
തമിഴ്നാട്ടിലെ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളിലും സുഹൃത്തും നടനുമായ വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിലും പ്രതികരണവുമായി നടൻ ആർ. മാധവൻ. വിജയ് ഭരണനേതൃത്വത്തിലേക്ക് എത്തുന്നതിലുള്ള സന്തോഷം പങ്കുവെച്ച അദ്ദേഹം, തമിഴ്നാട്ടിൽ നല്ല മാറ്റങ്ങൾ സംഭവിക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു. എന്നാൽ തനിക്ക് യാതൊരുവിധ രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ലെന്നും സജീവ രാഷ്ട്രീയത്തിലേക്ക് ഒരിക്കലും ഇറങ്ങില്ലെന്നും താരം ഉറപ്പിച്ചുപറഞ്ഞു. സംവിധായകൻ കെ.എസ്. രവികുമാറിനൊപ്പം നൽകിയ പുതിയ അഭിമുഖത്തിലാണ് മാധവൻ തന്റെ രാഷ്ട്രീയ നിരീക്ഷണങ്ങൾ പങ്കുവെച്ചത്.
വിജയ്യുമായി ദീർഘകാലത്തെ സൗഹൃദമുണ്ടെന്ന് വ്യക്തമാക്കിയ മാധവൻ, അദ്ദേഹത്തെ ഇനി ‘സി.എം. വിജയ്’ എന്ന് വിളിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അഭിപ്രായപ്പെട്ടു. തമിഴ്നാട്ടിൽ ഇത്രവേഗത്തിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾ സാധ്യമാകുമെന്ന ആത്മവിശ്വാസം ജനങ്ങളിൽ വന്നിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
രാഷ്ട്രീയം ഒരു ഇരുതല മൂർച്ചയുള്ള വാളാണെന്നാണ് മാധവന്റെ പക്ഷം. അവിടെ നല്ലത് ചെയ്താലും തെറ്റ് ചെയ്താലും വിമർശിക്കാൻ എപ്പോഴും ഒരു വിഭാഗം ആളുകളുണ്ടാകും. ജനങ്ങളെ നയിക്കാനോ മുഖ്യമന്ത്രിയാകാനോ ഉള്ള ആഗ്രഹം തനിക്കില്ല. അധികാരം ലക്ഷ്യമിട്ടല്ല, സേവനമനസ്സോടെയാണ് രാഷ്ട്രീയത്തിൽ പ്രവർത്തിക്കേണ്ടത്. ആ കാര്യത്തിൽ താൻ അൽപ്പം സ്വാർത്ഥനാണെന്ന് മാധവൻ തുറന്നുപറഞ്ഞു. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികളെ എന്നും ബഹുമാനിക്കുമെന്നും, സമൂഹത്തിന് തന്റേതായ രീതിയിൽ സംഭാവനകൾ നൽകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർ നിർമ്മിച്ച ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ജീവിതം പ്രമേഹമാകുന്ന ‘ജിഡിഎൻ’ എന്ന ചിത്രമാണ് മാധവന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. നവാഗതനായ കൃഷ്ണകുമാർ രാമകുമാർ സംവിധാനം ചെയ്യുന്ന ഈ ബയോപിക്കിൽ ജി.ഡി. നായിഡുവായാണ് മാധവൻ വേഷമിടുന്നത്.