കാപ്പാന്‍ നിയമകുരുക്കില്‍; റിലീസ് മാറ്റി

','

' ); } ?>

സൂര്യയ്‌ക്കൊപ്പം മോഹന്‍ലാലും പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം കാപ്പാന്‍ നിയമകുരുക്കില്‍. ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചതാണെന്ന ആരോപണവുമായി തിരക്കഥാകൃത്ത് ജോണ്‍ ചാള്‍സ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതോടെ സെപ്റ്റംബര്‍ 20ന് പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി മാറ്റിവച്ചു.

‘സരവെടി’ എന്ന പേരില്‍ താന്‍ എഴുതിയ തിരക്കഥ മോഷ്ടിച്ചതാണ് കെ.വി ആനന്ദിന്റെ കാപ്പാന്‍ എന്നാണ് ജോണ്‍ ആരോപിക്കുന്നത്. ചിത്രത്തിലെ പല സംഭാഷണങ്ങളും തന്റെ തിരക്കഥയിലെ തനി പകര്‍പ്പാണെന്നും ജോണ്‍ പറയുന്നു. ഓഗസ്റ്റ് 20നാണ് ഹര്‍ജി ഫയല്‍ ചെയ്തത്. 2017 ജനുവരിയില്‍, സംവിധായകന്‍ കെ.വി ആനന്ദിന് താന്‍ തിരക്കഥ വായിച്ചു കൊടുത്തിട്ടുണ്ടെന്നും, എന്നാല്‍ ഇതേപ്പറ്റി പിന്നീട് കെ.വി ആനന്ദിന്റെ ഭാഗത്ത് നിന്നും പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും, എന്നാല്‍ രണ്ടു വര്‍ഷത്തിന് ശേഷം കാപ്പാന്റെ ടീസര്‍ എത്തിയപ്പോള്‍ തന്റെ തിരക്കഥയുമായുള്ള സാമ്യം ഞെട്ടിക്കുന്നതായിരുന്നെന്നും ജോണ്‍ ഹര്‍ജിയില്‍ പറയുന്നു. സംവിധായകന്‍ കെ.വി ആനന്ദും നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സും ഈ ആരോപണങ്ങള്‍ നിഷേധിച്ചു.

ടീസറില്‍ നിന്നുള്ള നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി, സിനിമയും കഥയും ഒരേ തന്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അദ്ദേഹം ആരോപിക്കുന്നു. സിനിമയുടെ റിലീസിന് കോടതിയില്‍ ഇടക്കാല ഉത്തരവ് തേടിയ ജോണ്‍, രചയിതാവെന്ന നിലയില്‍ തന്റെ പേര് ചിത്രത്തോടൊപ്പം പ്രദര്‍ശിപ്പിക്കണമെന്നും പകര്‍പ്പവകാശ ഫീസ് നല്‍കണമെന്നും സംവിധായകനോടും നിര്‍മ്മാതാക്കളോടും ഉത്തരവിടാന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. തിങ്കളാഴ്ച കേസ് വാദം കേട്ട ജസ്റ്റിസ് കൃഷ്ണസ്വാമി അടുത്ത വാദം സെപ്റ്റംബര്‍ നാലിലേക്ക് മാറ്റി.

മോഹന്‍ലാലും സൂര്യയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് സയേഷയാണ്. ആര്യ,ബോമ്മന്‍ ഇറാനി, സമുദ്രക്കനി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ലൈക പ്രൊഡക്ഷന്‍സാണ് കാപ്പാന്‍ നിര്‍മ്മിക്കുന്നത്. ഹാരിസ് ജയരാജാണ് സംഗീത സംവിധാനം. ഗവേമിക് യു ആരിയാണ് ക്യാമറ.