൻലാലിന്റെ സിനിമാ അരങ്ങേറ്റ ചിത്രം ‘തുടക്കം’ തിയേറ്ററുകളിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സംവിധായകൻ ജൂഡ് ആന്തണി ജോസഫിന് സർപ്രൈസ് സ്നേഹസമ്മാനവുമായി നിർമാതാവും മോഹൻലാലിന്റെ ഭാര്യയുമായ സുചിത്ര മോഹൻലാൽ. മകളുടെ ആദ്യ ചിത്രത്തിന്റെ സംവിധായകന് വിലപിടിപ്പുള്ള സ്വിസ് വാച്ചാണ് സുചിത്ര സമ്മാനിച്ചത്. സമ്മാനവിവരവും ചിത്രങ്ങളും ജൂഡ് ആന്തണി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
പ്രമുഖ സ്വിസ് വാച്ച് നിർമാണക്കമ്പനിയായ ബൗം ആൻഡ് മേഴ്‌സിയറിന്റെ (Baume & Mercier) ‘റിവേര’ മോഡലിലുള്ള ഓട്ടോമാറ്റിക് വാച്ചാണ് സുചിത്ര സംവിധായകന് നൽകിയത്. വിപണിയിൽ ഏകദേശം മൂന്നര ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ് ഈ മോഡൽ. സുചിത്രയ്ക്കും വിസ്മയയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും വാച്ചിന്റെ ചിത്രവും പങ്കുവെച്ച ജൂഡ്, “അവർ മറ്റുള്ളവർക്ക് അമ്മയും മകളുമായിരിക്കാം, എന്നാൽ എനിക്കെന്നും ചേച്ചിയും അനിയത്തിയുമാണ്; ‘തുടക്കം’ കണ്ട സുചിച്ചേച്ചി തന്ന ഈ സമ്മാനം എന്നെന്നും ഒരു നിധിയായി സൂക്ഷിക്കും” എന്ന് കുറിച്ചു.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ‘തുടക്കം’ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ആന്റണി പെരുമ്പാവൂറിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ അരങ്ങേറ്റം കുറിക്കുന്നുണ്ട്.
മോഹൻലാൽ അതിഥിവേഷത്തിലെത്തുന്ന ചിത്രത്തിൽ സായ് കുമാർ, മനോജ് കെ. ജയൻ, ടി.ജി. രവി തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നു. ജോമോൻ ടി. ജോണും അഖിൽ ജോർജും ചേർന്നാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജേക്‌സ് ബിജോയ് സംഗീതവും ചമൻ ചാക്കോ എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു.