മമ്മൂട്ടിയുടെ മകനായിട്ടും ദുല്‍ഖറും പട്ടിണി കിടന്നു

മമ്മൂട്ടിയുടെ മകനായിട്ടും ദുല്‍ഖര്‍ പട്ടിണി കിടന്നിട്ടുണ്ടെന്ന് നടി സുരഭി ലക്ഷ്മി. ‘കുറുപ്പ്’ എന്ന സിനിമയിലഭിനയിച്ച അനുഭവം സെല്ലുലോയ്ഡിനോട് പങ്കുവെയ്ക്കുകയായിരുന്നു സുരഭി. ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം നേടിയ ശേഷം അനുവദിച്ച അഭിമുഖത്തിലാണ് താരം ദുല്‍ഖറുമൊന്നിച്ചുള്ള ചിത്രീകരണ വിശേഷം പങ്കുവെച്ചത്. ‘കുറുപ്പ്’ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ കുഞ്ഞമ്മായി എന്ന കഥാപാത്രമായാണ് സുരഭി എത്തിയത്. ഗുജറാത്തിലും ബോംബെയിലുമായി എട്ട് ദിവസത്തോളെ ചിത്രീകരണമുണ്ടായെന്ന് സുരഭി പറഞ്ഞു. വളരെ സ്വീറ്റായിട്ടുള്ള ആളാണ് ദുല്‍ഖര്‍ സല്‍മാന്‍ എന്ന് സുരഭി.സഹതാരമെന്ന രൂപത്തില്‍ വലിയ പിന്തുണയാണ് ദുല്‍ഖര്‍ നല്‍കിയത്. ‘ചിത്രീകരണത്തിനിടെ ദുല്‍ഖറിന് ഭക്ഷണം കൊടുക്കുന്ന രംഗമുണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ പട്ടിണി കിടന്നിട്ടുണ്ടോ എന്ന് ദുല്‍ഖറിനോട് ചോദിച്ചു. ദുല്‍ഖറിന്റെ ഉത്തരം ശരിയ്ക്കും ഞെട്ടിച്ചു. ആ കിടന്നിട്ടുണ്ട്. പഠിയ്ക്കുന്ന സമയത്ത് പണം ചോദിയ്ക്കാന്‍ മടി ആയതിനാല്‍ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുമായിരുന്നു’. എന്നായിരുന്നു ഉത്തരം. മമ്മൂച്ചി എന്ന മഹാനടന്റെ മകന്‍ പട്ടിണികിടന്നെന്ന് അറിഞ്ഞത് അത്ഭുതമായെന്നും സുരഭി കൂട്ടി ചേര്‍ത്തു.

ബോംബെയില്‍ താമസമാക്കിയ കുഞ്ഞമ്മായിയ്‌ക്കൊപ്പം എയര്‍ ഫോഴ്‌സില്‍ ചേരാന്‍ പോയ ദുല്‍ഖറിന്റെ കഥാപാത്രം എത്തുന്നതും, പിന്നീട് ഒളിവില്‍ കഴിയാനെത്തുന്നതുമായ രംഗങ്ങളാണ് ചിത്രത്തിലുള്ളത്. ജ്വാലാമുഖി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുരഭിലക്ഷ്മിക്ക് ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം ലഭിച്ചത്. പദ്മ, കള്ളന്‍ ഡിസൂസ, സ്വര്‍ഗം തുറക്കുന്ന സമയം, അവള്‍, തുടങ്ങീ ഒരുപിടി ചിത്രങ്ങളാണ് സുരഭിയുടേതായി പുറത്തിറങ്ങാനുള്ളത്. കുറുപ്പ് എന്ന ശ്രീനാഥ് രാജേന്ദ്രന്റെ ദുല്‍ഖര്‍ ചിത്രത്തിന് തിയേറ്ററുകളില്‍ നല്ല സ്വീകാര്യതയാണ് ലഭിച്ചത്. ആറുകോടിയോളം രൂപ ആദ്യ ദിവസം തന്നെ കലക്ഷനായി ചിത്രത്തിന് ലഭിച്ചെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്.