മേഘ്ന ഗുൽസാറിന്റെ പുതിയ ചിത്രം ‘ദായ്ര’യിൽ പൃഥ്വിരാജിനൊപ്പം ബോളിവുഡ് താരം കരീന കപൂറും ഒന്നിക്കുന്നു. പൃഥ്വിരാജിനൊപ്പം ആദ്യമായാണ് കരീന എത്തുന്നത്. സിനിമയുടെ പ്രമേയം ഏറെ പ്രചോദനം നൽകുന്നതാണെന്ന് കരീന അഭിപ്രായപ്പെട്ടു. പൃഥ്വിരാജിനൊപ്പം പ്രവർത്തിക്കാനുള്ള അവസരമാണ് തന്നെ ഈ സിനിമയിലേക്ക് ആകർഷിച്ചതെന്നും അവർ വ്യക്തമാക്കി. “മേഘ്ന ഗുൽസാറുമായി ഒരു സിനിമ ചെയ്യുന്നതിൽ ഞാൻ അത്യന്തം ആവേശഭരിതയാണ്. ‘ദായ്ര’ മികച്ച സിനിമാറ്റിക് അനുഭവമാകുമെന്ന് ഉറപ്പുണ്ട്,” – കരീന പറഞ്ഞു.
ചിത്രത്തിന്റെ തിരക്കഥ കേട്ടതുമുതൽ തന്നെ ഇത് ചെയ്യണമെന്ന് ഉറപ്പിച്ചതായി പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. കഥ പുരോഗമിക്കുമ്പോൾ തന്റെ കഥാപാത്രവും അയാൾ അവതരിപ്പിക്കുന്ന ആശയങ്ങളും തന്നെ ആകർഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു. “പല തലങ്ങളുള്ള, പ്രേക്ഷകരുമായി പെട്ടെന്നു കണക്ടാവുന്ന ഒരു കഥാപാത്രമാണ് എന്റെത്,” – പൃഥ്വിരാജ് വ്യക്തമാക്കി.
“നമ്മൾ ജീവിക്കുന്ന സമൂഹത്തെയും നയിക്കുന്ന സ്ഥാപനങ്ങളേയും കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരു കഥയാണ് ‘ദായ്ര’ കൈകാര്യം ചെയ്യുന്നത്,” – സംവിധായിക മേഘ്ന ഗുൽസാറും അഭിപ്രായപ്പെട്ടു.
ജംഗ്‌ളി പിക്ചേഴ്‌സ് നിർമ്മിക്കുന്ന ഈ ചിത്രം, സംവിധായകയും എഴുത്തുകാരിയുമായ മേഘ്നയുടെ പുതിയ സംരംഭമാണ്. ‘റാസി’, ‘തൽവാർ’ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജംഗ്‌ളി പിക്ചേഴ്സും മേഘ്നയും ഒരുമിക്കുക എന്നതും ചിത്രത്തിൻറെ പ്രത്യേകതയാണ്. മികച്ച പ്രതികരണങ്ങൾ നേടിയ ‘സാം ബഹദൂർ’ എന്ന ചിത്രം സംവിധാനം ചെയ്തതിനു ശേഷം മേഘ്നയുടെ പുതിയ പ്രോജക്ട് എന്ന നിലയിലും ‘ദായ്ര’ ഏറെ ശ്രദ്ധേയമാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
പി.ആർ.ഒ – സതീഷ് എരിയാളത്ത്