ചിന്തയില്ലാതെ ചിരിപ്പിക്കും കനകം കാമിനി കലഹം

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ഒരുക്കിയ രണ്ടാമത്തെ സിനിമയാണ് കനകം കാമിനി കലഹം. മുന്‍വിധികളില്ലാതെ സമീപിക്കാവുന്ന തീര്‍ത്തും എന്റര്‍ടെയ്‌നറാണ് ചിത്രം. സിനിമ അണിയിച്ചൊരുക്കിയതില്‍ പുതുമയുണ്ട്. അണിയറ പ്രവര്‍ത്തകരുടെ പേരുകള്‍ എഴുതി കാട്ടുന്നതിലുള്‍പ്പെടെ നാടകത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലായിരുന്നു സിനിമയുടെ തുടക്കം. നേരത്തെ തന്നെ ട്രെയിലറില്‍ കണ്ട തമാശയുടെ മുഴുനീള പാക്കേജായാണ് ചിത്രമൊരുക്കിയിട്ടുള്ളത്. നാടകീയമായ തിരക്കഥയ്ക്ക് പ്രേക്ഷകരെ പിടിച്ചിരുത്താന്‍ അതേ രീതിയിലുള്ള അഭിനയസാധ്യതകളെയാണ് സംവിധായകന്‍ കൂട്ടുപിടിച്ചിട്ടുള്ളത്. കാര്‍ട്ടൂണ്‍ കോമഡികളോടെല്ലാം ഉപമിക്കാവുന്ന ജോണര്‍ ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ച് ചിത്രം ആസ്വദിക്കാം. മറിച്ച് അഭിപ്രായമുള്ളവരുമുണ്ടാകാം. കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ട ചിത്രം ചിന്ത മാറ്റിവെച്ച് ചിരിപ്പിക്കാനുള്ള വക നല്‍കുന്നുണ്ട്. ചിരിയുടെ മേമ്പൊടി ഇല്ലെങ്കില്‍ തീര്‍ച്ചയായും വിരസമായ കാഴ്ച്ച മാത്രമായി ചിത്രം അവസാനിക്കുമായിരുന്നു. ടൈമിംഗ് കോമഡികളും കഥാപാത്രങ്ങളുടെ ആക്റ്റിംഗ് ശൈലിയും തന്നെയാണ് ചിത്രത്തിന് ജീവന്‍ നല്‍കിയത്. സിനിമയുടെ രസച്ചരട് പൊട്ടാതിരിക്കാനായി കൊണ്ടുവന്ന ശ്രമമാണെങ്കിലും ഇടയ്‌ക്കെല്ലാം ക്ലീഷേകള്‍ കടന്നു കൂടിയിട്ടുണ്ട്. ശകതമായ തിരക്കഥയല്ലാതിരുന്നിട്ട് കൂടി താരങ്ങളുടെ പ്രകടനത്താല്‍ ചിത്രത്തെ പിടിച്ചിരുത്താനാണ് സംവിധായകന്‍ ശ്രമിച്ചിട്ടുള്ളത്. പലപ്പോഴും അതിനാടകീയത കടന്നു കൂടുന്ന രംഗങ്ങള്‍ കൊണ്ട് തന്നെ സംവിധായകന്‍ പരീക്ഷണമൊരുക്കുകയായിരുന്നു. അത് പക്ഷേ എല്ലാതരം പ്രേക്ഷകരേയും സംതൃപ്തിപ്പെടുത്തുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

നിവിന്‍പോളിയുടെ പവിത്രന്‍ എന്ന കഥാപാത്രവും ഭാര്യ വേഷത്തിലെത്തുന്ന ഗ്രേസ് ആന്റണിയുടെ ഹരിപ്രിയയുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. ഹരിപ്രിയ ഒരു സീരിയല്‍ ആര്‍ട്ടിസ്റ്റാണ്. പവിത്രന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റാണ്. കലഹം തീര്‍ക്കാന്‍ വിനോദയാത്ര പോയി മൂന്നാറിലെ റിസോര്‍ട്ടില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. തമാശരംഗങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടി മാത്രമുണ്ടാക്കിയ കഥാപാത്രങ്ങളാല്‍ സിനിമ മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. നിവിന്‍പോളിയ്ക്ക് കാര്യമായി ഒന്നും ചെയ്യാനില്ലാത്ത ചിത്രത്തില്‍ ഗ്രേസ് ആന്റണി മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. വിന്‍സി അലോഷ്യസ് ഒരു മികച്ച അഭിനേത്രിയാണെന്നും കൂടുതല്‍ സാധ്യതകളുണ്ടെന്നും തെളിയിച്ചു. മനാഫ് ഖാനായി തിളങ്ങിയ രാജേഷ് മാധവന്റെ പ്രകടനം, ജാഫര്‍ ഇടുക്കി, ജോയ് മാത്യു, സുധീഷ്, ശിവദാസ് കണ്ണൂര്‍ ഇവരുടെയെല്ലാം പ്രകടനം നന്നായിരുന്നു. നിവിന്‍പോളി സിനിമയാണെന്ന് തോന്നുമെങ്കിലും ചിത്രത്തില്‍ ഒരുപടി മുകളില്‍ വിനയ് ഫോര്‍ട്ടിന് സാധ്യതയുള്ള കഥാപാത്രം മനോഹരമായി അവതരിച്ചു. യാക്‌സന്‍ ഗാരി പെരേരയുടെയും നേഹ നായരുടേതുമാണ് സംഗീതം. വിനോദ് ഇല്ലമ്പള്ളിയുടെ ക്യാമറ പ്രേക്ഷകരെ മൊത്തത്തില്‍ സിനിമയുടെ മൂഡിലേക്ക് എത്തിക്കുന്നുണ്ട്. ദാമ്പത്യജീവിതത്തിലെ താളപ്പിഴകളുടെ കഥ പറയുന്ന ചിത്രം ദാമ്പത്യത്തിലെ വിള്ളലുകളെ ചൂണ്ടികാണിക്കുന്ന ചെറിയ ഒരു ചിന്ത കൂടെ അവശേഷിപ്പിച്ചാണ് അവസാനിക്കുന്നത്.