“തോറ്റുപോകുമെന്നു കരുതിയടത്തുനിന്നും ജീവിതത്തിലേക്ക് നയിച്ച എന്റെ പ്രിയ സോദരൻ”; രമേഷ് പിഷാരടിയെക്കുറിച്ച് കണ്ണൻ സാഗർ

','

' ); } ?>

ഗുരുതരമായ ഹൃദയശസ്ത്രക്രിയയ്ക്ക് തനിക്ക് സഹായഹസ്തവുമായി എത്തിയ നടൻ രമേഷ് പിഷാരടിയെ നേരിൽ കണ്ട നിമിഷം പങ്കുവെച്ച് നടൻ കണ്ണൻ സാഗർ. മിമിക്രി അസോസിയേഷന്റെ വാർഷിക പൊതുയോഗത്തിൽ വെച്ചാണ് ഇരുവരും അവിചാരിതമായി കണ്ടുമുട്ടിയത്. പിഷാരടിയെ കണ്ടയുടൻ വികാരഭരിതനായി താൻ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞുവെന്ന് കണ്ണൻ സാഗർ ഫേസ്ബുക്കിൽ കുറിച്ചു.

തിരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിലും താൻ അയച്ച ഒരു സന്ദേശത്തിന് അർദ്ധരാത്രിയിൽ തന്നെ പിഷാരടി മറുപടി നൽകുകയും തുടർചികിത്സ ഉറപ്പാക്കുകയുമായിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനുമായി ബന്ധപ്പെടുത്തി ആലുവ രാജഗിരി ആശുപത്രിയിലാണ് കണ്ണൻ സാഗറിന്റെ ബൈപ്പാസ് സർജറി വിജയകരമായി പൂർത്തിയാക്കിയത്. തന്നെ ജീവിതത്തിലേക്ക് തിരികെ നയിച്ച പ്രിയ സഹോദരനാണ് രമേഷ് പിഷാരടിയെന്ന് കണ്ണൻ വ്യക്തമാക്കുന്നു.

പൊതുയോഗത്തിനിടയിലെ വൈകാരികമായ കൂടിക്കാഴ്ചയിൽ, “ചേട്ടാ, ഇതൊരു സന്തോഷമുള്ള സദസ്സാണ്, ബാക്കിയുള്ളവർ വിഷമിക്കേണ്ട, ഒരു സീൻ ഉണ്ടാക്കരുത്. ചേട്ടൻ ഓക്കെയല്ലേ, ആരോഗ്യം സൂക്ഷിക്കണം, പ്രാർത്ഥനയുണ്ട്” എന്ന് പറഞ്ഞ് പിഷാരടി തന്നെ ആശ്വസിപ്പിച്ചതായും കണ്ണൻ ഓർക്കുന്നു. നടനും മിമിക്രി അസോസിയേഷൻ സംഘടനാ സെക്രട്ടറിയുമായ കലാഭവൻ ഷാജോണാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം പകർത്തിയത്. തന്നെയും കുടുംബത്തെയും സഹായിച്ച രമേഷ് പിഷാരടിയോടും മഹാനടൻ മമ്മൂട്ടിയോടും എന്നും കടപ്പെട്ടിരിക്കുമെന്നും അവരുടെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നുവെന്നും കണ്ണൻ സാഗർ കൂട്ടിച്ചേർത്തു.

കണ്ണൻ സാ​ഗറിന്റെ വാക്കുകൾ;

ജീവിത വഴിതാരകളിൽ പലമുഖങ്ങളും മാറിയും മറിഞ്ഞും വന്നുകൊണ്ടും ആവശ്യങ്ങളും അനാവശ്യങ്ങളും വിളമ്പി മാനസിക പിരിമുറുക്കങ്ങൾക്ക് വഴിയൊരുക്കി കടന്നുപോകും, അവിടേക്കു ഒരിക്കലും മറക്കാൻ പാടില്ലാത്ത ചിലമുഖങ്ങൾ പ്രതീക്ഷിക്കാതെയോ അവിചാരിതമായോ കടന്നുവരും അവരോട് തന്റെ വേവലാതികൾ പറഞ്ഞാൽ സഹായിക്കും സഹതപിക്കും സ്വാന്തനപ്പെടുത്തും എന്ന് നമ്മൾ ഉറച്ചു വിശ്വസിക്കും പക്ഷേ സമയവും കാലവും നോക്കണം അഭ്യർത്ഥനകൾക്ക്.

ഇവിടെയാണ് അത്ഭുതപ്പെടുത്തി ഏറ്റവും വിലപ്പെട്ട സമയങ്ങളിൽ ഊണും ഉറക്കവും സമയവും ആരോഗ്യവും നോക്കാതെ ഏറ്റവും സൂക്ഷ്മമായി വായിൽനിന്നും ഒരു അബദ്ധ വാക്കുകൽപോലും ഒരു ചലനം പോലും അതീവ ശ്രെദ്ധയോടെ പോകുന്ന ഒരു ജനപ്രതിനിധിയായി തിരഞ്ഞെടുപ്പിൽ നിൽക്കുന്ന ആരോപണ പ്രത്യാരോപണ വാക്കുകൾക്കു നിറപുഞ്ചിരിയാൽ മറുപടികൾ നൽകി ജനങ്ങൾക്ക്‌ ഒരു പ്രതിനിധിയായി നിൽക്കുന്ന സ്ഥാനാർഥി എങ്ങനെ ആവണം ആയിരിക്കണം എന്ന് പ്രവർത്തിയിലൂടെയും ജനങ്ങൾക്ക്‌ കാട്ടികൊടുത്തും അതിജീവിച്ചു പടപൊരുതി നിൽക്കുന്ന നേരത്താണ് ഞാനാ ഹൃദയ ശാസ്ത്രക്രിയയുമായി ബന്ധപ്പെട്ട ആവശ്യം ഒരു മെസേജിലൂടെ ഇട്ടത്. പക്ഷേ ഞെട്ടിച്ചുകളഞ്ഞു. അന്ന് അർദ്ധരാത്രിയോടെ മറുപടിയും തന്നു. തുടർ ചികിത്സ വാഗ്ധാനം നൽകി മലയാള സിനിമയുടെ ഏറ്റവും പ്രിയപ്പെട്ട സർവ്വശ്രീ ഭരത് പദ്മഭൂഷൻ മമ്മൂട്ടിയെന്ന മഹാനടന്റെ പേരിലുള്ള ഫൗണ്ടേഷനുമായി ബന്ധപ്പെടുത്തി ആലുവ രാജഗിരി ആശുപത്രിയിൽ വെച്ച് എന്റെ ഹൃദയശസ്ത്രക്രിയ പൂർത്തിയാക്കി. എന്നേ ജീവിതത്തിലേക്ക് നയിച്ച പ്രിയപ്പെട്ട സോദരനാണ് രമേഷ് പിഷാരടി.

മിമിക്രി അസോസിയേഷൻ വാർഷിക പൊതുയോഗത്തിൽ അദ്ദേഹം പങ്കെടുക്കാൻ വന്നു. ഞാൻ കണ്ടപാടേ മാസ്ക് വെച്ച മുഖത്തോടെ കെട്ടിപിടിച്ചു പൊട്ടികരഞ്ഞു. ചേട്ടാ ഒരു സന്തോഷം നിറഞ്ഞ സദസാണ് എല്ലാവരും സഹപ്രവർത്തകർ അവരും വിഷമിക്കണ്ടാ.. ഒരു സീൻ ഉണ്ടാക്കല്ല് ചേട്ടൻ ഓക്കെയല്ലേ ആരോഗ്യം സൂക്ഷിക്കണം. പ്രാർത്ഥനയുണ്ട്. എന്ന് പറഞ്ഞപ്പോൾ കണ്ണുകൾ തുടച്ചു ഒരു ഫോട്ടോക്ക് പോസ് ചെയ്തു. ഇത് എടുത്തത് മിമിക്രിക്കാരുടെ സ്വകാര്യ അഹങ്കാരമായ പ്രിയ നടനും സംഘടനാ സെക്രട്ടറികൂടിയായ കലാഭവൻ ഷാജോൺ ബായിയാണ്. ഇതിൽ പരം സന്തോഷവും സ്നേഹം ആസ്വദിക്കാൻ കഴിഞ്ഞ ജന്മത്തിൽ എന്ത് സുഹൃതമാണ് ചെയ്തത് എന്നുമറിയില്ല. പ്രിയ പിഷാരടിയും കുടുംബവും ആദരവ് നിറഞ്ഞ മഹാനടൻ മമ്മൂക്കായും ആയുരാരോഗ്യ സൗഖ്യമായി ഇരിക്കുവാൻ പ്രാർത്ഥനകൾ നേരുന്നു. ഞാനും കുടുംബവും എന്നും കടപ്പെട്ടിരിക്കുന്നു ശിരസ് നമിക്കുന്നു.