
“ഗുഡ് ഈവെനിംഗ് മിസിസ് പ്രഭ നരേന്ദ്രൻ………” മഞ്ഞിൽ വിരിഞ്ഞ പൂക്കളുമേന്തി മലയാള സിനിമയിലേക്ക് നടന്നു കയറിയൊരു പുതുമ നായികയോട് അന്നത്തെ പുതുമുഖ നടന്റെ ഏറ്റവും കടുപ്പമേറിയ വാക്കുകൾ. പിൽക്കാലത്ത് അയാൾ മലയാളത്തിന്റെ താരരാജാവായി മാറിയെങ്കിലും, ആ പെൺകുട്ടിയുടെ മലയാള സിനിമാ ജീവിതത്തിന് ഒരു മഞ്ഞു കാലത്തിന്റെ ദൂരമേ ഉണ്ടായിരുന്നുവൊള്ളൂ. ഏറ്റവും ചുരുങ്ങിയ കാലയളവിനുള്ളിൽ ലഭിച്ച കഥാപാത്രങ്ങൾക്കത്രയും തന്റേതായൊരടയാളം നൽകിയ, ഗ്ലാമർ വേഷങ്ങൾക്കപ്പുറം അഭിനയപ്രാധാന്യമുള്ളതും ആഴമുള്ളതുമായ കഥാപാത്രങ്ങളെ തിരഞ്ഞെടുത്ത പൂർണിമ ജയറാം, അഥവാ പൂർണിമ ഭാഗ്യരാജ്. മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നായികയ്ക്ക് സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.
പൂർണിമ ജയറാമിന്റെ വേരുകൾ തെന്നിന്ത്യയിലാണെങ്കിലും അവർ ജനിച്ചതും വളർന്നതും മുംബൈയിലായിരുന്നു. സ്വാഭാവികമായും ആ മെട്രോപൊളിറ്റൻ സംസ്കാരത്തിന്റെ ഭാഗമായ ഒരു ജീവിത ശൈലിയാണ് ആദ്യഘട്ടത്തിൽ അവർ സ്വീകരിച്ചിരുന്നത്. എന്നാൽ മനസുകൊണ്ട് ഒരു യഥാർത്ഥ തെന്നിന്ത്യൻ പെൺകുട്ടിയായിരുന്നു അവർ. കുടുംബമൂല്യങ്ങൾക്ക് ഏറെ വില കൽപ്പിച്ചിരുന്ന, കുറച്ച് ഒതുങ്ങിക്കൂടി കഴിയാൻ ഇഷ്ടപ്പെടുന്ന ഒരു കുട്ടി. എന്നാൽ അന്നത്തെ വേഗതയേറിയ മുംബൈ ജീവിതം അതിന് പാകത്തിലായിരുന്നില്ല എന്നതു കൊണ്ട് മാനസികമായി അതിനോട് അവർ പൊരുത്തപ്പെട്ടിരുന്നില്ല എന്നാണ് അക്കാലത്ത് അവരോട് അടുപ്പമുണ്ടായിരുന്ന ചലച്ചിത്ര പ്രവർത്തകരിൽ നിന്ന് ലഭിച്ച വിവരം.
പൂർണിമയെക്കുറിച്ച് പുറത്തറിയാത്ത ഒരു കഥയുണ്ട്; അവർ ബോളിവുഡിന്റെ ഡ്രീം ഗേൾ ആയ ഹേമമാലിനിയുടെ സഹായിയായിരുന്നു. മുംബൈയിലെ പല സിനിമാ ചർച്ചകളിലും ഹേമയുടെ പ്രതിനിധിയായി പങ്കെടുത്തത് പൂർണിമയായിരുന്നു. അക്കാലത്ത് ചില ഹിന്ദി പടങ്ങളിൽ മിന്നി മറയുന്ന റോളുകളിൽ അഭിനയിച്ചെങ്കിലും ആരും അവരെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് ചില തെലുങ്ക് പടങ്ങളിലും അഭിനയിച്ചെങ്കിലും പൂർണ്ണിമയുടെ ജാതകം തെളിഞ്ഞത് നവോദയ നിർമിച്ച് ഫാസിൽ സംവിധാനം ചെയ്ത ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലൂടെയാണ്. കെ.ബാലചന്ദറിന്റെ ഒരു സിനിമയ്ക്കായി സ്ക്രീൻ ടെസ്റ്റ് വരെ കഴിഞ്ഞ പൂർണിമ തമിഴ് സിനിമയിലൂടെയാവും തന്റെ അരങ്ങേറ്റമെന്ന് കരുതിയെങ്കിലും ആ പടം തുടങ്ങാൻ വൈകി. ഈ ഗ്യാപ്പിലാണ് നവോദയയുടെ ഓഫർ വരുന്നത്.
‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ൽ അഭിനയിക്കണോ എന്ന കാര്യത്തിൽ പൂർണിമയ്ക്ക് ആദ്യം കടുത്ത ആശയക്കുഴപ്പമായിരുന്നു. കാരണം അന്ന് അവർക്ക് ഒരു മലയാളം വാക്ക് പോലും അറിയില്ലായിരുന്നു. എന്നാൽ നവോദയ എന്ന കമ്പനിയുടെ മഹത്വം ഓർത്താണ് അവർ ഒടുവിൽ സമ്മതം മൂളിയത്. പിന്നീട് സിനിമയുടെ സെറ്റിൽ വന്ന് കഠിനാധ്വാനത്തിലൂടെ കേവലം ഒരു മാസം കൊണ്ട് മലയാളം ഒഴുക്കോടെ സംസാരിക്കാൻ അവർ പഠിച്ചു. മലയാള സിനിമാ ചരിത്രത്തെ തന്നെ മാറ്റിമറിച്ച ഈ ക്ലാസിക് ചിത്രത്തിലൂടെ ശങ്കറും മോഹൻലാലും പൂർണിമയും മുഖ്യധാര സിനിമയിലെത്തി. ചിത്രത്തിലെ ‘പ്രഭ’ എന്ന കഥാപാത്രം പ്രേക്ഷകമനസ്സുകളിൽ ഇന്നും ജീവസ്സുറ്റതായി നിൽക്കുന്നു. പ്രണയത്തിന്റെ ആർദ്രതയും വിരഹത്തിന്റെ നോവും ഒരുപോലെ പ്രതിഫലിപ്പിച്ച ആ കഥാപാത്രം പൂർണിമയുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ്. ശങ്കർ അവതരിപ്പിച്ച പ്രേം കിഷോറുമായുള്ള പ്രണയരംഗങ്ങളും, മോഹൻലാലിന്റെ നരേന്ദ്രൻ എന്ന വില്ലൻ കഥാപാത്രം സൃഷ്ടിക്കുന്ന സംഘർഷങ്ങളും അവർ അതിമനോഹരമായി സ്ക്രീനിൽ എത്തിച്ചു. ചിത്രത്തിലെ “മിഴിയോരം നനഞ്ഞൊഴുകും…” എന്ന ഗാനം പൂർണിമയുടെ അഭിനയ മികവ് കൊണ്ട് കൂടിയാണ് ഇന്നും മലയാളി നെഞ്ചേറ്റുന്ന ദൃശ്യവിരുന്നായി നിലനിൽക്കുന്നത്. ഒരു തുടക്കക്കാരിയുടെ പരിഭ്രമങ്ങളൊന്നുമില്ലാതെ വളരെ പക്വതയാർന്ന പ്രകടനമാണ് അവർ കാഴ്ചവെച്ചത്. ആദ്യ സിനിമയ്ക്ക് തന്നെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും പൂർണിമയെ തേടിയെത്തി.
അതിനുശേഷം പൂർണിമയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. തമിഴിലും മലയാളത്തിലുമായി നിറയെ അവസരങ്ങൾ വന്നു ചേർന്നു. മൂന്ന് വർഷത്തിനുള്ളിൽ നാൽപ്പത്തിരണ്ടിലേറെ സിനിമകളിൽ അവർ അഭിനയിച്ചു. വർഷത്തിൽ 365 ദിവസവും അഭിനയിക്കുകയായിരുന്നുവെന്ന് പൂർണ്ണിമ പറയും; പക്ഷേ അതൊരു ജോലിയായി തോന്നിയിരുന്നില്ലെന്നും ആ കാലം താൻ ഏറെ ആസ്വദിച്ചതായും അവർ കൂട്ടിച്ചേർക്കും. ഫാസിൽ തന്നെ ഒരുക്കിയ ‘എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്’ എന്ന പടത്തിൽ ലാലും പൂർണിമയും വീണ്ടും ജോഡിയായപ്പോൾ അത് ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’നെ മറികടക്കുന്ന വൻ വിജയമായി മാറി. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾക്ക്’ അവർ 25 ദിവസത്തെ ഡേറ്റാണ് ആവശ്യപ്പെട്ടത്. കൊടൈക്കനാലിലായിരുന്നു ലൊക്കേഷൻ. ഒരു വെക്കേഷൻ ടൂർ പോകുന്ന സന്തോഷത്തോടെയാണ് അന്ന് ആ സിനിമ പൂർത്തിയാക്കിയത്.
തുടർന്ന് ബാലുമഹേന്ദ്ര സംവിധാനം ചെയ്ത ‘ഓളങ്ങൾ’ എന്ന ചിത്രത്തിലെ പ്രകടനം പൂർണിമ എന്ന നടിയുടെ കരിയറിലെ മറ്റൊരു നാഴികക്കല്ലായി മാറി. സങ്കീർണ്ണമായ കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിൽ ശാന്തതയും ആത്മസംയമനവുമുള്ള ഒരു ഭാര്യയുടെയും അമ്മയുടെയും വേഷമാണ് അവർ കൈകാര്യം ചെയ്തത്. അമോൽ പലേക്കർ, സറീന വഹാബ് എന്നിവർക്കൊപ്പം അഭിനയിക്കുമ്പോഴും തന്റെ കഥാപാത്രത്തിന്റെ വ്യക്തിത്വം കാത്തുസൂക്ഷിക്കാൻ അവർക്ക് കഴിഞ്ഞു. ഈ ചിത്രത്തിലെ “തുമ്പീ വാ തുമ്പക്കുടത്തിൽ…” എന്ന അനശ്വര ഗാനം കേൾക്കുമ്പോഴൊക്കെ മലയാളി ആദ്യം ഓർക്കുന്നത് പൂർണിമയുടെ മുഖമാണ്. കേവലം ഡയലോഗുകളിലൂടെയല്ല, മറിച്ച് കണ്ണുകളിലൂടെയും സൂക്ഷ്മമായ മുഖഭാവങ്ങളിലൂടെയും വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള അവരുടെ കഴിവ് ഈ ചിത്രത്തിൽ വ്യക്തമായിരുന്നു.
പൂർണിമയുടെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായിരുന്നു ‘ഊമക്കുയിൽ’ എന്ന ചിത്രത്തിലെ കഥാപാത്രം. സംഭാഷണങ്ങളുടെ സഹായമില്ലാതെ, ഒരു ഊമപ്പെൺകുട്ടിയുടെ ആന്തരിക സംഘർഷങ്ങളും പ്രണയവും വേദനയുമെല്ലാം കേവലം ആംഗ്യങ്ങളിലൂടെയും ഭാവങ്ങളിലൂടെയും മാത്രം പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നത് കഠിനമായ ഒന്നാണ്. എന്നാൽ തികഞ്ഞ പ്രൊഫഷണലിസത്തോടെ ആ വേഷം പൂർണിമ അനശ്വരമാക്കി. ‘ആ രാത്രി’, ‘ഇതിരി നേരം ഒത്തിരി കാര്യം’, ‘കിലുകിലുക്കം’, ‘പിൻ നിലാവ്’, ‘പ്രശ്‌നം ഗുരുതരം’, ‘വെറുതെ ഒരു പിണക്കം’, ‘കാര്യം നിസാരം’, ‘കേൾക്കാത്ത ശബ്ദം’, ‘ഒന്നാണ് നമ്മൾ’, ‘അഹിംസ’ തുടങ്ങി എത്രയോ സൂപ്പർഹിറ്റ് സിനിമകളിൽ അവരുടെ അവിസ്മരണീയമായ സാന്നിധ്യമുണ്ടായിരുന്നു. എൺപതുകളിലെ മലയാള സിനിമയിലെ ഏറ്റവും ജനപ്രിയ പ്രണയ ജോഡികളായിരുന്നു ശങ്കറും പൂർണിമയും. ഇവർ ഒന്നിച്ച ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസിൽ വൻ വിജയങ്ങളാണ് നേടിയത്. യുവാക്കൾക്കിടയിൽ ഇവർക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ടായിരുന്നു. മോഹൻലാലുമൊത്തുള്ള ചിത്രങ്ങളിലും മികച്ച കെമിസ്ട്രിയാണ് പൂർണിമ കാഴ്ചവെച്ചത്.
സിനിമയിൽ സജീവമായിരുന്ന ചുരുങ്ങിയ കാലയളവിൽ പൂർണിമ ചെയ്ത കഥാപാത്രങ്ങളുടെ വൈവിധ്യവും നിലവാരവും പരിശോധിച്ചാൽ, എന്തുകൊണ്ട് അവർ ഇന്നും പ്രേക്ഷക മനസ്സുകളിൽ ഒരു സൂപ്പർ നായികയായി നിലനിൽക്കുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കും. ഒരു നടിക്ക് സിനിമയിൽ സ്വന്തമായ അടയാളപ്പെടുത്തലുകൾ നടത്താൻ പതിറ്റാണ്ടുകൾ നീണ്ട കരിയർ വേണമെന്നില്ല, മറിച്ച് ചെയ്യുന്ന വേഷങ്ങളോടുള്ള പൂർണ്ണമായ സമർപ്പണം ഉണ്ടായാൽ മതിയെന്ന് പൂർണിമ തെളിയിച്ചു. തമിഴ് ചലച്ചിത്ര രംഗത്തെ പ്രശസ്ത നടനും സംവിധായകനുമായ കെ. ഭാഗ്യരാജുമായുള്ള വിവാഹത്തോടെയാണ് പൂർണിമ സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നത്. ഭാഗ്യരാജുമായുള്ള വിവാഹ ശേഷം അഭിനയ രംഗം ഉപേക്ഷിച്ചെങ്കിലും ഇന്നും ടെലിവിഷൻ ചാനലുകളിലും യൂട്യൂബിലും ആവർത്തിച്ച് കാണുന്ന സിനിമകളിലൂടെ അവർ മലയാളി മനസ്സിലുണ്ട്.
പിന്നീട് നീണ്ട വർഷങ്ങൾക്ക് ശേഷം ‘ഇതു നമ്മ ആള്’ എന്ന ചിത്രത്തിലൂടെയും, മറ്റ് തെന്നിന്ത്യൻ സിനിമകളിലൂടെയും അമ്മ വേഷങ്ങളിൽ അവർ തിരിച്ചുവരവ് നടത്തിയപ്പോഴും മലയാളികൾ അതേ സ്നേഹത്തോടെയാണ് അവരെ സ്വീകരിച്ചത്. പ്രായം നൽകിയ പക്വതയിലും അവരുടെ ആ പഴയ നുണക്കുഴിച്ചിരിക്ക് ഒട്ടും മങ്ങലേറ്റില്ല എന്ന് പ്രേക്ഷകർ തിരിച്ചറിഞ്ഞു. സിനിമയുടെ കാലഘട്ടങ്ങളും ശൈലികളും മാറുമ്പോഴും പൂർണിമ ഭാഗ്യരാജ് എന്ന പേരിന് മലയാള സിനിമാ ചരിത്രത്തിൽ സവിശേഷമായ സ്ഥാനമുണ്ട്. മലയാളിയുടെ സിനിമാസ്വാദനത്തിന്റെ ഒരു സുവർണ്ണകാലത്തെയാണ് അവർ പ്രതിനിധീകരിക്കുന്നത്. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഈ പ്രിയ നായികയ്ക്ക് ആയുസ്സും ആരോഗ്യവും നേരുന്നതിനൊപ്പം, അവർ സമ്മാനിച്ച മികച്ച കഥാപാത്രങ്ങൾക്കും ഓർമ്മകൾക്കും മലയാളി പ്രേക്ഷകർ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു.