
തൊഴിൽ പീഡനം പുറത്തുപറഞ്ഞതിൻ്റെ വൈരാഗ്യത്തിൽ തനിക്കെതിരെ വലിയ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് താരസംഘടനയായ ‘അമ്മ’യിലെ മാനേജർ അതുല്യ. ഗൂഢാലോചനക്ക് പിന്നാലെ തന്നെ അപകീർത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിച്ചുവെന്നും, തൊഴിൽ പീഡന പരാതിയിൽ നിന്ന് തന്നെ പിന്തിരിപ്പിക്കാനും മോശക്കാരിയായി ചിത്രീകരിക്കാനും ഭാരവാഹികൾ ചേർന്ന് വലിയൊരു ‘സ്ക്രിപ്റ്റ്’ തന്നെ തയാറാക്കിയെന്നും അതുല്യ പറഞ്ഞു. ഭാരവാഹികൾക്കെതിരെ പൊലീസിലും ലേബർ ഓഫിസിലും പരാതി നൽകിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അതുല്യ.
അതുല്യയുടെ വാക്കുകൾ:
“ഞാൻ കമ്മിഷണർക്ക് നൽകിയ പരാതിയിൽ, എന്നെ ജോലിയിൽ നിന്നും ടെർമിനേറ്റ് ചെയ്തതതിൻ്റെ ഭാഗമായി കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ, നീനാ കുറുപ്പ് എന്നിവർ ചേർന്ന് എനിക്കെതിരെ നടത്തിയ വലിയൊരു ഗൂഢാലോചനയുടെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നെക്കൊണ്ട് ചില കാര്യങ്ങൾ പറയിക്കാൻ സെക്യൂരിറ്റിയായ മുഹമ്മദിനെ ഇവർ ഏൽപ്പിച്ച വിവരം അയാൾ എന്നെ വിളിച്ചു പറഞ്ഞതിൻ്റെ ഫോൺ റെക്കോർഡും തെളിവായി പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. നേരത്തെ ഞാൻ തൊഴിൽ പീഡനത്തിനെതിരെ കമ്മിറ്റിക്ക് നൽകിയ പരാതിക്ക് പിന്നാലെ നീനാ കുറുപ്പിന്റെ ഒരു ഓഡിയോ പുറത്തുവന്നിരുന്നു. അത് ഇവരുടെ കമ്മിറ്റിയിൽ നിന്ന് തന്നെ ചോർന്നതായിരുന്നു.
ആ ഓഡിയോയിൽ എന്നോട് സംസാരിക്കുമ്പോൾ ഞാൻ ‘വിക്ടിം ഗെയിം’ കളിക്കണമായിരുന്നു എന്നും, മുൻപ് ലക്ഷ്മിപ്രിയയോട് വഴക്കിട്ടപ്പോൾ താൻ അങ്ങനെയാണ് ചെയ്തതെന്നും നീന പറയുന്നുണ്ട്. കൂടാതെ മാധ്യമങ്ങളോട് സംസാരിച്ചതിനെ പരിഹസിച്ചുകൊണ്ട്, ‘ആരോടെങ്കിലും ബന്ധം പുലർത്തിയ ശേഷം പിറ്റേന്ന് താൻ വിർജിൻ ആണെന്ന് പറഞ്ഞാൽ മതിയോ’ എന്ന തരത്തിലുള്ള അധിക്ഷേപ പരാമർശങ്ങളും അതിലുണ്ടായിരുന്നു.
എന്നെ ജോലിയിൽ നിന്നും ടെർമിനേറ്റ് ചെയ്ത നടപടി റദ്ദ് ചെയ്തതായി വാർത്തകളിൽ വന്നെങ്കിലും, ഓഫിസിൽ കുക്കു പരമേശ്വരൻ ഉള്ളിടത്തോളം കാലം എനിക്ക് അവിടെ സുരക്ഷിതത്വം ഉണ്ടാകില്ലെന്ന് പറഞ്ഞ് എന്നോട് വീട്ടിലിരുന്ന് ‘വർക്ക് ഫ്രം ഹോം’ രീതിയിൽ ജോലി ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. നിലവിൽ ഓഫിസിലേക്ക് ആവശ്യമായ നമ്പറുകളോ കമ്മ്യൂണിക്കേഷനുകളോ ചോദിക്കാൻ വിളിക്കുന്നതല്ലാതെ എനിക്ക് അവിടെ മറ്റ് ജോലികളൊന്നും നൽകിയിട്ടില്ല. ഉണ്ണി ശിവപാലിനെ രക്ഷിക്കാൻ വേണ്ടി സെക്യൂരിറ്റി മുഹമ്മദ് തങ്ങളുടെ കൂടെ നിൽക്കണമെന്ന് കുക്കു പരമേശ്വരൻ ആവശ്യപ്പെടുകയും, ഞാൻ അയാളെ ഒരു ‘ഹണി ട്രാപ്പിൽ’ പെടുത്തിയതാണെന്ന് കമ്മിറ്റിക്ക് മുന്നിൽ പറയണമെന്ന് ട്രെയിനിങ് നൽകുകയും ചെയ്തതായി മുഹമ്മദ് തന്നെ ഓഡിയോയിൽ സമ്മതിക്കുന്നുണ്ട്.
ഞാൻ വൈകുന്നേരം ഓഫിസിൽ നിന്ന് പോയ ശേഷം ദിവസവും ഇയാളെ ക്യാബിനിലേക്ക് വിളിച്ചുവരുത്തിയാണ് ഈ കള്ളക്കഥ പ്രസംഗിക്കാൻ അവർ പരിശീലനം നൽകിയത്. ഈ ഗൂഢാലോചനയിൽ നീനാ കുറുപ്പിനും പങ്കുണ്ടെന്ന് എനിക്ക് ബോധ്യപ്പെടാൻ കാരണം, കമ്മിറ്റി മീറ്റിങിനു ശേഷം നീന മുഹമ്മദിനോട് ചെന്ന് ‘ഞങ്ങൾ മുഹമ്മദിൻ്റെ ഒപ്പം നിൽക്കില്ലേ’ എന്ന് ചോദിച്ചതായി അയാൾ എന്നോട് പറഞ്ഞിട്ടുള്ളതിനാലാണ്. മീറ്റിങിലെ ഈ സംഭാഷണങ്ങളെല്ലാം റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ അവിടുത്തെ സിസിടിവിയും ഓഡിയോയും പരിശോധിച്ചാൽ ഇതിന് കൃത്യമായ തെളിവ് ലഭിക്കും. എന്നാൽ ഈ കള്ളക്കഥ പുറത്തുവന്നിട്ടും കുക്കു പരമേശ്വരൻ ഉൾപ്പെടെയുള്ളവർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാതെ അവർ ഇപ്പോഴും ദിവസവും ഓഫിസിൽ പോകുന്നുണ്ട്.
എന്നെ ജീവിക്കാൻ അനുവദിക്കാത്ത വിധം വീണ്ടും വീണ്ടും പരാതികൾ വരുന്നതുകൊണ്ടാണ് ഞാൻ ഇതിനെതിരെ സംസാരിക്കാൻ നിർബന്ധിതയായത്. എന്നെ ടെർമിനേറ്റ് ചെയ്ത ദിവസം മുതൽ നീനാ കുറുപ്പ് എന്നെ തുടർച്ചയായി ഫോണിൽ വിളിക്കുകയും, “ഈ വാശിക്ക് മോൾ അടുത്ത ജോലിയിൽ കയറണം” എന്ന് പറയുകയും ചെയ്തിരുന്നു. അവരുടെ നിർദ്ദേശപ്രകാരം എൻ്റെ അനുവാദമില്ലാതെ പലരും എന്നെ വിളിച്ച് ബയോഡേറ്റ ചോദിക്കാൻ തുടങ്ങിയപ്പോഴാണ് എനിക്ക് ഇതിൽ അസ്വാഭാവികത തോന്നിയത്. തുടർന്നാണ് കുക്കുവും ഉണ്ണിയും തങ്ങളുടെ അടുത്ത ആളുകളാണെന്ന് ഇവർ മറ്റുള്ളവരോട് പറയുന്നത് ഞാൻ അറിഞ്ഞതും, തെളിവിനായി നീനയുടെ ഫോൺ കോളുകൾ റെക്കോർഡ് ചെയ്യാൻ തുടങ്ങിയതും.
ഒരേസമയം എൻ്റെ കൂടെ നിൽക്കുന്നു എന്ന് തോന്നിപ്പിക്കുകയും എന്നാൽ രഹസ്യമായി അവർക്കൊപ്പം നിൽക്കുകയും ചെയ്യുകയായിരുന്നു നീനയുടെ ലക്ഷ്യം. കുക്കുവും ഉണ്ണിയും നീനയും അടങ്ങുന്ന ഒരു സംഘം തന്നെയാണ് അവിടെയുള്ളത്. എൻ്റെ അടുത്ത നീക്കം എന്താണെന്ന് മനസ്സിലാക്കാൻ വേണ്ടിയാണ് അവർ എന്നെ വിളിച്ചിരുന്നത്. എന്നാൽ എനിക്ക് വ്യക്തിപരമായ തിരക്കുകളുണ്ടെന്നും റിലാക്സ് ചെയ്ത ശേഷം സംസാരിക്കാമെന്നുമാണ് ഞാൻ അവരോട് പറഞ്ഞിരുന്നത്.
അവിടെ ഔദ്യോഗിക കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് ഇവരാണ്. ഓഫിസിലെ സാമ്പത്തിക ഇടപാടുകളെല്ലാം ഉണ്ണി ശിവപാലാണ് കൈകാര്യം ചെയ്യുന്നത്, എന്നെ ഫ്രണ്ട് ഓഫിസ് എക്സ്പെൻസ് നോക്കാൻ മാത്രമാണ് ഏൽപ്പിച്ചിരുന്നത്. അവിടെ വലിയ രീതിയിലുള്ള ആന്തരിക ഓഡിറ്റിങ് ഒക്കെ നടക്കുന്നുണ്ട്. ഞാൻ ജോലിക്ക് കയറിയതിൻ്റെ പിറ്റേ ദിവസം മുതൽ തന്നെ ഉണ്ണി ശിവപാൽ എന്നോട് പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയിരുന്നു. അയാൾ എന്നോട് ഒരു ‘അമ്മായിയമ്മയെപ്പോലെയാണ്’ പെരുമാറുന്നതെന്ന് കാണിച്ച് അന്ന് ഞാൻ സെക്രട്ടറിക്ക് അയച്ച മെസ്സേജ് എൻ്റെ കയ്യിൽ തെളിവായിട്ടുണ്ട്. അവിടെ ആരും ഇല്ലാത്തപ്പോൾ പോലും എന്നെ മാനസികമായി ഹരാസ് ചെയ്യുകയും, എന്തെങ്കിലുമൊക്കെ കുറ്റങ്ങൾ കണ്ടുപിടിച്ച് വഴക്കുണ്ടാക്കുകയും ചെയ്യുക എന്നത് അയാളുടെ പതിവായിരുന്നു. എന്റെ സ്ഥാനത്തേക്ക് മറ്റാരെയെങ്കിലും കൊണ്ടുവരാൻ ഉദ്ദേശിച്ചിട്ടുള്ളതുകൊണ്ടാകാം ഞാൻ അവിടെ ജോലിക്ക് ചേർന്നത് അയാൾക്ക് ഒട്ടും ഇഷ്ടപ്പെടാതിരുന്നതിന് കാരണം.”-അതുല്യയുടെ വാക്കുകൾ.
നേരത്തെ ‘അമ്മ’ ഓഫിസിൽ വലിയ രീതിയിലുള്ള പീഡനം നേരിടേണ്ടി വന്നതായി അതുല്യ സംഘടനയ്ക്കുള്ളിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ ഭരണസമിതിയിലെ ചിലർ ഏകപക്ഷീയമായി അതുല്യയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. എന്നാൽ, സംഭവം വിവാദമായതോടെ അമ്മ പ്രസിഡന്റ് ശ്വേതയുടെ നേതൃത്വത്തിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി ഈ നടപടി റദ്ദാക്കുകയും അതുല്യയെ ജോലിയിൽ തിരിച്ചെടുക്കുകയും ചെയ്തു. തുടർന്ന് ഓഫിസിലേക്ക് വരേണ്ടതില്ലെന്നും വീട്ടിലിരുന്ന് ജോലി ചെയ്താൽ മതിയെന്നുമുള്ള നിർദ്ദേശമാണ് അതുല്യയ്ക്ക് ലഭിച്ചത്. ഈ ഘട്ടത്തിലാണ് തനിക്കെതിരെ ഭാരവാഹികൾ നടത്തിയ വൻ ഗൂഢാലോചനയുടെ തെളിവുകൾ പുറത്തുവരുന്നത് എന്ന് അതുല്യ പറയുന്നു.
അതുല്യയെ ഹണി ട്രാപ്പ് കേസിൽ കുടുക്കാനോ സെക്യൂരിറ്റി ജീവനക്കാരനുമായി ചേർത്ത് അപകീർത്തികരമായ വാർത്തകൾ ഉണ്ടാക്കാനോ കുക്കു പരമേശ്വരനും നീന കുറുപ്പും ശ്രമിച്ചതായി ആരോപണമുണ്ട്. ഇതിനായി സംഘടനയിലെ സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തുകയും പ്രലോഭിപ്പിക്കുകയും ചെയ്തു. ഭാരവാഹികൾ പറഞ്ഞതനുസരിച്ച് കാര്യങ്ങൾ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സെക്യൂരിറ്റി ജീവനക്കാരൻ തന്നെ വിളിച്ച് സംസാരിച്ച ഓഡിയോ ക്ലിപ്പ് അതുല്യ പുറത്തുവിട്ടിരുന്നു. ഇതിന് പുറമെ നടി ലക്ഷ്മി പ്രിയ തെറിവിളിച്ചപ്പോൾ താൻ ‘വിക്ടിം ഗെയിം’ കളിക്കുകയായിരുന്നുവെന്നും മോളും അത് തന്നെ ചെയ്യണമെന്നും നീന കുറുപ്പ് അതുല്യയോട് പറയുന്ന മറ്റൊരു ഫോൺ സംഭാഷണവും പുറത്തുവന്നിരുന്നു. ഈ വോയ്സ് ക്ലിപ്പുകൾ തെളിവായി കമ്മിറ്റിക്ക് മുൻപാകെ അതുല്യ സമർപ്പിച്ചിട്ടുണ്ട്.
ഭാരവാഹികളിൽ നിന്നുള്ള മാനസിക പീഡനം അതിരുകടന്നതോടെയാണ് ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാൻ അതുല്യ തീരുമാനിച്ചത്. തൊഴിൽ പീഡനത്തിനെതിരെ ജില്ലാ ലേബർ ഓഫീസർക്കും, ഗൂഢാലോചനയ്ക്കും ഭീഷണിക്കുമെതിരെ സിറ്റി പൊലീസ് കമ്മീഷണർക്കുമാണ് പരാതി നൽകിയിരിക്കുന്നത്. താരസംഘടനയെ വീണ്ടും പ്രതിക്കൂട്ടിലാക്കുന്ന ഈ സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന ഉറപ്പിലാണ് പരാതിക്കാരി.