സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി; വൊര്‍ളി ട്രാഫിക് ഓഫീസിലേക്ക് വാട്സാപ്പ് സന്ദേശം

','

' ); } ?>

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. മുംബൈ ഗതാഗത വകുപ്പിന്റെ വൊര്‍ളി ഓഫീസിലേയ്ക്ക് വാട്‌സാപ്പ് സന്ദേശമായാണ് ഭീഷണി എത്തിയത്. സന്ദേശത്തിൽ വീട്ടിലേക്ക് കടന്നുകയറി താരത്തെ വധിക്കുമെന്നും, അദ്ദേഹത്തിന്റെ കാര്‍ ബംബുവെച്ച് തകര്‍ക്കുമെന്നും വ്യക്തമാക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടൊപ്പം വൊര്‍ളി പോലീസ് സ്‌റ്റേഷനില്‍ അജ്ഞാത വ്യക്തിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണ നടപടികള്‍ ആരംഭിച്ചതായും പോലീസ് അറിയിച്ചു. സന്ദേശത്തിന്റെ ഉറവിടവും അതിന്റെ ആധികാരികതയും സംബന്ധിച്ചുള്ള അന്വേഷണമാണ് പ്രാഥമിക ഘട്ടത്തില്‍ നടക്കുന്നത്.

സല്‍മാന്റെ അടുത്ത സുഹൃത്തും മുന്‍ മഹാരാഷ്ട്രാ മന്ത്രിയുമായ ബാബാ സിദ്ദീഖി കൊല്ലപ്പെട്ടതിനു പിന്നാലെ, സല്‍മാന് നിരവധി വധഭീഷണികള്‍ ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കിയിരുന്നു. മുംബൈയിലെ ഗാലക്സി അപാര്‍ട്മെന്റിലെ ബാല്‍ക്കണിയില്‍ ബുള്ളറ്റ് പ്രൂഫ് ഗ്ലാസും വൈദ്യുതിവേലിയും സ്ഥാപിച്ചിരിക്കുകയാണ്. സെക്യൂരിറ്റിയോടൊപ്പം പോലീസ് എസ്‌കോര്‍ട്ടും, ആയുധങ്ങള്‍ കൈകാര്യം ചെയ്യാനറിയാവുന്ന പ്രത്യേക കോണ്‍സ്റ്റബിള്‍ സേവനവുമാണ് നിലവിൽ താരത്തിനുള്ളത്. പനവേലിലുള്ള ഫാം ഹൗസിലും ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടയിലാണ് വീണ്ടും വധഭീഷണിയുടെ സന്ദേശം എത്തിയിരിക്കുന്നത്.

കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സംഘമാണ് മുമ്പും സല്‍മാനെതിരെ ഭീഷണി മുഴക്കിയത്. 2018-ല്‍ കൃഷ്ണമൃഗ വേട്ടക്കേസ് സംബന്ധിച്ച നിലപാടിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ വധിക്കണമെന്നാവശ്യപ്പെട്ട് ബിഷ്ണോയ് സമുദായത്തില്‍ നിന്നുള്ള ചിലര്‍ ആഹ്വാനം ചെയ്തിരുന്നു. 2024 ഏപ്രില്‍ 14-ന് പുലര്‍ച്ചെ ഗാലക്സി അപാര്‍ട്മെന്റിന്റെ ബാല്‍ക്കണിയിലേക്ക് മോട്ടോര്‍ ബൈക്കില്‍ എത്തിയ രണ്ടു പേരുടെ വെടിവെപ്പ് വിവാദം ഉണ്ടാക്കിയിരുന്നു. ഇതിന് പിന്നിലും ബിഷ്ണോയി സംഘമെന്ന് പിന്നീട് സ്ഥിരീകരിച്ചു.

ഈ വര്‍ഷം ജനുവരിയില്‍ വ്യാജപ്പേരില്‍ രണ്ടു പേര്‍ സല്‍മാന്റെ ഫാം ഹൗസിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചതായും താരം വെളിപ്പെടുത്തിയിരുന്നു.