‘തുറമുഖം ‘റിലീസ് പ്രഖ്യാപിച്ചു

രാജീവ് രവി സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായെത്തുന്ന തുറമുഖത്തി റിലീസ് പ്രഖ്യാപിച്ചു.ചിത്രം ഡിസംബര്‍ 24-ന് ക്രിസ്മസ് റിലീസായി തിയേറ്ററിലെത്തും.

വായടക്കപ്പെട്ടോരുടെ വാക്കാണ് കലാപം എന്ന തലവാചകത്തോടെ ആയിരുന്നു ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്യ്തിരുന്നത്.നിവിന്‍ പോളി(മൊയ്തു),ജോജു ജോര്‍ജ്(മൈമു),പൂര്‍ണിമ ഇന്ദ്രജിത്ത്(ഉമ്മ),ഇന്ദ്രജിത്ത് സുകുമാരന്‍(സാന്റോ ഗോപാലന്‍),നിമിഷ സജയന്‍(ഉമ്മാണി ), ദര്‍ശന രാജേന്ദ്രന്‍, അര്‍ജുന്‍ അശോകന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

അമ്പതുകളില്‍ കൊച്ചി തുറമുഖത്ത് ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റത്തെ ആസ്പദമാക്കിയാണ് തുറമുഖം. തൊഴിലാളി ചരിത്രത്തിലെ നിര്‍ണായക മുന്നേറ്റമായി കണക്കാക്കുന്ന ഈ സംഭവത്തെ ആസ്പദമാക്കി കെ എം ചിദംബരം രചിച്ച നാടകത്തെ ഉപജീവിച്ച് മകനും നാടകപ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഗോപന്‍ ചിദംബരം രചന നിര്‍വഹിക്കുന്ന ചിത്രവുമാണ് തുറമുഖം.

ബിഗ് ബജറ്റ് ചിത്രമായ ‘തുറമുഖം’ കണ്ണൂരിലും കൊച്ചിയിലുമായാണ് ചിത്രീകരിച്ചത്. കൊവിഡ് ഭീതിയൊഴിഞ്ഞാല്‍ റിലീസ് കാത്തിരിക്കുന്ന പ്രധാന പ്രൊജക്ടുകളിലൊന്നാണ് തുറമുഖം. രാജീവ് രവി തന്നെയാണ് തുറമുഖം ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സുകുമാര്‍ തെക്കേപ്പാട്ട് ആണ് നിര്‍മ്മാണം.

വിഖ്യാതമായ റോട്ടര്‍ഡാം ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ സിനിമയുടെ വേള്‍ഡ് പ്രിമിയര്‍ നടന്നിരുന്നു. ബിഗ് സ്‌ക്രീന്‍ മത്സരവിഭാഗത്തിലാണ് തുറമുഖം പ്രദര്‍ശിപ്പിച്ചത്. പിരീഡ് ഡ്രാമ കൂടിയാണ്. മേയ് 13നായിരുന്നു തുറമുഖം റിലീസ് ചെയ്യാനിരുന്നത്. മൂത്തോന്‍ എന്ന ചിത്രത്തിന് പിന്നാലെ നിവിന്‍ പോളി എന്ന നടന്റെ മികച്ച പ്രകടനം പ്രതീക്ഷിക്കാവുന്ന സിനിമയായിരിക്കും തുറമുഖം എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിവിന്‍ പോളി നായകനായെത്തിയ കനകം കാമിനി കലഹം ഇന്നാണ് ഒടിടിയിലുടെ റിലീസ് ആയത്.മികച്ച പ്രതികരണം നേടി ചിത്രം പ്രദര്‍ശനം തുടരുകയാണ്.