
സാമ്പത്തികമായി സ്വയം പര്യാപ്തരായ ശേഷം മാത്രം മതി വിവാഹമെന്ന് തുറന്നടിച്ച് നടി കങ്കണ റണാവത്. ഗ്രേറ്റര്‍ നോയിഡയിലേയും ഭോപ്പാലിലേയും യുവതികളുടെ മരണം രാജ്യത്ത് ചര്‍ച്ചയാകുമ്പോഴാണ് കങ്കണയുടെ പ്രതികരണം. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം.
‘വിവാഹിതരായ യുവതികളെക്കുറിച്ചുള്ള നിരവധി വേദനാജനകമായ വാര്‍ത്തകള്‍ എല്ലാ ദിവസവും വരുന്നു. ഈ യുവ വിദ്യാസമ്പന്നരായ യുവതികളില്‍ പലരും ദുരന്തങ്ങള്‍ സംഭവിക്കുന്നതിനുമുമ്പ് ഞെരുങ്ങുന്ന സാഹചര്യങ്ങളില്‍ നിന്ന് അവരെ രക്ഷിക്കാന്‍ മാതാപിതാക്കളോട് അഭ്യര്‍ത്ഥിക്കാറുണ്ട്, പക്ഷേ ഇന്ത്യന്‍ സമൂഹം വിവാഹിതരായ പെണ്‍മക്കളെ ഉപേക്ഷിക്കുന്നതില്‍ പ്രസിദ്ധമാണ്. നിങ്ങളുടെ കരിയര്‍ നിങ്ങളുടെ ജീവിതത്തിലെ മറ്റൊരാളെക്കാളും പ്രധാനമാണ്. സ്വതന്ത്രയായതിന് ശേഷം മാത്രം വിവാഹത്തെക്കുറിച്ച് ചിന്തിക്കുക.” കങ്കണ കുറിച്ചു.
”സോഷ്യല്‍ മീഡിയയോ ഫാഷന്‍/ഡേറ്റിംഗ്/വിവാഹ/മേക്കപ്പ് വ്യവസായമോ നിങ്ങളോട് പറയാത്ത ഒരു ഉപദേശമാണിത്. ദയവായി, നിങ്ങള്‍ സ്വയം നായികയാകണം. നിങ്ങളെ രക്ഷിക്കാന്‍ ആരും വരില്ല. നിങ്ങള്‍ ആരായിരിക്കുന്നു, നിങ്ങള്‍ എന്താണ് ചെയ്യുന്നത് എന്നത് നിങ്ങള്‍ ആരെ വിവാഹം കഴിക്കുന്നു എന്നതിനേക്കാള്‍ പ്രധാനമാണ്. നിങ്ങള്‍ക്ക് വേണ്ട ഒരു ജീവിതം കെട്ടിപ്പടുക്കുക. ആരുടെയും ഉപദേശം കേള്‍ക്കരുത്.” കങ്കണ കൂട്ടിച്ചേർത്തു.
ഗ്രേറ്റര്‍ നോയിഡയിലേയും ഭോപ്പാലിലേയും യുവതികളുടെ മരണം രാജ്യത്ത് ചര്‍ച്ചയാണ്. ഭോപ്പാലില്‍ ട്വിഷ എന്ന മോഡലും നോയിഡയില്‍ ദീപിക എന്ന യുവതിയും ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇരു ആത്മഹത്യയ്ക്ക് പിന്നിലും ദാമ്പത്യപ്രശ്‌നങ്ങളാണെന്നാണ് ആരോപണം.
രണ്ട് മാസം ഗര്‍ഭിണിയായിരുന്നു മരിക്കുമ്പോള്‍ ട്വിഷ. സ്വവസതിയില്‍ തൂങ്ങി മരിക്കുകയായിരുന്നു യുവതി. ജോലി സംബന്ധമായും മറ്റും ഭര്‍ത്താവിന്റെ വീട്ടുകാരുടെ സമ്മര്‍ദ്ധമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ട്വിഷയുടെ കുടുംബം ആരോപിക്കുന്നത്. 24-കാരിയായ ദീപിക വിവാഹം കഴിച്ച് മാസങ്ങള്‍ മാത്രമേ ആയിരുന്നുള്ളൂ. കെട്ടിടത്തിന് മുകളില്‍ നിന്നും ചാടിയാണ് ആത്മഹത്യ ചെയ്തത്. സ്ത്രീധന പീഡനമാണ് ദീപികയുടെ കാരണമെന്നാണ് കുടുംബം ആരോപിച്ചത്.