
ബോളിവുഡ് സിനിമാ ലോകത്തെയും സോഷ്യൽ മീഡിയയെയും ഒരുപോലെ അമ്പരപ്പിച്ച സംഭവമായിരുന്നു പ്രമുഖ സംവിധായകനും നിർമാതാവുമായ കരൺ ജോഹറിൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ പെട്ടെന്നുള്ള മാറ്റങ്ങൾ. ഷാരൂഖ് ഖാൻ, കരീന കപൂർ, ആലിയ ഭട്ട് തുടങ്ങിയ തൻ്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളെയും മുൻനിര താരങ്ങളെയും കരൺ പെട്ടെന്ന് അൺഫോളോ ചെയ്തതാണ് വലിയ ചർച്ചകൾക്ക് വഴിവെച്ചത്. താരങ്ങൾ തമ്മിൽ എന്തെങ്കിലും കടുത്ത പിണക്കത്തിലാണോ എന്ന രീതിയിൽ വലിയ തോതിലുള്ള ഗോസിപ്പുകളും ഇതോടെ മാധ്യമങ്ങളിൽ നിറഞ്ഞു.
എന്നാൽ പ്രചരിക്കുന്ന വാർത്തകളിലെല്ലാം ഒടുവിൽ കരൺ ജോഹർ തന്നെ നേരിട്ട് വ്യക്തത വരുത്തിയിരിക്കുകയാണ്. ഇതൊരു പിണക്കത്തിൻ്റെ പുറത്തുള്ള പ്രതികരണമല്ലെന്നും, വെറുമൊരു ‘ഡിജിറ്റൽ ഡിറ്റോക്സ്’ (Digital Detox) മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മാനസിക ഉന്മേഷത്തിനും സമാധാനത്തിനുമായി സോഷ്യൽ മീഡിയയുടെ അമിത ഉപയോഗത്തിൽ നിന്ന് താൽക്കാലികമായി മാറിനിൽക്കുന്ന രീതിയാണിത്. അതിൻ്റെ ഭാഗമായാണ് താൻ ഇങ്ങനെയൊരു പരീക്ഷണത്തിന് മുതിർന്നതെന്നാണ് കരൺ വ്യക്തമാക്കിയത്. സംവിധായകൻ്റെ ഈ പുതിയ വെളിപ്പെടുത്തലോടെ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന ഊഹാപോഹങ്ങൾക്കെല്ലാം ഇപ്പോൾ വിരാമമായിരിക്കുകയാണ്.
“ഇതൊരു ഡിജിറ്റൽ ഡിറ്റോക്സ‌് ആണ്! ഇൻസ്‌റ്റഗ്രാമിൽ ചിലവഴിക്കുന്ന സമയവും ഊർജവും കുറയ്ക്കുന്നതിൻറെ ഭാഗമായാണ് ഞാൻ എല്ലാവരെയും അൺഫോളോ ചെയ്യുന്നത്. ദൈവത്തെയോർത്ത് ഇതൊരു ദേശീയ വാർത്തയാക്കരുത്. മറ്റെന്തെങ്കിലും ക്ലിക്ക് ബൈറ്റ് വാർത്തകൾ പോയി ചെയ്യൂ. ഇത് തികച്ചും അപ്രസക്‌തമായ കാര്യമാണ്.” – കരൺ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
അനന്യ പാണ്ഡെ, കാർത്തിക് ആര്യൻ, സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്ര, വരുൺ ധവാൻ, സിദ്ധാർഥ് മൽഹോത്ര, മലൈക അറോറ തുടങ്ങി ബോളിവുഡിലെ ഒട്ടുമിക്ക പ്രമുഖരെയും കരൺ അൺഫോളോ ചെയ്തിട്ടുണ്ട്. എന്നാൽ ഈ കൂട്ട അൺഫോളോ ചെയ്യലിലും കരണിന്റെ ഫോളോവിങ് ലിസ്‌റ്റിൽ ഒരു ബോളിവുഡ് താരം മാത്രം ഇപ്പോഴും ബാക്കിയുണ്ട്, പ്രിയങ്ക ചോപ്ര. പ്രിയങ്ക ചോപ്രയെ കൂടാതെ ധർമ്മ പ്രൊഡക്ഷൻസ് സിഇഒ അപൂർവ മേത്ത, വ്യവസായി അദാർ പൂനാവാല എന്നിവരുൾപ്പെടെ വെറും 78 അക്കൗണ്ടുകൾ മാത്രമാണ് 17 മില്യണിലധികം ഫോളോവേഴ്സുള്ള കരൺ ജോഹർ ഇപ്പോൾ ഇൻസ്‌റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്.
തന്റെ 54-ാം ജന്മദിനാഘോഷത്തിന് പിന്നാലെയാണ് കരണിന്റെ ഈ അപ്രതീക്ഷിത സോഷ്യൽ മീഡിയ പരീക്ഷണം എന്നതും ശ്രദ്ധേയമാണ്. കാർത്തിക് ആര്യൻ നായകനാകുന്ന ‘നാഗ്‌സില്ല’ എന്ന ചിത്രമാണ് ധർമ്മ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കരൺ ജോഹർ അടുത്തതായി നിർമിക്കുന്നത്.