‘കൊട്ടും കുഴല്‍വിളി’-കാലാപാനിയില്‍ നിന്ന് നീക്കം ചെയ്ത ഗാനം പുറത്തിറങ്ങി

മലയാള സിനിമയിലെ എക്കാലത്തേയും ക്ലാസിക് ഹിറ്റുകളില്‍ ഒന്നാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ കാലാപാനി. പ്രിയദര്‍ശന്റെ കഥയില്‍ ചിത്രത്തിന് തിരക്കഥയൊരുക്കിയത് ടി. ദാമോദരനാണ്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി ഇറങ്ങിയ ചിത്രം വന്‍വിജയമായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും സൂപ്പര്‍ ഹിറ്റുകളായിരുന്നു. ‘ആറ്റിറമ്പിലെ കൊമ്പിലെ’, ‘ചെമ്പൂവേ പൂവേ’, ‘മാരിക്കൂടിനുളളില്‍, എന്നീ ഗാനങ്ങള്‍ ചിത്രം പുറത്തിറങ്ങി വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഇന്നും പ്രേക്ഷകര്‍ ആസ്വദിക്കുന്നു.

എന്നാല്‍ ഗിരീഷ് പുത്തഞ്ചേരി എഴുതിയ എം.ജി ശ്രീകുമാറും ചിത്രയും ചേര്‍ന്ന് ആലപിച്ച ‘കൊട്ടുംകുഴല്‍വിളി’ എന്ന് തുടങ്ങുന്ന ഗാനം സമയപരിമിതി മൂലം ചിത്രത്തിന്റെ മലയാളം പതിപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ ആ ഗാനരംഗം പുറത്തുവിട്ടിരിക്കുകയാണ്. മോഹന്‍ലാലും തബുവും തമ്മിലുള്ള മനോഹര പ്രണയമാണ് ഗാനരംഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.